വാട്സ്ആപിലൂടെ എന്ത് മെസ്സേജ് കിട്ടിയാലും ഒരാലോചനയുമില്ലാതെ ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന ആഹ്വാനത്തോടെ കേരള പോലീസിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
വ്യാജവും അടിസ്ഥാനമില്ലാത്തതുമായ ധാരാളം വാട്സ് ആപ് സന്ദേശങ്ങളാണ് വീണ്ടുവിചാരമില്ലാതെ നമുക്കിടയില്‍ പങ്കുവെക്കപ്പെടുന്നത്. മെസേജുകള്‍ ഫോര്‍വേഡ് ചെയ്താല്‍ വാട്സ് ആപ് കമ്പനി പണം നല്‍കുമെന്നും, ഓണ്‍ലൈന്‍ ട്രേഡിങ്ങ് കമ്പനികളുടെ ധാരാളം ഓഫറുകളും സമ്മാനങ്ങളും ലഭിക്കുമെന്നുമുള്ള സന്ദേശങ്ങളും പോലീസ് അറിയിപ്പെന്ന തരത്തില്‍ ആധികാരികമല്ലാത്ത സന്ദേശങ്ങളുമൊക്കെ ഇത്തരത്തില്‍ ധാരാളമായി നമുക്കെല്ലാം ലഭിക്കാറുണ്ട്. കുട്ടികളെ കാണാതായി, രോഗിക്ക് രക്തം ആവശ്യമുണ്ട് തുടങ്ങിയ സന്ദേശങ്ങള്‍ കുട്ടിയെ കണ്ടുകിട്ടിയതിന് ശേഷവും രോഗി സുഖം പ്രാപിച്ചതിനുശേഷവും പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കും എന്നതാണ് രസകരം.
നമുക്ക് ലഭിക്കുന്ന മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്തവ ആണെങ്കില്‍ ആയതിലെ വസ്തുതകള്‍ സൂഷ്മതയോടെ പരിശോധിക്കുക. യുക്തിപൂര്‍വം വിലയിരുത്തുക അതിനു ശേഷം മാത്രം ഫോര്‍വേഡ് ചെയ്യുക.
പോലീസ് അറിയിപ്പുകളുടെ ആധികാരികത ഉറപ്പാക്കി മാത്രം ഫോര്‍വേഡ് ചെയ്യുക. സംശയം തോന്നുന്ന സന്ദേശങ്ങളുടെ വാസ്തവമറിയാന്‍ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലെ മെസ്സേജ് സംവിധാനം നിങ്ങള്‍ക്കു പ്രയോജനപ്പെടുത്താം. (ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പുതുക്കിയ ഫൈന്‍, ടൂ സ്ട്രോക്ക് വാഹനങ്ങള്‍ ഏപ്രില്‍ മുതല്‍ നിരത്തിലിറക്കാന്‍ കഴിയില്ല, എയ്ഡ്സ് പരത്താന്‍ വരുന്ന രക്തപരിശോധന സംഘം തുടങ്ങിയ വ്യാജസന്ദേശങ്ങള്‍ നിലവില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്)
അവിശ്വസനീയം എന്ന് നമുക്ക് തന്നെ തോന്നുന്ന വിവരങ്ങള്‍ പലപ്പോഴും അസത്യവുമായിരിക്കും. അതിനാല്‍ അവയില്‍ ഏതെങ്കിലും തരത്തിലുള്ള വസ്തുതകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക.
ഫോട്ടോകളും വിഡിയോകളും വിശ്വാസത്തില്‍ എടുക്കാമെങ്കിലും നമ്മെ വഴിതെറ്റിക്കുന്ന രീതിയില്‍ അവയിലും എഡിറ്റിംഗ് നടത്താന്‍ കഴിയും. ചില സന്ദര്‍ഭങ്ങളില്‍ ഫോട്ടോകള്‍ സത്യമായിരിക്കും. പക്ഷെ അതിന്റെ അനുബന്ധമായുള്ള വസ്തുതകള്‍ അസത്യവും ആയിരിക്കും. അതിനാല്‍ ഫോട്ടോകളുടെ ആധികാരികത ഓണ്‍ലൈനിലോ മറ്റോ കണ്ടെത്തി ഉറപ്പുവരുത്തുക.
ലഭിക്കുന്ന വാര്‍ത്തകള്‍ മറ്റെവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ മറ്റു വാര്‍ത്താ വെബ്സൈറ്റുകള്‍, ആപ്പുകള്‍ തുടങ്ങിയവ പരിശോധിക്കുക. വ്യത്യസ്ത സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് സത്യമായിരിക്കാനാണ് സാധ്യത.
പ്രകോപനപരമായും വര്‍ഗ്ഗീയതയും തമ്മിലടിപ്പിക്കാനും മറ്റും വാട്സ്ആപ് ഉപയോഗിക്കുന്നവരെ ബ്ലോക്ക് ചെയ്യുക. അത്തരം ഗ്രൂപ്പുകളില്‍ നിന്നും പുറത്തുപോരുക.
ഏതെങ്കിലും മെസ്സേജ് വായിച്ച് ദേഷ്യം, ഭീതി തുടങ്ങിയ വികാരങ്ങള്‍ തോന്നുന്നുവെങ്കില്‍ അത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാതിരിക്കുക.
കബളിപ്പിക്കുന്ന സന്ദേശങ്ങളില്‍ അല്ലെങ്കില്‍ വ്യാജവാര്‍ത്തകളില്‍ അക്ഷരപ്പിശക് ഉണ്ടാകാനിടയുണ്ട്. ഇത്തരം സൂചനകള്‍ വിവരങ്ങള്‍ കൃത്യമാണോ എന്ന് വിലയിരുത്തുന്നതിന് സഹായകരമാകും.
ഒറ്റനോട്ടത്തില്‍ പ്രശസ്തമായ ഏതെങ്കിലും ഒരു വെബ്സൈറ്റിലേക്കുള്ള ലിങ്ക് ആണെന്ന് തോന്നാമെങ്കിലും അതില്‍ അക്ഷരപിശകോ അസ്വഭാവകിമായ പ്രതീകങ്ങളോ ഉണ്ടെങ്കില്‍ അതില്‍ എന്തോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കരുതാം.
നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം സത്യമാണോ എന്ന സംശയം ഉണ്ടെങ്കില്‍ , അധികാരികമല്ല എന്ന് തോന്നുന്നെങ്കില്‍ അവ ഫോര്‍വേഡ് ചെയ്യാതിരിക്കുക.
നമുക്ക് ഒരേ മെസ്സേജ് എത്രവട്ടം ലഭിച്ചു എന്നതില്‍ കാര്യമില്ല. ഒരു സന്ദേശം നിരവധി തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടാലും അത് സത്യമാകണമെന്നില്ല.
വ്യാജവാര്‍ത്തകള്‍ക്കെതിരെ കരുതലോടെയിരിക്കുക. അത്തരം വാര്‍ത്തകളോ സന്ദേശങ്ങളോ കണ്ടാല്‍ മറ്റുള്ളവരെ അതിനെക്കുറിച്ച് ബോധവാന്മാരാക്കാന് ശ്രമിക്കുക. പ്രചരിപ്പിക്കാതിരിക്കുക.
ഈ മെസ്സേജ് വാസ്തവമാണോ ഷെയര്‍ ചെയ്യാമോ എന്ന് ദയവായി ചോദിക്കരുത്.
(കടപ്പാട്: വാട്സ്ആപ് )