Sorry, you need to enable JavaScript to visit this website.

കാമ്പസ് ചിത്രവുമായി മാനസ

ബാലതാരമായും പിന്നീട് നായികയായും പ്രേക്ഷകമനസ്സിൽ ചേക്കേറിയ മാനസ രാധാകൃഷ്ണൻ കാമ്പസ് നായികയാകുന്നു. ആദ്യമായി ഒരു കാമ്പസ് ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുബായിൽ ജീവിച്ചുവളർന്ന ഈ എറണാകുളത്തുകാരി.
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ചിത്രത്തിലൂടെയാണ് മാനസ എൻജിനീയറിംഗ് വിദ്യാർത്ഥിയാകുന്നത്. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആണ് നായകൻ. 
ന്യൂജനറേഷൻ പൂർണ്ണമായും മൊബൈൽ ഫോണിന് അടിമപ്പെട്ടിരിക്കുന്നു എന്ന പതിവുപല്ലവിയിൽനിന്നുള്ള ചുവടുമാറ്റം കൂടിയാണ് ഈ ചിത്രമെന്ന് മാനസ പറയുന്നു. എല്ലാ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കും അഭിമാനിക്കാൻ വക നൽകുന്ന ചിത്രം കൂടിയാണിത്.
ടെക്‌നിക്കൽ കാര്യങ്ങളിൽ ഏറെ താൽപര്യമുള്ള അക്ബർ എന്ന വിദ്യാർത്ഥി അകപ്പെടുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. നിരഞ്ജാണ് അക്ബറാകുന്നത്. ക്ലാസ് മേറ്റായ മുംതാസായി മാനസ എത്തുന്നു.
കാമ്പസ് കഥയായതാണ് ഏറെ ത്രില്ലടിപ്പിച്ചത്. ആദ്യമായാണ് ഒരു കാമ്പസ് ചിത്രത്തിൽ വേഷമിടുന്നത്. എൻജിനീയറിംഗ് വിദ്യാർത്ഥിയായ എനിക്ക് സുപരിചിതമായ ഒട്ടേറെ കാര്യങ്ങൾ ഈ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ സെറ്റിലേയ്ക്കു വരുന്നത് കോളേജിലേയ്ക്കു വരുന്നതുപോലെയായിരുന്നുവെന്ന് മാനസ പറഞ്ഞു. ആലുവ പൂക്കാട്ടുപടി കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിലായിരുന്നു ചിത്രീകരണം.


