ഷാര്‍ജയില്‍ വൈദ്യുതി നിരക്കുകള്‍ വെട്ടിക്കുറച്ചു

ഷാര്‍ജ- ഷാര്‍ജാ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ നിര്‍ദേശമനുസരിച്ച് ഷാര്‍ജ ഇലക്ടിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (സെവ) നിരക്കുകള്‍ വെട്ടിക്കുറച്ചു. സ്വന്തമായുള്ള ഫ്‌ളാറ്റുകള്‍ക്കും വീടുകള്‍ക്കും വൈദ്യുതി നിരക്കില്‍ വന്‍ ഇളവാണ് ഇതോടെ ലഭിക്കുക. 37.7 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകള്‍ക്കും വീടുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഒരു കിലോവാട്ട് വൈദ്യുതിക്ക് 45 ഫില്‍സ് ആയിരുന്നു നിശ്ചിത നിരക്ക്. സെവ പുറത്തു വിട്ട പുതിയ നിരക്കു പ്രകാരം 2,000 കിലോ വാട്ട് വരെയുള്ള വൈദ്യുത ഉപയോഗത്തിന് 28 ഫില്‍സ് നിരക്കിലാണ് ഈടാക്കുക. 6001 കിലോവാട്ടിനു മുകളിലുള്ള ഉപയോഗത്തിന് 43 ഫില്‍സ് വീതവും ഇടാക്കും. 2001 മുതല്‍ 4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഒരു കിലോവാട്ടിന് 33 ഫില്‍സ് എന്ന നിരക്കിലാണ് പണമടക്കേണ്ടത്. 4001-6000 വരെ 37 ഫില്‍സാണ് പുതുക്കിയ നിരക്ക്.

പുതുക്കിയ നിരക്കുകള്‍ക്ക് 2019 ജനുവരി ഒന്നു മുതല്‍ പ്രബാല്യമുണ്ടാകും. ഈ മാസത്തെ വൈദ്യുതി ബില്ലില്‍ ഈ കുറവുണ്ടാകും. ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി വൈദ്യുതി നിരക്കുകള്‍ 45-ല്‍ നിന്നും 28 ഫില്‍സ് ആക്കി കുറച്ചതിനു പിന്നാലെയാണ് സെവയുടെ നിരക്കുകളും പരിഷ്‌ക്കരിച്ച് ഉത്തരവ് വന്നത്. അരലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
 

Latest News