Sorry, you need to enable JavaScript to visit this website.

വിരഹ വേളയിലെ പാഠങ്ങൾ 

'നാൽപതിലേറെ വർഷത്തെ എൻെറ പ്രവാസ ജീവിതത്തിൽ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് സംതൃപ്തിയാണ്. പക്ഷേ ഒരു ദുഃഖമുണ്ട്. സൗദിയിൽ ഒരു നാടകത്തിൽ അഭിനയിക്കാനുള്ള എൻെറ മോഹം പൂർണമായും പൂവണിയാതെയാണ് ഞാൻ യാത്ര തിരിക്കുന്നത്.'സൗദി എയർ ലൈൻസിലെ ഉയർന്ന തസ്തികയിൽ നിന്നും  പിരിഞ്ഞു പോവുന്ന അബ്ദുൽ മജീദ്  പൊന്നാനിയുടെ യാത്രയയപ്പ് യോഗത്തിൽ അദ്ദേഹം പങ്കു വെച്ച രസകരമായ ഈ വാചകം സദസ്സിനെയാകെ  ചിരിപ്പിച്ചു. ഒപ്പം ഏറെ ചിന്തിപ്പിക്കുകയും ചെയ്തു. 
ഈയിടെയായി പ്രവാസ ലോകത്തെ പതിവ് ഇനങ്ങളിലൊണാണ് യാത്രയയപ്പുകൾ. വർഷങ്ങളോളം ഇവിടെ ജീവിച്ച്, വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അർപ്പിച്ച് ശിഷ്ട ജീവിതം നയിക്കാൻ നാട്ടിലേക്ക് തിരിക്കുന്നവരുടെ യാത്രയയപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നത് തികച്ചും വേറിട്ട ഒരനുഭവം തന്നെയാണ്. എത്ര തിരക്കുണ്ടായാലും അത്തരം യോഗങ്ങളിൽ  പങ്കെടുക്കാൻ ഞാൻ സമയം കണ്ടെത്താറുണ്ട്. കാരണം ഒരാളുടെ നീണ്ട കാല പ്രവാസത്തിലെ  അതിപ്രധാന നേട്ടങ്ങളും പാഠങ്ങളും പലരുടെ വാക്കുകളിലൂടെ  മനസ്സിലാക്കാനും അതിൽ നിന്ന്  പലതും ഉൾക്കൊള്ളാനും കഴിയും. മാത്രമല്ല, നാട്ടിലേക്ക് തിരിക്കുന്ന ആളുടെ ജീവിതാനുഭവങ്ങൾ കേൾക്കുന്നത്  നമുക്ക്  ഉൾക്കാഴ്ച നൽകും. പ്രവാസത്തിൻറെ കണ്ണീരും കിനാവും ഏറെ ഇമ്പത്തോടെ കേൾക്കാൻ കഴിയുന്ന ഇടമാണത്.
സജീവ ജീവിതം നയിക്കുന്നതിനിടയിൽ തൊഴിൽ നഷ്ടപ്പെട്ടു യാത്ര തിരിക്കുന്നവരുടെയും സ്വാഭാവികമായി പ്രവാസം മതിയാക്കി പോവുന്നവരുടെയും സ്വയം പിരിഞ്ഞു പോവുന്നവരുടെയുമൊക്കെ യാത്രയയപ്പുകളിൽ സംബന്ധിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് കാലം മത, സാംസ്‌കാരിക, വിദ്യാഭ്യാസ,  സാമൂഹ്യ, ജീവ കാരുണ്യ മേഖലകളിൽ പ്രവർത്തിച്ചു പ്രവാസ ജീവിതം  ധന്യമാക്കിയവരുടെ ജീവിതങ്ങൾ കുറച്ചൊന്നുമല്ല നമ്മളിൽ ആവേശം പകരുക. യാത്രയയപ്പിനു കാത്തു നിൽക്കാതെ നാട്ടിലേക്ക് തിരിച്ച പല  പ്രമുഖരുമുണ്ട് എന്നതും ഒരു വസ്തുതയാണ്. പൊതു  രംഗത്ത് പ്രവർത്തിക്കാനൊന്നും നേരം കിട്ടാത്തവരും  അല്ലെങ്കിൽ നേരം കണ്ടെത്താത്തവരും  പ്രവാസം മതിയാക്കി പിരിഞ്ഞു പോവുമ്പോൾ ചില രസകരങ്ങളായ കാര്യങ്ങൾ പങ്കു വെക്കാറുണ്ട്.