നിരഞ്ജന്റെ കഥാപാത്രമായ അക്ബർ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു. ടെക് ഫെസ്റ്റ് വരുമ്പോൾ എല്ലാവരുടെയും ശ്രദ്ധ അക്ബറിലായിരിക്കും. അക്ബർ മത്സരത്തിൽ പങ്കെടുത്താൽ എന്തെങ്കിലും സമ്മാനം നേടിയിരിക്കും. എൻജിനീയറിംഗിനോടും ടെക്‌നോളജിയോടുമുള്ള അവന്റെ കമിറ്റ്‌മെന്റാണ് ഈ ചിത്രത്തിന്റെ മറ്റൊരു പോയന്റ്.
രഘുനാഥ് പാലേരിയുടെ കണ്ണീരിനും മധുരം എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച മാനസ അരുൺകുമാർ അരവിന്ദിന്റെ കാറ്റ് എന്ന ചിത്രത്തിൽ ഉമ്മക്കുൽസുവായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തുടർന്ന് വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജനും പ്രധാന വേഷത്തിലെത്തിയ വികടകുമാരനിലും വേഷമിട്ടു.
പ്രൊഡക്ഷൻ കൺട്രോളറായ സിദ്ദു പനക്കലാണ് മാനസയെ സിനിമാമേഖലയ്ക്ക് പരിചയപ്പെടുത്തുന്നത്. കണ്ണീരിനും മധുരം എന്ന ചിത്രത്തിലെ പാർവ്വതിയും ശശി പറവൂരിന്റെ കടാക്ഷം എന്ന ചിത്രത്തിലെ മാളുവും സുധീഷ് ശങ്കറിന്റെ വില്ലാളിവീരനിലെ സാന്ദ്രയുമെല്ലാം ബാലതാരങ്ങളായിരുന്നു.
അമ്പുമതി സംവിധാനം ചെയ്ത സണ്ടിക്കുതിരൈ എന്ന തമിഴ് ചിത്രത്തിലായിരുന്നു ആദ്യ നായികാവേഷം. അച്ഛനാണ് ഫോട്ടോ അയച്ചുകൊടുത്തത്. ഒഡീഷനുശേഷം നായികയാവുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അന്ന്.
ടിയാൻ എന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയുടെ സഹോദരിയായ ജെസീലയെ അവതരിപ്പിച്ചുവരവേയാണ് കാറ്റിലേയ്ക്കു ക്ഷണമെത്തുന്നത്. ചിത്രത്തിലെ നായികയായ ഉമ്മക്കുൽസു സംസാരപ്രിയയും സിനിമയെ ഏറെ സ്‌നേഹിക്കുന്നവളുമാണ്. ആസിഫലിയായിരുന്നു നായകൻ.
ദിലീപ് നാരായണൻ സംവിധാനം ചെയ്ത പോളേട്ടന്റെ വീട്ടിലെ സാറയും ശിവകാർത്തികേയന്റെ ബലസാലിയിലെ മനോരഞ്ജിതയുമാണ് പിന്നീട് വന്ന കഥാപാത്രങ്ങൾ.
15 മിനിട്ടു ദൈർഘ്യമുള്ള പത്തു ചിത്രങ്ങളടങ്ങിയ ക്രോസ് റോഡായിരുന്നു അടുത്തത്. പത്തു സംവിധായകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവായ ബാബു തിരുവല്ല ഒരുക്കിയ മൗനത്തിലാണ് വേഷമിട്ടത്. ബഹളങ്ങളൊന്നുമില്ലാതെ തികഞ്ഞ അച്ചടക്കത്തിൽ കഴിയുന്ന പെൺകുട്ടിയാണ് മൗനത്തിലെ ഗ്രേസി. എന്നാൽ കുടുംബത്തിലുണ്ടാകുന്ന ചില ആകസ്മിക സംഭവങ്ങൾ അവളെ കന്യാസ്ത്രീമഠത്തിലെത്തിക്കുന്നു.


രാധാകൃഷ്ണൻ-ശ്രീകല ദമ്പതികളുടെ മകളാണ് മാനസ. അച്ഛന് ദുബായിൽ ജോലിയായിരുന്നതിനാൽ ദുബായിലെ ഇന്ത്യൻ സ്‌കൂളിലായിരുന്നു പത്താം ക്ലാസുവരെയുള്ള വിദ്യാഭ്യാസം. തുടർന്ന് നാട്ടിലേയ്ക്കു മടങ്ങി. തൃപ്പൂണിത്തുറയിലെ ചോയ്‌സ് സ്‌കൂളിലായിരുന്നു തുടർപഠനം. മുത്തൂറ്റ് എൻജിനീയറിംഗ് കോളേജിൽ കംപ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണിപ്പോൾ.
കുട്ടിക്കാലംതൊട്ടേ ക്ലാസിക്കൽ നൃത്തത്തിലും സിനിമാറ്റിക് നൃത്തത്തിലും പരിശീലനം നേടിയിരുന്നു. നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ ശിഷ്യയായിരുന്നു. നാലാം ക്ലാസു മുതലാണ് നൃത്തം പഠിച്ചുതുടങ്ങിയത്. ഭരതനാട്യമായിരുന്നു തുടക്കം. നാട്ടിലേയ്ക്കു മടങ്ങി പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയപ്പോൾ നൃത്തം മുടങ്ങി.
സിനിമാഭിനയത്തിൽ ഏറെ പ്രോത്സാഹനം നൽകുന്നത് അച്ഛനും അമ്മമ്മയുമാണ്. അമ്മയ്ക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആഗ്രഹം. എന്തായാലും പഠനത്തോടൊപ്പം സിനിമയിലും സജീവമാകണം എന്നാണ് കരുതുന്നത്.
എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ഉറിയടിയാണ് അടുത്ത ചിത്രം. അടി കപ്യാരെ കൂട്ടമണിക്കുശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 
കൂടാതെ റാഫിയുടെ സ്‌ക്രിപ്റ്റിൽ ഷാഫി സംവിധാനം ചെയ്യുന്ന ചിൽഡ്രൻസ് പാർക്കിലും വേഷമിടുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ നായകനാകുന്നത്. 

Latest News