അബുദബി- പരസ്പര സഹകരണവും വ്യാപാര, വാണിജ്യ ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിന് സുപ്രധാന ഏഴിന പദ്ധതി സൗദി അറേബ്യയും യുഎഇയിലും അവതരിപ്പിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നാഴികകല്ലാകുന്ന ഈ ഏഴിന കരാറിന്റെ ഭാഗമായി സംയുക്ത ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കും. ഇരുരാജ്യങ്ങളുടേയും കേന്ദ്ര ബാങ്കുകളും മറ്റു ബാങ്കുകളും തമ്മിലുള്ള ഇടപാടുകള്‍ക്ക് മാത്രമായിരിക്കും ഈ ഡിജിറ്റല്‍ കറന്‍സ് പരീക്ഷണാടിസ്ഥാനതതില്‍ ഉപയോഗിക്കുക. പ്രതിസന്ധി, പ്രകൃതിദുരന്ത ഘട്ടങ്ങളില്‍ ചരക്കുകളുടേയും അവശ്യവസ്തുക്കളുടെ ലഭ്യതയും വിതരണവും തടസ്സമില്ലാതെ തുടരുന്നത് ഉറപ്പു വരുത്താനുള്ള പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഇതിനായി ഇരുരാജ്യങ്ങളും സംയുക്തമായി പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്തി പഴുതുകള്‍ കണ്ടെത്തി പരിഹരിക്കും. ഭക്ഷ്യ വസ്തുക്കളുടേയും മറ്റു ചരക്കുകളുടേയും ലഭ്യത ഉറപ്പാക്കാനാണിത്.
സൗദി, യുഎഇ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇരുരാജ്യങ്ങളിലും കരാറുകള്‍ ഏറ്റെടുക്കുന്നത് എളുപ്പമാക്കുന്നതിനും ഈ കരാറില്‍ വ്യവസ്ഥകളുണ്ട്. ഇത്തരം കമ്പനികള്‍ക്ക് ഇനി രണ്ടു രാജ്യങ്ങളിലും വേഗത്തില്‍ പ്രവര്‍ത്തിക്കാനാകും. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് വിമാനയാത്ര കൂടുതല്‍ അനായാസമാക്കാനും സൗകര്യങ്ങളേര്‍പ്പെടുത്താനും ഇരു രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കും. യുവജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കാനും ചെലവഴിക്കല്‍ ശീലം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നടപടികളും കരാറിന്റെ ഭാഗമാണ്. ഏഴിനും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിലും ഈ കരാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ശനിയാഴ്ച അബുദബിയില്‍ നടന്ന സൗദി-എമിറേറ്റി കോഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇരു രാജ്യങ്ങളും ഏഴിന കരാര്‍ ഒപ്പിട്ടത്. പെട്രോളിയം ഉല്‍പ്പാദനത്തില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടു വരാന്‍ ചെറുകിട, ഇടത്തരം വ്യവസായ സംരഭങ്ങളെയും ധനകാര്യ സാങ്കേതിക വിദ്യകളേയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് സുപ്രധാന നീക്കമായാണ് യോഗം വിലയിരുത്തിയത്. സേവന മേഖല, ധനകാര്യ വിപണി, ടൂറിസം, വ്യോമയാനം, സംരംഭം, സുരക്ഷ, നികുതി തുടങ്ങിയ മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ കരാറെന്ന് സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് ബിന്‍ മസ്‌യാദും യുഎഇ കാബിനെറ്റ് അഫയേഴ്‌സ്, ഭാവി കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവിയും പറഞ്ഞു.