ജീവിച്ചിരിക്കുമ്പോൾ തന്നെ അനുശോചന പ്രഭാഷണം കേൾക്കാൻ കഴിയുന്ന ഭാഗ്യവാന്മാരാണ് യാത്രയയപ്പ് ലഭിക്കുന്ന പ്രവാസികൾ എന്ന് പൊതുവെ പറയാറുണ്ട്. ജിദ്ദ പോലുള്ള ഒരു അതി പുരാതന പട്ടണത്തിൽ അടുത്ത കാലത്ത് ഉണ്ടായ ദ്രുത ഗതിയിലുള്ള വികസന പ്രവർത്തനങ്ങളും അതിൽ പ്രവാസികൾ വഹിച്ച പങ്കും  എഴുപതുകളിൽ ആരംഭിച്ച ശകതമായ ഗൾഫ് കുടിയേറ്റത്തിൻെറ ആദ്യ നാളുകളിലെ പ്രായാസങ്ങളും പരീക്ഷണങ്ങളും  വിരഹവും അതിജീവനങ്ങളും കേട്ടും കണ്ടും കൊണ്ടുമറിഞ്ഞവരുടെ കഥകൾ വേണ്ടപോലെ രേഖപ്പെട്ടിട്ടില്ല. പലരും യാത്രയയപ്പ് ലഭിച്ചും ലഭിക്കാതെയും കടന്നു പോയി. ആദ്യ തലമുറയിലെ വളരെ കുറച്ചു പേർ മാത്രമേ ശേഷിക്കുന്നുള്ളൂ.
കലാ സാംസ്‌കാരിക രംഗത്തും വിനോദ വൈജ്ഞാനിക രംഗത്തും കുതിച്ചു ചാട്ടത്തിനൊരുങ്ങുന്ന ഈ നാട്ടിൽ ആദ്യ കാലങ്ങളിൽ ഗായകരും കലാകാരന്മാരുമൊക്കെ നേരിട്ട ചില രസകരങ്ങളായ അനുഭവങ്ങൾ കേട്ടാൽ ഓർത്തോർത്തു ചിരിച്ചു പോവും.  കടലിനക്കരെ നിന്നെത്തുന്ന കത്തുകൾക്ക് വേണ്ടി  കാത്തിരിക്കുന്നതും നാട്ടിൽ നിന്നെത്തുന്ന ആളുടെ റൂമിൽ ചെന്ന് അത് വാങ്ങിക്കുന്നതും അയാളിൽ നിന്നും നാട്ടു വിശേഷങ്ങൾ രാവേറുന്നത് വരെ കേട്ടിരിക്കുന്നതിനെ കുറിച്ചും പ്രായം ഏറെ ചെന്ന പ്രവാസികൾ പങ്കു വെക്കുന്നത് ഏറെ കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്. തുടർന്ന്   ടെലിഫോൺ രംഗ പ്രവേശം ചെയ്തതും മണിക്കൂറുകളോളം ബൂത്തിനു മുന്നിൽ ക്യൂ നിൽക്കുന്നതും ഒടുവിൽ ബൂത്തിനടുത്തെത്താറാവുമ്പോൾ ബൂത്ത് ഓപറേറ്റർ നിർദയം ബൂത്ത് അടച്ചു പുരത്തിറങ്ങുന്നതുമൊക്കെ കൺകോണിൽ  നനവുമായി ചിലർ പറയുന്നത് കേട്ട് ചിലർ അമ്പരന്നിരിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട്. ഇഖാമയിലെ കണ്ണട വെക്കാത്ത ഫോട്ടോ നോക്കി കണ്ണട വെച്ച ആളെ തിരിച്ചറിയാനാവാതെ വാഹനത്തിൽ കയറ്റി മയിലുകളോളം ഓടിച്ചു പോയ ഉദ്യോഗസ്ഥരെ കുറിച്ചുള്ള കഥകൾ, സ്വന്തം കാറിൽ നിന്നും സാധനങ്ങൾ  എടുത്തു വീട്ടിലേക്കു കൊണ്ടു പോകുന്നതിനിടയിൽ  പിടിക്കപ്പെട്ടതിന്റെയും ഇഖാമ കൈവശമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടനുഭവിച്ചതിൻെറയും ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിൽ ജയിൽ വാസമനുഭവിച്ചവരുടെയുമെല്ലാം    കഥകൾ വർഷങ്ങൾക്കിപ്പുറം ഓർത്തോർത് ചിരിച്ചു ചിലർ സരസമായി അവതരിപ്പിക്കുമ്പോൾ  യാത്രയയപ്പ് യോഗങ്ങൾ ചിരിയുടെ കൂടരാങ്ങളാവും. കഠിനമായ ഉഷ്ണം പെയ്തിറങ്ങുന്ന പകലുകളിൽ ജോലി തിരക്കി ബയോഡാറ്റയും പരിചയ സാക്ഷ്യങ്ങളുടെ ഫയലുമായി ഓഫീസുകൾ നിരങ്ങിയതും വഴിയരികിൽ കണ്ട മലയാളിയുടെ സഹായത്തോടെ ഉന്നതമായ ജോലി തരപ്പെട്ടതുമൊക്കെ വേദനയോടെ നന്ദിപൂർവം സ്മരിക്കുന്നത് കേട്ടിട്ടുണ്ട്.
