കൊറിയൻ മെസ്സിയെ തേടി

അതിനൈപുണ്യമുള്ള കളിക്കാരെ വളർത്തെയെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം, ലിയണൽ മെസ്സിയെ പോലുള്ള കളിക്കാരുടെ പ്രതിഭ പോലും മറികടക്കുന്നവരെ -പറയുന്നത് കോച്ച് റി യു ഇൽ. വടക്കൻ കൊറിയയിലെ ഏക ഫുട്‌ബോൾ അക്കാദമിയിലെ പരിശീലകൻ. ലോക ഫുട്‌ബോളിന്റെ ആരവങ്ങളിൽനിന്ന് അകന്ന് വടക്കൻ കൊറിയയിലെ ഈ അക്കാദമിയിൽ തീവ്ര പരിശീലനത്തിലേർപ്പെട്ടിരിക്കുകയാണ് നിരവധി കുട്ടികൾ. ലോക റാങ്കിംഗിൽ വടക്കൻ കൊറിയയുടെ സ്ഥാനം അങ്ങ് താഴെ 126 ാമതാണ്. അയൽക്കാരും ബദ്ധവൈരികളുമായ തെക്കൻ കൊറിയക്ക് ഏറെ പിന്നിൽ. പക്ഷെ അവരുടെ സ്വപ്നം അങ്ങ് മുകളിലാണ്. 'തൽക്കാലം ഏഷ്യയിൽ പയറ്റാൻ പറ്റുന്ന കളിക്കാരെ സൃഷ്ടിച്ചെടുക്കണം. വൈകാതെ ലോകം കീഴടക്കുന്ന കളിക്കാർ വളർന്നു വരും' -റി ആത്മവിശ്വാസത്തോടെ പറഞ്ഞു. ഒമ്പതിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള ഇരുനൂറോളം കുട്ടികളുണ്ട് റിയുടെ അക്കാദമിയിൽ. അതിൽ 40 ശതമാനത്തോളം പെൺകുട്ടികളാണ് എന്നതാണ് ശ്രദ്ധേയം. പ്രാക്ടിക്കൽ മാത്രമല്ല, അവർക്ക് തിയറി ക്ലാസുകളുമുണ്ട്. 
ഒരിക്കൽ വടക്കൻ കൊറിയ ലോകത്തെ അമ്പരപ്പിച്ചിരുന്നു -1966 ലെ ലോകകപ്പിൽ. കൊലകൊമ്പന്മാരായ ഇറ്റലിയെ 1-0 ന് അട്ടിമറിക്കുകയും യുസേബിയൊ അണിനിരന്ന പോർചുഗലിനെ വിറപ്പിക്കുകയും ചെയ്ത ആ ടീമിന്റെ ഗോളി റിയുടെ പിതാവായിരുന്നു, റി ചാംഗ് മ്യുംഗ്. അതൊരു മിന്നായം മാത്രമായി, പിന്നീട് വടക്കൻ കൊറിയ ലോകകപ്പ് കളിച്ചത് 44 വർഷത്തിനു ശേഷമാണ്, അതൊരു പൊയ്‌വെടിയായി. ഗ്രൂപ്പിലെ മൂന്നു കളികളും അവർ തോറ്റു. 
കഴിവുള്ള കളിക്കാർ വടക്കൻ കൊറിയയിലുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ അവർക്ക് വടക്കൻ കൊറിയയിൽ കളിക്കാനേ അവസരമുള്ളൂ. വടക്കൻ കൊറിയൻ ക്ലബ്ബുകൾ ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പുകളിൽ പോലും മത്സരിക്കാറില്ല. വടക്കൻ കൊറിയൻ ലീഗിലാവട്ടെ ആകെ 11 ടീമുകളേയുള്ളൂ. ലീഗ് മത്സരം കാണാൻ 300 പേർ എത്തിയാൽ ഭാഗ്യം. വടക്കൻ കൊറിയയുടെ ദേശീയ കളിക്കാർക്ക് മത്സര പരിചയം വളരെ കുറവാണ്. ഇടതടവില്ലാത്ത പരിശീലനം മാത്രമാണ് അവരുടെ സമ്പത്ത്. 
വടക്കൻ കൊറിയക്കെതിരെ സാമ്പത്തിക ഉപരോധം നിലനിൽക്കുന്നതിനാൽ ഫിഫയുടെ സഹായം പോലും അവരിലെത്തുന്നില്ല. രാജ്യത്തെ ഫുട്‌ബോൾ വളർച്ചക്കായി അനുവദിച്ചിരുന്ന ഫിഫയുടെ സഹായം 17 ലക്ഷം ഡോളർ പോലും പിൻവലിക്കേണ്ടി വന്നു. ഫിഫ ആസ്ഥാനമായ സ്വിറ്റ്‌സർലന്റിൽനിന്ന് വടക്കൻ കൊറിയയിലേക്ക് പണം കൈമാറാൻ വഴികളില്ലെന്നതു തന്നെ പ്രശ്‌നം. വടക്കൻ കