അഞ്ച് ദ്വീപുകളില്‍ ടൂറിസം വികസനം; ചെങ്കടല്‍ പദ്ധതിക്ക് അംഗീകാരം

ജിദ്ദ - ചെങ്കടൽ വിനോദ സഞ്ചാര പദ്ധതി മാസ്റ്റർ പ്ലാനിന് റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി ഡയറക്ടർ ബോർഡിന്റെ അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര പദ്ധതികളിലൊന്നാണ് ചെങ്കടൽ പദ്ധതി. ഡബ്ല്യൂ.എ.ടി.ജി കമ്പനിയും ബ്യൂറോ ഹാപോൾഡ് കമ്പനിയും ചേർന്ന് ലോകത്തെ ഏറ്റവും മികച്ച എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളുടെ സഹായത്തോടെയാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയിരിക്കുന്നത്. 2022 ൽ പൂർത്തിയാക്കുന്നതിന് ലക്ഷ്യമിടുന്ന ഒന്നാം ഘട്ടത്തിൽ 14 ആഡംബര ഹോട്ടലുകളുണ്ടാകും. ഇവയിൽ ആകെ മൂവായിരത്തോളം മുറികളുണ്ടാകും. അഞ്ചു ദ്വീപുകളിലാണ് ഹോട്ടലുകൾ നിർമിക്കുക. കൂടാതെ മലമ്പ്രദേശത്തും മരുഭൂമിയിലുമായി രണ്ടു റിസോർട്ടുകളും ആദ്യ ഘട്ടത്തിൽ നിർമിക്കും. ബോട്ട് ജെട്ടികൾ, വിനോദ കേന്ദ്രങ്ങൾ, എയർപോർട്ട്, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവയെല്ലാം ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു. 
നിർമാണ കാലത്തും ശേഷവും പരിസ്ഥിതി പൂർണമായും സംരക്ഷിച്ചാണ് പദ്ധതി നടപ്പാക്കുക. ഈ ലക്ഷ്യത്തോടെ മാസ്റ്റർ പ്ലാൻ പലതവണ പുനഃപരിശോധിച്ചു. ഇതു പ്രകാരം പദ്ധതി പ്രദേശത്തെ 75 ശതമാനം ദ്വീപുകളിലും ഒരുവിധ നിർമാണ പ്രവർത്തനങ്ങളും നടത്തില്ല. കൂടാതെ ജൈവ സമ്പത്ത് സംരക്ഷിക്കുന്നതിനും വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിനും ഉയർന്ന പരിസ്ഥിതി മൂല്യമുള്ള പ്രദേശങ്ങളെന്നോണം ഒമ്പതു ദ്വീപുകൾ രജിസ്റ്റർ ചെയ്യും. 
സാമ്പത്തിക വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടുള്ള വിഷൻ 2030 പദ്ധതിയുടെ പ്രധാന ഭാഗമാണ് ചെങ്കടൽ പദ്ധതി. 70,000 പേർക്ക് പദ്ധതി തൊഴിൽ ലഭ്യമാക്കും. മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 2200 കോടി റിയാൽ പദ്ധതി സംഭാവന ചെയ്യും. 2030 ഓടെ പദ്ധതി പൂർണ തോതിൽ പൂർത്തിയാകും. പദ്ധതി പ്രദേശത്ത് 90 ലേറെ ദ്വീപുകളുണ്ട്. ഇതിൽ 22 ദ്വീപുകൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് വികസിപ്പിക്കും.  ദ്വീപുകളിലും മലമ്പ്രദേശങ്ങളിലും മരുഭൂമിയിലും നിർമിക്കുന്ന റിസോർട്ടുകളിൽ പതിനായിരത്തിലേറെ ഹോട്ടൽ മുറികളുണ്ടാകും. ഇവക്കു പുറമെ ആഡംബര താമസസ്ഥലങ്ങളും വാണിജ്യ, വിനോദ കേന്ദ്രങ്ങളും പദ്ധതി പ്രദേശത്തുണ്ടാകും. ചെങ്കടൽ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി സ്ഥാപിച്ച ചെങ്കടൽ ഡെവലപ്‌മെന്റ് കമ്പനി ധന മന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ്. ആഡംബര വിനോദ സഞ്ചാര കേന്ദ്രമായ റെഡ് സീ പദ്ധതി സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് 28,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശത്താണ് നടപ്പാക്കുന്നത്.
 

Latest News