Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കനേഡിയൻ തടവറയിൽ നദാ അലിക്ക് തീരാ ദുരിതം

അഭയം തേടിയെത്തിയ യെമനി യുവതി നദ അലിയെയും സഹോദരിയെയും അമേരിക്ക, കാനഡ അതിർത്തിയിൽ പോലീസ് തടയുന്നു.

റിയാദ് - കൊടും ദുരിതത്തിലാണ് താനും സഹോദരിയും കഴിയുന്നതെന്ന് രണ്ടു വർഷം മുമ്പ് കനേഡിയൻ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത യെമനി യുവതി നദ അലി വെളിപ്പെടുത്തി. മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുമ്പോൾ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുകയും മേനി നടിക്കുകയും ചെയ്യുന്ന ഗവൺമെന്റാണ് കാനഡയിലുള്ളത്. എന്നാൽ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ കനേഡിയൻ ഗവൺമെന്റിന് ഇരട്ടത്താപ്പാണെന്ന് നദ അലിയുടെയും സഹോദരിയുടെയും അനുഭവം വ്യക്തമാക്കുന്നു. 
അമേരിക്കൻ അതിർത്തിയിൽ നിന്ന് നിയമാനുസൃത വഴികളിലൂടെയാണ് താനും സഹോദരിയും ആദ്യമായി കാനഡയിലെത്തിയതെന്ന് 22 കാരിയായ നദ അലി പറഞ്ഞു. യെമൻ അടക്കം ഏഴു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നതിനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനു പിന്നാലെയാണ് അമേരിക്കയിൽ നിന്ന് രക്ഷപ്പെട്ട് കാനഡയിൽ അഭയം തേടുന്നതിന് താനും സഹോദരിയും തീരുമാനിച്ചത്. എന്നാൽ കനേഡിയൻ അധികൃതർ തങ്ങളെ അമേരിക്കയിലേക്കു തന്നെ തിരിച്ചയച്ചു. അഭയാർഥികളെന്നോണം തങ്ങളെ സ്വീകരിക്കുന്നതിന് അവർ വിസമ്മതിച്ചു. 2017 മാർച്ചിൽ തങ്ങൾ വീണ്ടും കാനഡയിൽ പ്രവേശിക്കുന്നതിനും അഭയം തേടുന്നതിനും ശ്രമിച്ചു. ജീവിതത്തിൽ സ്ഥിരതയും പഠനത്തിനും തൊഴിലിനും അവസരവും തേടിയാണ് തങ്ങൾ കാനഡയിൽ അഭയം തേടുന്നതിന് ശ്രമിച്ചത്. രണ്ടാമത് കാനഡയിൽ പ്രവേശിക്കുന്നതിന് ശ്രമിച്ച തങ്ങളെ സുരക്ഷാ വകുപ്പുകൾ കൈകൾ പിറകിലേക്ക് പിടിച്ച് വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് നദ പറയുന്നു. 
മനുഷ്യാവകാശത്തെ പരസ്യത്തിനു വേണ്ടി ഏറ്റവുമധികം ഉപയോഗിക്കുന്ന കനേഡിയൻ ഗവൺമെന്റ് തങ്ങൾക്ക് അഭയം നൽകുന്നത് രണ്ടു വർഷമായി കാത്തിരിക്കുകയാണ് നദയും സഹോദരിയും. മനുഷ്യാവകാശങ്ങൾ ഒട്ടും മാനിക്കാതെ ഏറ്റവും മോശമായും പരുഷമായുമാണ് നദയെയും സഹോദരിയെയും കനേഡിയൻ അധികൃതർ അറസ്റ്റ് ചെയ്തത്. 
അറസ്റ്റിലായതു മുതൽ താനും സഹോദരിയും കടുത്ത ദുരിതങ്ങളിലൂടെയാണ് കഴിഞ്ഞു പോകുന്നതെന്ന് നദ പറയുന്നു. കുടുംബാംഗങ്ങളിൽ നിന്ന് അകന്ന് കഴിയുന്നത് കടുത്ത മാനസിക സംഘർഷങ്ങളാണ് സമ്മാനിക്കുന്നത്. കുടുംബാംഗങ്ങളെ കാണുന്നതിനോ അവരുടെ അടുത്തേക്ക് പോകുന്നതിനോ സാധിക്കുന്നില്ല. രണ്ടു വർഷമായി ഉമ്മാനെ കാണുന്നതിനുള്ള അടങ്ങാത്ത മോഹത്തിലാണ് തങ്ങൾ. താനും സഹോദരിയും അകപ്പെട്ട കേസ് ഏറെ വലുതാണ്. രണ്ടു വർഷമായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുന്നതിന് ഇളം പ്രായക്കാരായ താനും സഹോദരിയും അശക്തരാണ്. 
