ഇന്ത്യന്‍ എംബസി ക്ഷേമ ഫണ്ട് വിവാദത്തില്‍; സഹായം ലഭിച്ചാല്‍ തിരിച്ചടക്കേണ്ടിവരും

റിയാദ്- സഹായം സ്വീകരിച്ചാല്‍ പിന്നീട് തിരിച്ചു നല്‍കണ്ടി വരുമെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ ഫണ്ടിനെ വിവാദത്തിലാക്കി. സ്വീകര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് നമ്പറില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന സഹായ സംഖ്യ പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്ക് പിന്നീട് പാസ്‌പോര്‍ട്ട് ഓഫീസുകളേയോ എംബസികളേയോ സമീപിക്കുമ്പോള്‍ തിരിച്ചുനല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ആറു മാസം മുമ്പാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വഴിയുള്ള സഹായം സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.
വെല്‍ഫെയര്‍ ഫണ്ട് സ്വീകരിച്ചാല്‍ അതു തിരിച്ചുനല്‍കേണ്ടിവരുമെന്ന് എംബസിയിലേയും കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥര്‍ പറയുന്നതു കാരണം പലരും ഈ സഹായം സ്വീകരിക്കാന്‍ മടി കാണിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയ എം.കെ രാഘവന്‍ എം.പിയോട് ചില സംഘടനകള്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടാണെന്നിരിക്കെ അത് സ്വീകരിച്ചവരുടെ പാസ്‌പോര്‍ട്ടുകളില്‍ കുടിശ്ശികയായി രേഖപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കുമെന്ന് ജിദ്ദയിലെയും റിയാദിലെയും വാര്‍ത്താസമ്മേളനങ്ങളില്‍ എം.പി അറിയിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ നിസ്സഹായരായ പ്രവാസികളാണ് ഈ ഫണ്ട് സ്വീകരിക്കുന്നതെന്നതിനാല്‍ ഇത് തിരിച്ചുചോദിക്കുന്നത് പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനയാണെന്നാണ് പ്രവാസി സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍ ആരെങ്കിലും വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ചാല്‍ പാസ്‌പോര്‍ട്ട് നമ്പറില്‍ ചേര്‍ക്കുമെങ്കിലും അത് ഭാവിയില്‍ തിരിച്ചു നല്‍കേണ്ടിവരുമെന്ന കാര്യം അറിയില്ലെന്നുമാണ് ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ കോണ്‍സുലാര്‍ അനില്‍ നോട്ടിയാല്‍ പ്രതികരിച്ചത്.
വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനത്തിനോ ജോലിക്കോ എത്തി പല കാരണങ്ങള്‍ക്ക് ദുരിതത്തിലകപ്പെടുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ 2009ലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് (ഐ.സി.ഡബ്ലിയു.എഫ്) ആരംഭിച്ചത്. പ്രകൃതി ദുരന്തങ്ങള്‍, യുദ്ധം തുടങ്ങി അതത് രാജ്യങ്ങളിലെ  ഇന്ത്യക്കാര്‍ പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ അവരെ സഹായിക്കാനാണ് എംബസികളും കോണ്‍സുലേറ്റുകളും കേന്ദ്രീകരിച്ച് ഈ ഫണ്ട് സംവിധാനം നിലവില്‍ വന്നത്. നിരാലംബരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ്, ജയിലുകളിലും മറ്റും കഴിയുന്നവര്‍ക്ക് നിയമ സഹായം, വിസ തട്ടിപ്പുകളിലും മറ്റും വഞ്ചിക്കപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായം, അത്യാഹിത ചികിത്സ സഹായം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകല്‍ തുടങ്ങിയവക്കാണ് ഈ ഫണ്ട് വഴി സഹായം നല്‍കിവരുന്നത്. സൗദിയില്‍ 2013ലെയും 2017ലെയും പൊതുമാപ്പ് സമയത്ത് അനധികൃത താമസക്കാരായ ഇന്ത്യക്കാരെ സഹായിക്കാനും ലിബിയ, ഇറാഖ്, യമന്‍, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ ആഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ ഇന്ത്യന്‍ പൗരന്മാരെ പെട്ടെന്ന് നാട്ടിലെത്തിക്കാനും ഈ ഫണ്ട് ഉപയോഗപ്പെടുത്തിയിരുന്നു.
വെല്‍ഫയര്‍ ഫണ്ടില്‍ നിന്ന് സഹായത്തിന് അപേക്ഷിച്ചാല്‍ സഹായം സ്വീകരിക്കുന്നവരുടെ പാസ്‌പോര്‍ട്ട് നമ്പറിലാണ് സഹായം നല്‍കിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തുന്നത്. സൗദിയില്‍ ഇഖാമ നമ്പറില്‍ ട്രാഫിക് പിഴയും മറ്റും രേഖപ്പെടുത്തുന്ന പോലെയാണിത്. പിന്നീട് പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്ക് പോകുമ്പോഴാണ് അത്രയും സംഖ്യ കുടിശ്ശികയായി ഉണ്ടെന്ന് അറിയുക. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ടിക്കറ്റ് ഈ ഫണ്ടില്‍നിന്ന് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനായി അപേക്ഷ നല്‍കിയവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയാല്‍ അവര്‍ക്കായിരിക്കും ഈ സഹായ കുടിശ്ശികയുടെ ചുമതല.
ഇന്ത്യക്കാരായ പ്രവാസികള്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ തുടങ്ങി ഇന്ത്യന്‍ മിഷനുകള്‍ വഴിയുള്ള സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുകയിലെ ഒരു വിഹിതമാണ് ഈ വെല്‍ഫയര്‍ ഫണ്ടിലെത്തുന്നത്.  

 

Latest News