Sorry, you need to enable JavaScript to visit this website.

ഭീകരാക്രമണ നീക്കം തകര്‍ത്തെന്ന് ദല്‍ഹി പോലീസ്; അറസ്റ്റിലായവരില്‍ കാസര്‍കോട് സ്വദേശി തസ്ലീം

ന്യൂദല്‍ഹി- കേരളത്തിലും തമിഴ്‌നാട്ടിലും ആര്‍.എസ്.എസ് നേതാക്കളെ ആക്രമിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേരെ പിടികൂടിയതായി ദല്‍ഹി പോലീസ് അറിയിച്ചു. ദല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് നടത്തിയത്. ഇവരില്‍ ഒരാള്‍ കാസര്‍കോട് സ്വദേശി മുഅ്തസിം എന്ന തസ്ലീമാണ്. 41 കാരനായ ഇയാളെ കഴിഞ്ഞയാഴ്ചയാണ് ദല്‍ഹി പോലീസ് കാസര്‍കോട് ചട്ടഞ്ചാലിലെ ഭാര്യവീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത് ദല്‍ഹിയിലേക്ക് കൊണ്ടുപോയത്. അതീവ രഹസ്യ സ്വഭാവമുള്ള കേസ് എന്നു മാത്രമാണ് ദല്‍ഹയില്‍നിന്നെത്തിയ നാലംഗ സംഘം കാസര്‍കോട് പോലീസിനെ അറിയിച്ചിരുന്നത്. വീടുവളഞ്ഞാണ് തസ്ലീമിനെ പിടികൂടിയിരുന്നത്.
ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന മൂന്ന് പേരാണ് അറസ്റ്റിലായതെന്ന് ദല്‍ഹി പോലീസ് പറയുന്നു. ദല്‍ഹിക്കാരനായ ശൈഖ് റിയാസുദ്ദീന്‍, അഫ്ഗാന്‍ പൗരന്‍ വാലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍.  ദക്ഷിണേന്ത്യയില്‍ സമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ആക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള അധോലോക കുറ്റവാളി റസൂല്‍ ഖാനാണ്.

http://malayalamnewsdaily.com/sites/default/files/2019/01/19/thasleem1.jpg

തസ്ലീം കാസര്‍കോട് നടന്ന ബി.ജെ.പി പരിപാടിയില്‍.

ആക്രമണം നടത്തുന്നതിന് ആര്‍.എസ്.എസ് നേതാക്കളുടെ വീടുകളും മറ്റും കണ്ടെത്തുകയായിരുന്നു മഅ്തസിമിന്റെ ദൗത്യമെന്നും ശൈഖ് റിയാസുദ്ദീനാണ് മറ്റു സൗകര്യങ്ങളേര്‍പ്പെടുത്തുന്നതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. നിറയൊഴിക്കുന്നതില്‍ വിഗ്ധനാണ് അഫ്ഗാന്‍ പൗരനായ വാലി മുഹമ്മദ്.
കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ മുഅ്തസിം ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കൗണ്‍സില്‍ അംഗമായും ഉദുമ മണ്ഡലം കണ്‍വീനറുമായി പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യന്‍ ചാര സംഘടനയായ റോയുമായി ദുബായില്‍ ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നു. തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ 2011 ല്‍ അറസ്റ്റ് ചെയ്ത് കേരളത്തില്‍ കൊണ്ടുവന്നിരുന്നു. അന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തെങ്കിലും നിരപരാധിയാണെന്ന് കണ്ടെത്തി 12 ദിവസത്തിനുശേഷം വിട്ടയക്കുകയായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയും ദേശീയ അന്വേഷണ ഏജന്‍സിയുമാണ് നിരപരാധിയാണെന്ന റിപ്പോര്‍ട്ട് നല്‍കിയത്.

 

Latest News