Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഹായം നല്‍കുന്നവരില്‍ അധികവും സാധാരണക്കാര്‍ -ഫിറോസ് കുന്നംപറമ്പില്‍

ഫിറോസ് കുന്നംപറമ്പില്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍.

ജിദ്ദ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നവരില്‍ അധികപേരും സാധാരണക്കാരാണെന്ന് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. അതുപോലെ തന്നെ സഹായിക്കാന്‍ സന്മനസ്സുള്ളവരില്‍ 95 ശതമാനം പേരും ഗള്‍ഫ് പ്രവാസികളാണെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാരക രോഗങ്ങള്‍ക്കിരയായി സാമ്പത്തികമായി പ്രയാസപ്പെടുന്നവരെയാണ് സഹായിക്കാറുള്ളത്. കൃത്യമായ കണക്കുകളൊന്നും ഇതുവരെ എടുത്തിട്ടില്ലെങ്കിലും രണ്ടര വര്‍ഷംകൊണ്ട് നൂറുകണക്കിനു പേര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു മാസം കുറഞ്ഞത് രണ്ടു കോടിയുടെയെങ്കിലും സഹായം നല്‍കാനായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കാരണം കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും ചികിത്സക്ക്  ആവശ്യമായ കേസുകളാണ് അധികവും ജനങ്ങളുടെ മുമ്പാകെ എത്തിക്കാറുള്ളത്. ഇങ്ങനെ ഏഴെട്ടു കേസുകളെങ്കിലും ചില മാസങ്ങളിലുണ്ടാവാറുണ്ട്. ഇതിനെല്ലാം കുറഞ്ഞ ദിവസംകൊണ്ട് പണം ലഭിക്കാറുമുണ്ട്. കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിന് രോഗികളുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്നതിനാണ് അഭ്യര്‍ഥന നടത്താറുള്ളത്. ചികിത്സ കഴിഞ്ഞ് അവശേഷിക്കുന്ന തുക മറ്റു രോഗികള്‍ക്ക് നല്‍കുന്നതിന് തിരിച്ചേല്‍പ്പിക്കണമെന്ന് കരാറുണ്ടാക്കിയ ശേഷമാണ് സഹായ അഭ്യര്‍ഥന നടത്താറുള്ളതെന്നും ഫിറോസ് വിശദീകരിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാവുമ്പോള്‍ അത് ജനങ്ങള്‍ക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനും രോഗികളുടെ അവശതകള്‍ അവരുടെ മനസിനെ ഉലക്കുകയും ചെയ്യുന്നതു കൊണ്ടാണ് മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി സഹായം നല്‍കാന്‍ കൂടുതല്‍ പേര്‍ തയാറാവുന്നതെന്ന് ഫിറോസ് പറഞ്ഞു. ഇപ്പോള്‍ ഈ രംഗത്ത് ഒട്ടേറെ പേരുണ്ട്. ചില ചാരിറ്റി സംഘടനകളില്‍നിന്നു തന്നെ എതിര്‍പ്പുകളുമുണ്ടാവാറുണ്ട്. നിരവധി ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സത്യസന്ധമായി കാര്യങ്ങള്‍ നടത്തുന്നതിനാല്‍ എല്ലാ ആരോപണങ്ങളെയും മറികടക്കാനായിട്ടുണ്ടെന്നും കഴിയുന്നത്ര ഇതു തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഹായികളായി വാട്‌സാപ് ഗ്രൂപ്പുകളും ഒട്ടേറെ ചെറുപ്പക്കാരും ഉണ്ടെങ്കിലും കമ്മിറ്റി രൂപീകരിച്ച് ഒരു സംഘടനയുടെ പേരിലൊന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നുവെങ്കിലും നിലവില്‍ ഒരു രാഷ്ട്രീയ സംഘടനയുമായും ബന്ധമില്ല. നിഷ്പക്ഷത പുലര്‍ത്തിയാല്‍ മാത്രമെ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും സഹായം ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്‍ കരീം മണ്ണാര്‍ക്കാട്, ജമാല്‍ മഞ്ചേരി, ഫിറോസ് എടത്തനാട്ടുകര, ഷഫീഖ് പാലക്കാട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


 

 

Latest News