അബുദാബി- ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായി കണക്കാക്കിയിരുന്ന ഈജിപ്തുകാരി ഇമാന്‍ അബ്ദുല്‍ ആത്തിക്ക് ഇപ്പോള്‍ സ്വന്തമായി വായിലൂടെ ഭക്ഷണം കഴിക്കാം. ഇമാനെ അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സിക്കുന്ന ഡോക്ടർമാരാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം മുമ്പാണ് ഇമാന് മുംബൈ ആശുപത്രിയില്‍ വെച്ച് ഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സ ആരംഭിച്ചത്. മുംബൈയിലെ സാഫീ ആശുപത്രിയില്‍നിന്ന് ഇമാനെ ഈ മാസം അഞ്ചിന് അബുദാബായിലേക്ക് കൊണ്ടുവരുമ്പോള്‍ ഭാരം 176 കിലോ ആയിരുന്നു. കിടക്കയില്‍നിന്ന് അനങ്ങാനാവാത്ത ഇമാനെ സംബന്ധിച്ചിടത്തോളം വായിലുടെ ഭക്ഷണം കഴിക്കാന്‍ സാധിച്ചുവെന്നത് ചികിത്സയിലെ വലിയ പുരോഗതിയാണ്.
ഏതാനും സ്പൂണുകളില്‍ ആരംഭിച്ച ഭക്ഷണം ഇപ്പോള്‍ ദിവസം 15 സ്പൂണ്‍ വരെ എത്തിയെന്നും അധികം വൈകാതെ ഇത് ദിവസം രണ്ടു തവണയാക്കുമെന്നും ബുർജീല്‍ ഹോസ്പിറ്റല്‍ സി.എം.ഒ ഡോ. യാസീന്‍ അല്‍ ഷഹത്തും ചികിത്സാ സംഘത്തിനു നേതൃത്വം നല്‍കുന്ന ഡോ. നെഹാദ് ഹലാവയും പറഞ്ഞു. ഇമാന്‍റെ സഹോദരി ഷൈമ അബ്ദുല്‍ ആത്തിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഇമാനെ യു.എ.ഇ തലസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ച ശേഷം ചികിത്സ സംബന്ധിച്ച് നല്‍കിയ രണ്ടാമത്തെ അപ്ഡേറ്റാണിത്.
ഞായറാഴ്ച ഈജിപ്തില്‍നിന്ന് ഇവിടെ എത്തിയ ഇമാന്‍റെ ഉമ്മയും ചികിത്സാ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയില്‍നിന്ന് അബുദാബിയിലേക്കു കൊണ്ടുവന്ന ശേഷം മകളുടെ കാര്യത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് അവർ പറഞ്ഞു.
ഇമാന്‍റെ മാനസിക നിലയിലും വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും ചുറ്റുപാടുകളോട് ഇപ്പോള്‍ അവർ കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ബുർജീല്‍ ഹോസ്പിറ്റലിലെ ഡോക്ടർമാർ അവകാശപ്പെട്ടു.