നിലമ്പൂര്‍ - കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ യുവാവിനെ അര കിലോ കഞ്ചാവുമായി നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് നീലാഞ്ചേരി വള്ളിക്കാപറമ്പില്‍ അബ്ദുറഹ്മാന് (31) ആണ് നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. വിവിധ കേസുകളില്‍പെട്ട് മുങ്ങിയ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനിടെ
നിലമ്പൂര്‍ സി.ഐ കെ.എം.ബിജുവിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു നിലമ്പൂര്‍ നെടുമുണ്ടക്കുന്ന് റോഡില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലമ്പൂരില്‍ വിതരണം ചെയ്യുന്നതിനായി കഞ്ചാവുമായി ട്രെയിനില്‍ എത്തിയതായിരുന്നു പ്രതി. തമിഴ്നാട്ടിലെ കമ്പത്തു നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവരുന്നത്. ഇത്തവണ ആറു കിലോ കൊണ്ടുവന്നതില്‍ അവശേഷിക്കുന്നവ പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, കാളികാവ്, വണ്ടൂര്‍ എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്ത് തീര്‍ത്തതായി പ്രതി മൊഴി നല്കി.
ഇപ്പോള്‍ എന്‍.ഐ.എയില്‍ ജോലി ചെയ്യുന്ന ഡിവൈ.എസ്.പിയുടെ നടുവത്തുള്ള വീട് കുത്തിപ്പൊളിച്ച് 15.5 പവന് സ്വര്‍ണം മോഷണം നടത്തിയ കേസിലും വാണിയമ്പലം കറുത്തേനിയിലെ ഒരു വീട്ടില്‍ നിന്ന് 17.5 പവന്, മണ്ണാര്‍ക്കാട്ടെ ഒരു വീട്ടില്‍നിന്ന് 16 പവന്, വളാഞ്ചേരിയിലെ ഒരു വീട്ടില്‍നിന്ന് 12.5 പവന് എന്നിവക്ക് പുറമെ മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിലായി നിരവധി വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മലഞ്ചരക്കു കടകള്‍ മുതലായവയില്‍ മോഷണം നടത്തിയ കേസുകളിലും നിരവധി കഞ്ചാവു കേസുകളിലുമായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കൂടാതെ കഞ്ചാവുമായി പെരിന്തല്‍മണ്ണ എക്സൈസിന്റെ പിടിയിലായി കോടതിയില്‍ ഹാജരാക്കിയ സമയത്ത് എക്സൈസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടതിന് പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലും മണ്ണാര്‍ക്കാട്, വളാഞ്ചേരി, കാളികാവ്, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നീ സ്റ്റേഷനുകളിലെ കേസുകളിലുമുള്‍പ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടര്‍ന്ന് വിവിധ കോടതികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളുമാണ് അബ്ദുറഹ്മാന്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
പ്രതി കഞ്ചാവു വാങ്ങുന്ന കേന്ദ്രത്തെക്കുറിച്ചും മലപ്പുറം ജില്ലയിലെ ഇടപാടുകാരെ കുറിച്ചും മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.