സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടി

ന്യൂദല്‍ഹി- ഇസ്ലാമിക പ്രബോധകന്‍ സാകിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സാക്കിര്‍ നായിക്കിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയില്‍ മുംബെയിലും പൂനെയിലുമുളള 16 കോടി രൂപ വില വരുന്ന സ്ഥാവര ജംഗമ വസ്തുക്കളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കളളപ്പണം നിരോധന നിയമപ്രകാരമാണ് നടപടി. 
വിവാദ പ്രസംഗങ്ങള്‍ക്ക് കേസ് നേരിടുന്ന സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ വിവിധ ഘട്ടങ്ങളിലായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. കണക്കുകള്‍ പ്രകാരം, ഇത് വരെ 50.49 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ സാക്കിര്‍ നായിക് മലേഷ്യയിലാണ് താമസം. 

ഇന്ത്യയിലെ ഒരു നിയമവും താന്‍ ലംഘിച്ചിട്ടില്ലെന്നും ഇസ്ലാമിന്റെ ശത്രുക്കളാണ് തന്നെ വേട്ടയാടുന്നതെന്നും പ്രശസ്ത പ്രബോധകന്‍ സാക്കിര്‍ നായിക്ക്നേരത്തെ വ്യക്തമാക്കിയിരുന്നു. മലേഷ്യയില്‍ അഭയം തേടിയ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്വേഷ പ്രസംഗം, പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് സാക്കിര്‍ നായിക്ക് ഇന്ത്യയില്‍ നേരിടുന്നത്.

മലേഷ്യയില്‍ സ്ഥിരം താമസത്തിനുള്ള അനുമതി ലഭഫിച്ച 53 കാരനായ സാക്കിര്‍ നായിക് കഴിഞ്ഞ ഒരു വര്‍ഷമായി പൊതുപ്രഭാഷണങ്ങളൊന്നും നടത്തിയിട്ടില്ല.

മലേഷ്യയിലെ വടക്കന്‍ സംസ്ഥാനമായ പെര്‍ലിസിന്റെ തലസ്ഥാനമായ കാംഗറില്‍ നടത്തിയ പ്രഭാഷണത്തിലാണ് താന്‍ നിരപരാധിയാണെന്നും ഇസ്ലാം വിദ്വേഷത്തിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞത്.
സമാധാനമാണ് ഞാന്‍ പ്രചരിപ്പിച്ചത്. മാനവികത നേരിടുന്ന പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരങ്ങള്‍ സമര്‍പ്പിച്ചത്. സമൂഹത്തില്‍ സമാധാനം നിലനില്‍ക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് എന്നെ ഇഷ്ടപ്പെടാത്തത്. ഇസ്ലാമിനെ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടതിനാലാണ് എന്നെ ശത്രുക്കള്‍ ലക്ഷ്യമിട്ടത്- സാക്കിര്‍ നായിക് വിശദീകരിച്ചു.

ഇസ്ലാമിന്റെ മൗലികാധ്യാപനങ്ങള്‍ പിന്തുടരുന്ന താനൊരു മതമൗലികവാദിയാണ്. മുസ്ലിം മതമൗലികവാദിയെന്ന് വിളിക്കുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാക്കിര്‍ നായിക്കിനെ കൈമാറാന്‍ ഇന്ത്യ മലേഷ്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദം തുടരുകയാണ്. മലേഷ്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തിടത്തോളം കാലം സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തില്ലെന്ന് മലേഷ്യയിലെ പുതിയ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.

 സാക്കിര്‍ നായിക്കിന്റെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ നേരത്തെ തടഞ്ഞിരുന്നു. കള്ളപ്പണ നിയന്ത്രണ കേസുകള്‍ പരിഗണിക്കുന്ന ട്രൈബ്യൂണലിന്റെതാണ് നടപടി. വിഷയത്തില്‍ സ്വീകരിച്ച നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രൈബ്യൂണല്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു.

കേസ് പരിഗണിക്കവേ അന്വേഷണ ഏജന്‍സിയുടെ ഇരട്ടത്താപ്പ് ട്രെബ്യൂണല്‍ ചോദ്യം ചെയ്തിരുന്നു. ക്രിമിനല്‍ കേസ് വിചാരണ നേരിടുന്ന പത്തോളം സന്ന്യാസിമാരുണ്ട്. അവര്‍ക്കെല്ലാം 10,000 കോടിയുടെ സ്വത്തുക്കളുണ്ട്. ഇവര്‍ക്കെല്ലാം എതിരേ നിങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് ട്രെബ്യൂണല്‍  ചോദിച്ചു. ആള്‍ ദൈവം ആശാറാം ബാപ്പുവിനെതിരായ നടപടി എന്തായെന്നും അനധികൃത സ്വത്ത സമ്പാദനവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോയെന്നും ആരാഞ്ഞു.

സാക്കിര്‍ നായിക് യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് ഇ.ഡി അഭിഭാഷകന്‍ ചൂണ്ടികാട്ടിയപ്പോള്‍ പ്രഭാഷണം കേട്ട യുവാക്കള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവുണ്ടോയെന്നും ട്രെബ്യൂണല്‍ ചോദിച്ചു.

Latest News