2017 മാർച്ചിൽ അറസ്റ്റിലായ ശേഷം ഇതുവരെ തങ്ങളുടെ ദുരിതം കേൾക്കുന്നതിനോ ഇതിന് പരിഹാരം കാണുന്നതിനോ ആരും മുന്നോട്ടുവന്നിട്ടില്ല. ഒരു വകുപ്പും ഒരു ഏജൻസിയും തങ്ങളെ സഹായിച്ചിട്ടുമില്ല. സ്ഥിരവാസത്തിനും പഠനം തുടരുന്നതിനും ഒരു സ്ഥലം ലഭിക്കണമെന്നു മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. പഠനം തുടരുന്നതിന് താനും സഹോദരിയും ആഗ്രഹിക്കുന്നു. പഠനത്തോടൊപ്പം നിത്യവൃത്തിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് ജോലി ചെയ്യുന്നതിനും തങ്ങൾക്ക് സാധിക്കും. തങ്ങളുടെ പ്രശ്‌നം പരിഹരിച്ച് അഭയാർഥി രേഖകൾ ലഭിക്കുക മാത്രമാണ് ആവശ്യം. അപേക്ഷയിൽ നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന മറുപടിയാണ് രണ്ടു വർഷമായി കനേഡിയൻ ഗവൺമെന്റ് നൽകുന്നതെന്നും നദ അലി പറഞ്ഞു. 
തങ്ങളുടെ ദുരിതം വിശദീകരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച നദ അലി ട്വിറ്ററിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കാനഡയിൽ മനുഷ്യാവകാശമുണ്ടെങ്കിൽ തങ്ങളുടെ പ്രശ്‌നം അവർ അനുഭാവപൂർവം പരിഗണിച്ച് ദുരിതത്തിന് അറുതിയുണ്ടാക്കുമായിരുന്നെന്നും പല തവണ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിട്ടും തങ്ങൾ ഇപ്പോഴും ദുരിതത്തിൽ തന്നെയാണ് കഴിയുന്നതെന്നും ലൈവ് വീഡിയോയിൽ നദ പറഞ്ഞു. രണ്ടു വർഷത്തിനിടെ കാനഡയിൽ എല്ലാ കവാടങ്ങളിലും താൻ മുട്ടിനോക്കി. പാർലമെന്റിനും അഭിഭാഷകർക്കും മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമെല്ലാം ഇ-മെയിലുകൾ അയച്ചതായും വീഡിയോയിൽ നദ പറഞ്ഞു. 
മനുഷ്യാവകാശ പ്രശ്‌നങ്ങളെ നീതിപൂർവമാണ് കനേഡിയൻ അധികൃതർ സമീപിക്കുന്നതെങ്കിൽ അഭിമുഖത്തിനും പ്രശ്‌നം വിശദീകരിക്കുന്നതിനും അവർ തങ്ങൾക്ക് അവസരം നൽകുമായിരുന്നു. അഭയം തേടിയുള്ള തങ്ങളുടെ അപേക്ഷ ഇതുവരെ കനേഡിയൻ അധികൃതർ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. കടുത്ത ദുരിതത്തിൽ കഴിയുന്നതിനിടെയും തനിക്കും സഹോദരിക്കും അഭയാർഥി രേഖകൾ ലഭിക്കുമെന്ന പ്രത്യാശയിലാണ് താൻ. തന്റെ ശബ്ദം കേൾക്കുന്നവർ അവകാശങ്ങൾ ആർജിക്കുന്നതിനും സമാധാനത്തോടെയും സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കുന്നതിന് കഴിയുന്നതിനും തങ്ങളെ സഹായിക്കണമെന്ന് നദ അലി അപേക്ഷിക്കുന്നു. 
പ്രത്യേകം തെരഞ്ഞെടുക്കുന്ന ചില പ്രശ്‌നങ്ങൾക്ക് കാനഡ അമിത പ്രാധാന്യമാണ് നൽകുന്നത്. ഇത്തരം പ്രശ്‌നങ്ങൾ രാഷ്ട്രീയവൽക്കരിക്കുന്നതിനും രാഷ്ട്രീയ അജണ്ടകൾക്കു വേണ്ടി ദുരുപയോഗിക്കുന്നതിനും കാനഡ ശ്രമിക്കുന്നു. ഇത് മനുഷ്യാവകാശ പ്രശ്‌നങ്ങളിലെ കാനഡയുടെ ഇരട്ടത്താപ്പാണ് തുറന്നു കാട്ടുന്നത്. വിദേശങ്ങളിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിന് കച്ചകെട്ടിയിറങ്ങിയ കനേഡിയൻ നേതാക്കൾ സ്വന്തം രാജ്യത്ത് മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണ്. 
യെമനി പെൺകുട്ടികളുടെ പ്രശ്‌നം കൈകാര്യം ചെയ്ത രീതിയിൽ നിന്ന് തീർത്തും വ്യത്യസ്തമായി, കുടുംബത്തിൽ നിന്ന് ഒളിച്ചോടിയ സൗദി പെൺകുട്ടി റഹഫ് മുഹമ്മദ് അൽഖുനൂനെ കാനഡ ഹാർദമായാണ് സ്വാഗതം ചെയതത്. കുടുംബത്തിൽ നിന്ന് ഒളിച്ചോടി ബാങ്കോക്ക് എയർപോർട്ടിൽ കുടുങ്ങുകയും പിന്നാലെ കാനഡയിൽ അഭയം തേടിയെത്തുകയും ചെയ്ത റഹഫ് മുഹമ്മദ് അൽഖുനൂനെ കാനേഡിയൻ വിദേശ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് ടൊറൊന്റോ എയർപോർട്ടിലെത്തി നേരിട്ട് സ്വീകരിക്കുകയായിരുന്നു. റഹഫിന്റേത് കുടുംബ പ്രശ്‌നമാണ്. എന്നാൽ ഇത് ആഗോള തലത്തിൽ വലിയ തോതിൽ പർവതീകരിക്കപ്പെടുകയായിരുന്നു.  

Latest News