Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനുസരണയില്ലാത്ത കുട്ടികൾ... 

അനുസരണയില്ലാത്ത മക്കളെക്കുറിച്ച് മാതാപിതാക്കളുടെ പരാതി ഇക്കാലത്ത് ഏറെയാണ്. ഫാമിലി കൗൺസലർമാരുടെയും സൈക്കോളജിസ്റ്റുകളുടെയും മുന്നിൽ വരുന്ന കൗമാരക്കാരുടെ കേസുകളിൽ കൂടുതലും ഇത്തരത്തിലുള്ളതാണ്. വീട്ടുജോലികളും ഗൃഹപാഠവും പൂർത്തിയാക്കുന്നതിൽ താമസം, ഏറ്റവും ഇഷ്ടമുള്ള ചില പ്രത്യേക കാര്യങ്ങൾ മാത്രമേ ചെയ്യുന്നുള്ളു, തുടങ്ങിയ പരാതികളാണ് ഏറെയും.
മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ കൗമാരക്കാരായ കുട്ടികളെ എങ്ങനെ സഹായിക്കാം? പെട്ടെന്ന് തീരുമാനങ്ങളെടുക്കാൻ കുട്ടികൾക്ക് സാധിക്കാത്തത് എന്തുകൊണ്ടാവാം. ഇക്കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാം.
സുഹൃത്തിന്റെ പിറന്നാൾ പുറത്തു പോയി ആഘോഷിക്കുന്നതിലും അതിനു തെരഞ്ഞെടുക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിലും കൗമാരക്കാർ എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ വൻ അബദ്ധങ്ങളായി മാറാറുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ തന്നെ, തലച്ചോറിലെ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുന്ന ചില ഭാഗങ്ങൾ പൂർണമായി വികസിക്കാത്തതാണ് അവരുടെ ഇത്തരം അബദ്ധം നിറഞ്ഞ തീരുമാനങ്ങൾക്ക് കാരണമാകുന്നത്. വികാസം പൂർത്തിയായിക്കൊണ്ടിരിക്കുന്ന തലച്ചോർ, കൗമാരക്കാരെ ചില അപകട സന്ധിയിലേക്ക് തള്ളിവിടാറുണ്ട്. 
തീരുമാനങ്ങൾ വളരെപെട്ടെന്ന് കൈക്കൊള്ളുക, അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരണയില്ലാതിരിക്കുക തുടങ്ങിയവയാണ് അവ. സ്‌കൂളിലും വീട്ടിലും കാര്യങ്ങൾ നന്നായി ചെയ്യാനും മുന്നിലെത്താനും കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും അത് സാധിക്കാത്തതിന്റെ വിഷമം വീടുകളിൽ കുട്ടികൾ പ്രകടിപ്പിക്കുന്നത് മാതാപിതാക്കൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും.
കൗമാരക്കാരായ കുട്ടികളെടുക്കുന്ന തെറ്റായ തീരുമാനങ്ങളും അനുസരണക്കേടും ശ്രദ്ധയിൽ പെടുമ്പോൾ തന്നെ അവയെ നിർബന്ധപൂർവം തിരുത്തുന്ന ചില മാതാപിതാക്കളുണ്ട്. മറ്റൊരു കൂട്ടർ കുട്ടികളെ, അവർ കൈക്കൊണ്ട തീരുമാനത്തിന്റെ സ്വാഭാവികവും യുക്തിപരവുമായ പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ അനുവദിക്കുന്നവരാണ് .
