Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്താരാഷ്ട്ര സർവീസുകളിൽ സൗദിയക്ക് പുതിയ റെക്കോർഡ് 

റിയാദ് - കഴിഞ്ഞ വർഷം അന്താരാഷ്ട്ര സർവീസ് യാത്രക്കാരുടെ എണ്ണത്തിൽ പതിനൊന്നു ശതമാനം വർധനവ് കൈവരിക്കുന്നതിന് സൗദി അറേബ്യൻ എയർലൈൻസിന് സാധിച്ചതായി കണക്ക്. പുതിയ സെക്ടറുകളിലേക്ക് സർവീസുകൾ ആരംഭിച്ചതും യാത്രക്കാരിൽനിന്ന് വർധിച്ച ആവശ്യമുള്ള സെക്ടറുകളിലേക്കുള്ള സർവീസുകളും സീറ്റ് ശേഷിയും വർധിപ്പിച്ചതുമാണ് റെക്കോർഡ് നേട്ടം കൈവരിക്കുന്നതിന് കമ്പനിയെ സഹായിച്ചത്. 
സൗദിയയുടെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ആഭ്യന്തര സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തെ മറികടന്നു. അന്താരാഷ്ട്ര സർവീസുകൾ വ്യാപിപ്പിക്കുന്നതിനും അന്താരാഷ്ട്ര വിമാന കമ്പനികൾക്കിടയിൽ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര വ്യോമയാന വിപണിയിൽ വിഹിതം വർധിപ്പിക്കുന്നതിനുമുള്ള സൗദിയയുടെ നീക്കമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സൗദിയയുടെ അന്താരാഷ്ട്ര സർവീസുകളിൽ 1.7 കോടിയിലേറെ പേരും ആഭ്യന്തര സർവീസുകളിൽ 1.6 കോടിയിലേറെ പേരും യാത്ര ചെയ്തു. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിൽ സൗദിയയിൽ 2018 ൽ ആകെ 3.4 കോടിയിലേറെ പേർ യാത്ര ചെയ്തു. കഴിഞ്ഞ കൊല്ലം ആകെ 2,14,000 ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളാണ് കമ്പനി നടത്തിയത്. സൗദിയക്കു കീഴിലെ 154 വിമാനങ്ങൾ അഞ്ചു ലക്ഷം മണിക്കൂർ ആകാശത്ത് പറന്നു. 
വിമാനങ്ങൾക്കകത്ത് യാത്രക്കാർക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങൾ നൽകുന്ന സേവനം കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചിട്ടുണ്ടെന്ന് സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. യൂറോപ്പിലെ തെരഞ്ഞെടുത്ത സെക്ടറുകളിലേക്കുള്ള സർവീസുകളിലാണ് ഈ സേവനം നിലവിലുള്ളത്. ഈ വർഷം കൂടുതൽ സെക്ടറുകളിലെ സർവീസുകളിലേക്ക് സേവനം വ്യാപിപ്പിക്കും. സൗദിയയുടെ ഏതാനും വിമാനങ്ങളിൽ ആധുനിക ടെലികോം സേവനവും അതിവേഗ ഇന്റർനെറ്റ് സേവനവും തത്സമയ ടെലിവിഷൻ ചാനൽ സംപ്രേക്ഷണ സേവനവും ആരംഭിച്ചിട്ടുണ്ട്. പടിപടിയായി സൗദിയയുടെ എല്ലാ വിമാനങ്ങളിലും ഈ സേവനങ്ങൾ ലഭ്യമാക്കും. 
ഈ വർഷം കൂടുതൽ വലിയ വളർച്ച കൈവരിക്കുന്നതിന് സാധിക്കുമെന്നാണ് കരുതുന്നത്. പരിവർത്തന പദ്ധതിക്കും എസ്.വി 2020 സ്ട്രാറ്റജിക്കൽ പ്ലാനിനും 2015 മധ്യത്തിൽ തുടക്കമിട്ടിട്ടുണ്ട്. പരിവർത്തന പദ്ധതിയുടെ ഭാഗമായി സൗദിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന നവീകരണ പദ്ധതിക്ക് തുടക്കമിട്ടു. 2020 അവസാനത്തോടെ കമ്പനിക്കു കീഴിലെ വിമാനങ്ങളുടെ എണ്ണം 200 ആയി ഉയർത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തിനിടെ 75 ലേറെ പുതിയ വിമാനങ്ങൾ സൗദിയക്ക് ലഭിച്ചിട്ടുണ്ട്. പുതിയ വിമാനങ്ങൾ ലഭിച്ചത് ആഭ്യന്തര സെക്ടറുകളിൽ സീറ്റ് ശേഷി ഉയർത്തുന്നതിനും അന്താരാഷ്ട്ര സർവീസുകൾ വർധിപ്പിക്കുന്നതിനും സൗദിയയെ സഹായിച്ചതായും എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. 

 

Latest News