ജിദ്ദ - ഉംറ വിസയിലെത്തി മുങ്ങുന്ന തീര്‍ഥാടകരെ പിടികൂടാനുള്ള നടപടികള്‍ അധികൃതര്‍ കര്‍ശനമാക്കി. അപ്രത്യക്ഷരാകുന്ന തീര്‍ഥാടകരെ കുറിച്ച് ഉംറ സര്‍വീസ് കമ്പനികള്‍ 12 മണിക്കൂറിനകം ഹജ്, ഉംറ മന്ത്രാലയത്തെ അറിയിച്ചിരിക്കണം. ഇക്കാര്യം ഉംറ സര്‍വീസ് കമ്പനികളെ അറിയിക്കുന്നതിന് ഹജ്, മന്ത്രാലയ ഓഫീസുകള്‍ക്കും ശാഖകള്‍ക്കും ഉംറ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ കമ്പനികള്‍ക്കും മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ഓട്ടോമാറ്റഡ് ഉംറ സിസ്റ്റത്തില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ഫോം പൂരിപ്പിച്ചാണ് മുങ്ങുന്ന തീര്‍ഥാടകരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഇതുവരെ കത്ത് നല്‍കിയാല്‍ മതിയായിരുന്നു.
എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും മറ്റും വഴി എത്തുന്ന തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് മക്കയിലെയും മദീനയിലെയും താമസ സ്ഥലങ്ങളില്‍ എത്തിയില്ലെങ്കിലാണ് 12 മണിക്കൂറിനകം ഉംറ സര്‍വീസ് കമ്പനികള്‍ ഓട്ടോമാറ്റഡ് ഉംറ സിസ്റ്റം വഴി റിപ്പോര്‍ട്ട് ചെയ്യേണ്ടത്. യഥാസമയം പാലിച്ചില്ലെങ്കില്‍ സര്‍വീസ് കമ്പനികള്‍ക്കെതിരെ നടപടികളുണ്ടാകും. തീര്‍ഥാടകര്‍ മുങ്ങിയ കാര്യം സ്ഥിരീകരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ആണ് സര്‍വീസ് കമ്പനികള്‍ ഹജ്, ഉംറ മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടത്.