ഓരോ പ്രവാസിയും നൂറു നൂറു നുറുങ്ങു കഥകൾ പേറുന്ന ഓരോ പുസ്തകങ്ങളാണ്. ചിലർ തുറന്ന പുസ്തകങ്ങൾ. ചിലത് അമൂല്യമായ പാഠങ്ങൾ പകരുന്ന വിശിഷ്ട പുസ്തകങ്ങൾ. ചിലർ പൊതി പൊട്ടിക്കാതെ ലാഭ നഷ്ടങ്ങളുടെയും  അടക്കിവെച്ച മഹാ സേവനത്തിന്റെയും കഥകൾ കുറിച്ചിട്ട കനപ്പെട്ട ഗ്രന്ഥങ്ങൾ.  കത്തിത്തീർന്ന യൗവനത്തിന്റെ, അടക്കി വെച്ച സർഗ സിദ്ധികളുടെ ആരോടും  പറയാതെ പങ്കു വെക്കാതെ ഒളിപ്പിച്ച വേദനകളുടെയും നേട്ടങ്ങളുടെയെല്ലാം മണിച്ചെപ്പാണവർ.  അടുത്തറിയുമ്പോഴാണ് ഓരോരുത്തരുടെയും പ്രവാസത്തിൻെറ ബാലൻസ് ഷീറ്റിലെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ നമുക്ക് ബോധ്യപ്പെടുക. കുടുംബത്തിൽ, നാട്ടിൽ,  അശരണരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പിയതിൻെറ , അനാഥരായ കുട്ടികൾക്ക് വിദ്യ നൽകി വിവാഹം ചെയ്തയ്ച്ചതിന്റെ, രോഗികൾക്ക് താങ്ങും തണലുമായതിന്റെ തുടങ്ങി ജീവകാരുണ്യ സേവന പ്രവർത്തങ്ങളുടെ നനവൂറുന്ന  കഥകളാവും അധികവും. പ്രിയപ്പെട്ടവരുടെ കല്യാണത്തിലും വീട് കൂടലിലും പങ്കെടുക്കാനാവത്തതിന്റെ നിരാശയും   ഒത്തിരി കാശുണ്ടായിട്ടും സൗകര്യമുണ്ടായിട്ടും മാതാപിതാക്കളുടെ അവശ നാളുകളിലും മരണ  വേളകളിലും നാട്ടിലെത്താൻ കാഴിയാത്തതിന്റെ സങ്കടങ്ങളും പെയ്തിറങ്ങും ചിലപ്പോൾ. ചില  യാത്രയയപ്പു വേളകളിൽ ഇവരുടെയൊക്കെ കൂടെ കൂടുതൽ നേരം ചെലവഴിക്കേണ്ടതായിരുന്നുവെന്ന് നാം വിചാരിച്ചു പോവും. യാത്രയും യാത്രയയപ്പുകളും പഠിപ്പിക്കുന്ന ചെറിയ ചില വലിയ സത്യങ്ങളുണ്ട്. അകന്നു മറയുന്നേരം തിരിച്ചറിയേണ്ടതല്ല നമ്മുടെ അനുഗ്രഹങ്ങൾ എന്നതാണത്.

Latest News