ഒമാനില്‍ ഒരു വര്‍ഷത്തിനിടെ 60,807 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടം

മസ്‌ക്കത്ത്- ഒമാനില്‍ വിസാ നിരോധനം നടപ്പിലാക്കി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 60,807 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായതായി പുതിയ കണക്കുകള്‍. 2017 ഡിസംബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള ഏറ്റവും പുതിയ ഈ കണക്കു പുറത്തു വിട്ടത് മാനവശേഷി മന്ത്രാലയമാണ്. സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കിയതിന്റെ ഭാഗമായാണ് ഇത്രയും പ്രവാസികള്‍ക്ക് മടങ്ങേണ്ടി വന്നത്. ഈ കാലയളവില്‍ സമാന എണ്ണം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചിട്ടുമുണ്ട്. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ പ്രവാസികളുടെ എണ്ണത്തില്‍ 3.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഒമാനില്‍ 17,34,882 പ്രവാസി തൊഴിലാളികളുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്നത് എന്‍ജിനീയറിങ് അനുബന്ധ മേഖലയിലാണ്. 7,71,335 പേര്‍. സേവന മേഖലയില്‍ 4,61,030 പ്രവാസികളും തൊഴിലെടുക്കുന്നു.

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ പുതിയ കണക്കുകള്‍ പ്രകാരം, വിസാ നിരോധനത്തിനു ശേഷം സ്വകാര്യ മേഖലയില്‍ 64,386 സ്വദേശി പൗരന്മാര്‍ക്ക് പുതുതായി ജോലി ലഭിക്കുകയും ചെയ്തു. പൊതു മേഖലയില്‍ 4,125 പൗരന്മാര്‍ക്കും ജോലി ലഭിച്ചു. സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി സ്വദേശി വല്‍ക്കരണവും ഒമാന്‍ ശക്തമാക്കി വരികയാണ്. ഈ പദ്ധതിയിലൂടെ ഒമാനികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണു സര്‍ക്കാരിന്റെ നടപടികള്‍. വികസനം നടക്കുന്ന മേഖലകളിലെല്ലാം ഒമാനികളെ കൂടുതലായി ജോലിക്കെടുക്കേണ്ടതുണ്ട്.

സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജനുവരി 28-ന് ആറു മാസത്തേക്കായിരുന്നു സര്‍ക്കാര്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റ് വിലക്കിയിരുന്നത്. ഐടി, മാധ്യമം, വ്യോമയാന ട്രോഫിക, എന്‍ജിനീയറിങ്, അക്കൗണ്ടിങ്, ടെക്ക്, ഇന്‍ഷൂറന്‍സ്, മാര്‍ക്കറ്റിങ്, സെയില്‍സ്, അഡ്മിന്‍, എച്ച് ആര്‍ തുടങ്ങി 87 ജോലികള്‍ക്കായിരുന്നു വിലക്ക്. ഇതു പിന്നീട് വീണ്ടു ആറു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഒപ്പം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയു ചെയ്തു. 


 

Latest News