ഈ രണ്ട് സമീപനങ്ങളും ഗുണകരമല്ല. കൗമാരക്കാരായ കുട്ടികളുടെ സ്വഭാവ രീതികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ മാറ്റം വരുത്താൻ ഈ രണ്ട് രീതികളും ഉപകാരപ്പെടില്ല. കാരണം കുട്ടികളുടെ അനുസരണക്കേടിന്റെയോ തീരുമാനങ്ങളെടുക്കാൻ വൈകുന്നതിന്റെയോ അടിസ്ഥാന കാരണം കണ്ടെത്താനും പരിഹരിക്കാനും സാധിക്കില്ല.
ഇതിന് ശരിയായ ഒരു പരിഹാരമുണ്ട്. കൗമാരക്കാരായ നിങ്ങളുടെ മക്കൾ ആവശ്യപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയുക. സംഗതി ലളിതമാണെങ്കിലും അവരെ സംബന്ധിച്ച് വളരെ ദുഷ്‌കരമായിരിക്കും. അവർ രണ്ട് അവസ്ഥകളിലൂടെയാവും കടന്നുപോകുന്നുണ്ടാവുക. ഒന്ന്, എന്താണ് തനിക്ക് ആവശ്യമെന്ന് നിങ്ങളുടെ മകൾക്കോ മകനോ തിരിച്ചറിയാൻ സാധിക്കുന്നുണ്ടാവില്ല. രണ്ട്, എന്താണ് വേണ്ടതെന്ന് നല്ല ബോധ്യമുണ്ടായിരിക്കും എന്നാൽ അത് എങ്ങനെ നേടണമെന്നോ അവിടെ എങ്ങനെ എത്തിപ്പെടണമെന്നോ ധാരണയുണ്ടായിരിക്കില്ല.
കുട്ടിയുടെ പ്രശ്‌നം ഇതു രണ്ടിൽ ഏതുമായിക്കൊള്ളട്ടെ, അവരെ സമീപിച്ച് വളരെ ലളിതമായി ചോദിക്കുക. 'എന്താണ് നിനക്ക് വേണ്ടതെന്ന്'. ചോദ്യം ചോദിക്കുന്ന സമയവും സാഹചര്യവും ഏറെ പ്രധാന്യമുള്ളതാണ്. കുട്ടിയും നിങ്ങളും തമ്മിലുള്ള വാഗ്വാദങ്ങൾക്കോ വഴക്കിനു ശേഷമോ ഈ ചോദ്യം ചോദിക്കരുത്. കുട്ടികളും നിങ്ങളും സന്തോഷകരമായ അവസ്ഥയിലായിരിക്കണം. ചോദ്യത്തിനു പിന്നാലെ കുട്ടിയെക്കുറിച്ചുള്ള നിങ്ങളുടെ മനസ്സിലെ ആശങ്കകളും അവരോടു പങ്കുവെക്കാം. കുട്ടിയുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങളല്ല, ആശങ്കകളാണ് പങ്കുവെക്കേണ്ടത്.
എന്താണ് വേണ്ടതെന്ന ധാരണയില്ലായ്മ, വേണ്ടത് എന്താണെന്ന് അറിഞ്ഞിട്ടും അവിടേക്ക് എത്താൻ സാധിക്കാത്തിന്റെ ബുദ്ധിമുട്ട്. ഈ രണ്ടു പാർശ്വങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരിക്കും കുട്ടികൾ. എന്നാൽ നിങ്ങൾ ആശങ്കകൾ അവരോട് പങ്കുവെക്കുമ്പോൾ കുട്ടികൾ നിങ്ങളോട് തുറന്നു സംസാരിക്കാൻ തുടങ്ങും. തീർത്തും സന്തോഷകരമായ ഒരു ഞെട്ടലാകും അത് നിങ്ങളിലുണ്ടാക്കുക.
ശ്രദ്ധിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ഉത്തരം കൈവശമുള്ളയാളെന്ന രീതിയിൽ കുട്ടികളോട് സംസാരിക്കാതിരിക്കുക. ജീവിതത്തെ വീണ്ടും ശരിയായ ട്രാക്കിലെത്തിക്കാനും വിജയകരമായ ഭാവിയിലേക്ക് നയിക്കാനും കുട്ടികളെ സഹായിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അവിടെയാണ് നിങ്ങളുടെ ഈ ചോദ്യത്തിന്റെ പ്രസക്തി. കാരണം കുട്ടികൾ പലപ്പോഴും അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാറും അതേക്കുറിച്ച് ആശങ്കപ്പെടാറുമുണ്ട് എന്നതു തന്നെ.

 

Latest News