വോട്ടിംഗ് യന്ത്രം: അവിശ്വസനീയ വെളിപ്പെടുത്തല്‍ നടത്തിയ സൈബര്‍ വിദഗ്ധന്‍ ആര്?

ലണ്ടന്‍ വാര്‍ത്താ സമ്മേളനത്തില്‍നിന്നുള്ള ദൃശ്യം.

ലണ്ടന്‍- ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എങ്ങനെ ഹാക്ക് ചെയ്യാമെന്ന് വിശദീകരിച്ചുകൊണ്ടാണ് യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
നേരിട്ട് വരാതെ സ്‌കൈപ്പ് വഴി വാര്‍ത്താ സമ്മേളനം നടത്തിയ ഇദ്ദേഹം ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയില്‍ അഭയം തേടിയ സയിദ് ഷുജയാണെന്ന് പിന്നീട് വ്യക്തമായി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ പങ്കുവഹിച്ചുവെന്ന് അവകാശപ്പെടുന്ന ഇദ്ദേഹം ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തി.
ഇന്ത്യയില്‍ ഭീഷണി നേരിട്ടതിനാലാണ് താന്‍ യു.എസില്‍ അഭയം തേടിയതെന്ന് ഇദ്ദേഹം പറഞ്ഞു. നാടു വിടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇന്ത്യയില്‍ ഭീഷണി ഉണ്ടായെന്നും അതുകൊണ്ടാണ് അഭയം തേടിയതെന്നും വ്യക്തമാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇന്ത്യയില്‍ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നുള്ള അവകാശവാദം.
ഭരണകക്ഷിയായ ബി.ജെ.പി വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തുന്നുവെന്ന ആരോപണം ശക്തമായിരിക്കെ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ച് പരിശോധിക്കാന്‍ പ്രതിപക്ഷം ഒരു കമ്മിറ്റിയെ രൂപീകരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഇ.വി.എം ഹാക്ക് ചെയ്യാമെന്ന് പ്രദര്‍ശിപ്പിച്ച ലണ്ടനിലെ വാര്‍ത്താ സമ്മേളനത്തില്‍ പത്രപ്രവര്‍ത്തകരോടൊപ്പം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും സംബന്ധിച്ചു.
തന്റെ അവകാശവാദങ്ങള്‍ക്ക് പിന്‍ബലമേകുന്ന രേഖകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ തയാറാണെന്ന് സയിദ് ഷുജ ചോദ്യത്തിനു മറുപടി നല്‍കി.
ഇ.വി.എം ഹക്ക് ചെയ്യാന്‍ സാധിക്കുമോ എന്നറിയാന്‍ ഇന്ത്യയിലെ നിരവധി പാര്‍ട്ടികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും സയിദ് ഷുജ അവകാശപ്പെട്ടു.

 

Latest News