ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക റിപ്പോര്‍ട്ട്
ദുബായ്- ഹൈദരാബാദ് കേന്ദ്രമായുള്ള വിസ്ഡം ജോബ്‌സ് എന്ന തൊഴില്‍ വെബ്‌സൈറ്റ് നടത്തിയ വന്‍ തട്ടിപ്പിന്റെ കഥ ചുരുളഴിയുന്നു. ഒമ്പത് വര്‍ഷം മുമ്പ് സ്ഥാപിതമായ ഈ വെബ് പോര്‍ട്ടലിലൂടെ വഞ്ചിതരായത് നൂറുകണക്കിന് തൊഴിലന്വേഷകര്‍. 30 ദശലക്ഷം രജിസ്റ്റേര്‍ഡ് യൂസര്‍മാരുള്ള പോര്‍ട്ടല്‍ കോടികളുടെ തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയാണ് വെളിപ്പെട്ടിരിക്കുന്നത്.
ഗള്‍ഫ് ന്യൂസ് ദിനപത്രമാണ് പ്രത്യേക റിപ്പോര്‍ട്ടിലൂടെ ഈ തൊഴില്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ലോകമെങ്ങുംനിന്നുള്ള തൊഴിലവസരങ്ങള്‍ ലിസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റില്‍ വ്യാജ തൊഴിലവസരങ്ങള്‍ നിരവധിയാണ്. ടെലിസെയില്‍സ് ഏജന്റുമാര്‍ എച്ച്.ആര്‍. മാനേജര്‍മാരായി ചമഞ്ഞാണ് ഇല്ലാത്ത ജോലികള്‍ വാഗ്ദാനം ചെയ്യുന്നതെന്നും തെളിഞ്ഞു. യുവസംരംഭകര്‍ക്കുള്ള റോള്‍ മോഡലായി വാഴ്ത്തപ്പെട്ട അജയ് കൊല്ലയാണ് കമ്പനിയുടെ സി.ഇ.ഒയും സ്ഥാപകനും.
ഇന്ത്യന്‍ ടിവി ചാനലുകളിലെ സ്ഥിരം സാന്നിധ്യവും പത്രമാധ്യമങ്ങള്‍ വാഴ്ത്തിയ താരവുമായ അജയ് വന്‍ തട്ടിപ്പാണ് നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ആദ്യ സ്കില്‍ അസസ്‌മെന്റ് ജോബ് പോര്‍ട്ടലായ വിസ്ഡം ജോബ്‌സില്‍ യഥാര്‍ഥത്തില്‍ ഒരു തൊഴിലുമില്ലെന്ന നടുക്കുന്ന സത്യമാണ് തെളിഞ്ഞിരിക്കുന്നത്.
പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന തൊഴിലവസരങ്ങള്‍ വ്യാജമോ മറ്റുള്ളവയില്‍നിന്ന് പകര്‍ത്തിയതോ ആണെന്നാണ് കണ്ടെത്തല്‍. അപേക്ഷകരെ ടെലിഫോണിലൂടെ അഭിമുഖം നടത്തുന്നതും വ്യാജന്മാരാണ്. തൊഴിലുടമകളോ എച്ച്.ആര്‍ മാനേജര്‍മാരോ എന്ന വ്യാജേന ഹൈദരാബാദിലെ സൈബര്‍ ടവേഴ്‌സിലെ ഓഫീസിലിരുന്ന കാള്‍ സെന്റര്‍ ഏജന്റുമാരാണ് അഭിമുഖം നടത്തുന്നതത്രെ. പോര്‍ട്ടലില്‍ ജോലിക്ക് അപേക്ഷിക്കുന്നവരെ ഇത്തരം അഭിമുഖം നടത്തി ജോലി കിട്ടിയതായി തെറ്റിധരിപ്പിക്കുകയും അപേക്ഷാ ഫീസെന്ന പേരില്‍ 7600 രൂപ അയക്കാന്‍ ആവശ്യപ്പെടുകയുമാണ് തട്ടിപ്പ്. പിന്നീടുള്ള ദിവസങ്ങളില്‍ പല പേരുകളില്‍ കൂടുതല്‍ പണം ആവശ്യപ്പെടും. ചിലരില്‍നിന്ന് 6400 ദിര്‍ഹത്തിന് തുല്യമായ തുക വരെ തട്ടിയെടുത്തതായി ഇരകള്‍ പറയുന്നു.