Sorry, you need to enable JavaScript to visit this website.

മർദ്ദനമേറ്റെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽഎ ആശുപത്രിയിൽ

ന്യൂദൽഹി- പാർട്ടി സഹപ്രവർത്തകൻ മർദ്ദിച്ചുവെന്നാരോപിച്ച് കർണാടകയിലെ കോൺഗ്രസ് എം.എൽ.എ ആശുപത്രിയിൽ. വിമതസ്വരം ഉയർത്തി, സംസ്ഥാന സർക്കാറിന് ഭീഷണിയായ എം.എൽ.എ ആനന്ദ് സിംഗാണ് ആരോപണവുമായി രംഗത്തെത്തിയത്. ജെ.എൻ ഗണേഷ് എന്ന സഹപ്രവർത്തകൻ ബോട്ടിൽ കൊണ്ട് അടിച്ചുവെന്നാണ് ആരോപണം. ബംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിൽനിന്നാണ് തനിക്ക് മർദ്ദനമേറ്റതെന്നും ഇദ്ദേഹം ആരോപിച്ചു. ആനന്ദ് സിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ആരോപണം കോൺഗ്രസ് നിഷേധിച്ചു. സംഭവം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി നിരവധി കോൺഗ്രസ് നേതാക്കൾ ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഡി.കെ ശിവകുമാർ സംഭവം നിഷേധിച്ചു. ശിവകുമാറിന്റെ സഹോദരനും എം.എൽ.എയുമായ ഡി.കെ സുരേഷും ആശുപത്രിയിൽ എത്തിയിരുന്നു. രാവിലെ നെഞ്ചുവേദനയെ തുടർന്നാണ് ആനന്ദ് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് സുരേഷ് പറഞ്ഞത്. ഞങ്ങളുടെ ഒരു സഹപ്രവർത്തകൻ ആശുപത്രിയിലുണ്ടെന്ന് അറിഞ്ഞതിനാലാണ് അപ്പോളോ ആശുപത്രിയിൽ സന്ദർശനം നടത്തിയതെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. കോൺഗ്രസിനകത്തെ പോരാണ് പുറത്തുവരുന്നതെന്ന് ബി.ജെ.പി ട്വീറ്റ് ചെയ്തു. ഈഗിൾടൺ റിസോർട്ടിൽ എം.എൽ.എമാരെ പൂട്ടിയിടുകയായിരുന്നുവെന്നും ബി.ജെപി ആരോപിച്ചു. 
വ്യാജവാർത്തയാണ് പ്രചരിപ്പിക്കുന്നതെന്നും കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. കാണാതായ രണ്ടു എം.എൽ.എമാർ എവിടെയാണെന്ന ചോദ്യത്തിന് അവർ മുറിയിലുണ്ടെന്നും എല്ലാവരെയും ഉടൻ കാണുമെന്നും ശിവകുമാർ വ്യക്തമാക്കി. കോൺഗ്രസ് എം.എൽ.എമാരെ വലവീശിപ്പിടിച്ച് കർണാടക സർക്കാറിനെ വീഴ്ത്താനുള്ള നീക്കം ബി.ജെ.പി നടത്തിയിരുന്നു. ഇതിനെ കോൺഗ്രസ് സമർത്ഥമായി പ്രതിരോധിക്കുകയും ചെയ്തു.
 

Latest News