Sorry, you need to enable JavaScript to visit this website.

മികച്ച നഴ്‌സിനുള്ള പുരസ്‌ക്കാരം  ലിനിയുടെ പേരില്‍

തിരുവനന്തപുരം:നിപ വൈറസ് ബാധയേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ നഴ്‌സ് ലിനിക്ക് സര്‍ക്കാരിന്റെ ആദരം. സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള പുരസ്‌ക്കാരം ആദരസൂചകമായി സര്‍ക്കാര്‍ ലിനിയുടെ പേരില്‍ ഏര്‍പ്പെടുത്തി. 'സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ്' എന്ന പേരിലായിരിക്കും പുരസ്‌ക്കാരംഅറിയപ്പെടുക. ലോകാരോഗ്യ സംഘടനയും എക്കണോമിക്‌സ് മാസികയും ലിനിയുടെ സേവനത്തെ നേരത്തെ അംഗീകരിച്ചിരുന്നു. 
ലിനിയുടെ ഭര്‍ത്താവിന് ആരോഗ്യവകുപ്പിന്റെ കീഴില്‍ എല്‍ഡി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ലിനി. തന്റെ ജീവന് വില കല്‍പിക്കാതെ നിപാ ബാധിതരെ പരിചരിച്ച ലിനിയുടെ ജീവനെടുത്തതും നിപാ വൈറസ് ആയിരുന്നു. 
വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു. വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷ് സ്ഥലത്തെത്തിയിരുന്നെങ്കിലും ദൂരെ നിന്ന് ലിനിയെ ഒരു നോക്ക് കാണാന്‍ മാത്രമേ കഴിഞ്ഞുള്ളു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് മൃതശരീരം കണ്ടത്. കുട്ടികള്‍ക്ക് അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായിരുന്നില്ല. ലിനിയുടെ പേര് പത്മ പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Latest News