ജോലി ആവശ്യാർഥം വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും വിശുദ്ധ റമദാനിൽ അത്തരം യാത്രകൾ കഴിവതും ഒഴിവാക്കുകയാണ് പതിവ്. പതിവിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ റമദാൻ മാസത്തിൽ അമേരിക്കയിലെ ലോസ്ആഞ്ചലസ് നഗരത്തിന്റെ ഭാഗമായ ലോംഗ് ബീച്ചിലെ റിസോർട്ടിൽ നടന്ന (വെസ്റ്റിൻ റിസോർട്ട് & സ്പാ) ഒരു കമ്പനി ഇവന്റിൽ പങ്കെടുക്കുകയുണ്ടായി. 2016 ജൂൺ ആറു മുതൽ ഒമ്പതു വരെയായിരുന്നു പ്രസ്തുത പ്രോഗ്രാം. ജൂൺ ഏഴിന് അമേരിക്കയിൽ റമദാൻ ഒന്നാണെന്ന് അറിയിപ്പുണ്ടായി. ഒന്നാമത്തെ നോമ്പ് പ്രദേശത്തെ ഏതെങ്കിലും ഒരു പള്ളിയിൽ വെച്ച് തന്നെ തുറക്കണമെന്ന ഉദ്ദേശ്യത്തോടെ സമീപത്തുള്ള പള്ളികൾ അന്വേഷിച്ചു. ഏറ്റവും അടുത്തുള്ള മസ്ജിദിന്റെ പേര് 'മസ്ജിദുൽ ശെരീഫ്'. തുടർന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പള്ളിയിലെത്തിച്ചേർന്നു. കാലിഫോർണിയയിലെ പ്രധാന സിറ്റികളിലൊന്നായ ലോംഗ് ബീച്ച് നഗരത്തിന്റെ തിരക്കിൽ നിന്നും നഗരപ്പൊലിമയിൽ നിന്നും മാറി തികച്ചും സാധാരണക്കാരും ആഫ്രിക്കൻ ഏഷ്യൻ വംശജരും തിങ്ങിപ്പാർക്കുന്ന ഒരു കടലോര പ്രദേശത്താണ് മസ്ജിദുശെരീഫ്. ഇസ്ലാമിക വാസ്തു ശിൽപ ചാതുരി ഒന്നും എടുത്തുപറയാനില്ലാത്ത ഒരു ഇരുനില കെട്ടിടം. അകത്ത് കടന്നപ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിച്ചു. താഴത്തെ നില പൂർണമായും കമ്മ്യൂണിറ്റി വെൽഫെയർ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്ഥിരമായി സജ്ജീകരിച്ചിരിക്കുന്നു.

അവിടെ നിറയെ ഇഫ്താറിനു വേണ്ടി മേശയും കസേരകളും നിരത്തിയിരുന്നു.
സമീപവാസികൾ വീട്ടിൽ നിന്നും തയാർ ചെയ്ത വിഭവങ്ങളും പഴവർഗങ്ങളും ഈത്തപ്പഴങ്ങളും മറ്റു പാനീയങ്ങളും നോമ്പു തുറക്കു വേണ്ടി ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിവെക്കുന്നു. താഴത്തെ നിലയിൽ ശുചിമുറിയും വുളു എടുക്കാനുള്ള മുറിയും.
ഒന്നാം നില പൂർണ്ണമായും നമസ്കാരത്തിനും ഖുതുബക്കും മാത്രമുള്ളതാണ്. ബാങ്ക് വിളിക്കുന്നതുവരെ വിശുദ്ധ ഖുർആൻ പാരായണത്തിൽ മുഴുകി ഒന്നാം നിലയിൽ ഇരുന്നു. നോമ്പു തുറക്കാൻ ആവശ്യമായ ഈത്തപ്പഴവും വെള്ളക്കുപ്പിയും മുകളിലത്തെ നിലയിൽ തന്നെ സജ്ജീകരിച്ചിരുന്നു. ലോംഗ് ബീച്ചിലെ മഗ്രിബ് ബാങ്കിന്റെ സമയം രാത്രി 8.02 നായിരുന്നു. ബാങ്കു വിളിച്ചു കഴിഞ്ഞതോടെ മുകൾ നിലയിൽ ഉണ്ടായിരുന്നവർ താഴെ നിലയിൽ സജ്ജീകരിച്ച ടേബിളുകളിൽ ഇരുന്നു പഴവർഗങ്ങളും ജൂസുകളും കൊണ്ടുള്ള ചെറിയ നോമ്പുതുറയിൽ പങ്കുചേർന്നു.

തുടർന്ന് മഗ്രിബ് നമസ്കാരം ഒന്നാം നിലയിൽ. അതിനു ശേഷം ഇമാമിന്റെ ലഘുവായ ഉദ്ബോധന പ്രസംഗവും. താഴത്തെ നിലയിൽ എല്ലാവർക്കും വേണ്ടി സമീപ വാസികൾ തയാറാക്കിയ ബിരിയാണി ഒരുക്കിയിരുന്നു. അതിഥികളെ സൽക്കരിക്കാനും മുൻനിരയിൽ ഒരു കൂട്ടം ചെറുപ്പക്കാർ. നിറഞ്ഞ മനസ്സോടെ മസ്ജിദുശരീഫിന്റെ പടികളിറങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു നിർവൃതി അനുഭവപ്പെട്ടു. അമേരിക്കയിൽ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലാത്ത ലാളിത്യം തുളുമ്പുന്ന നോമ്പുതുറ തന്നെയാകാം കാരണം.






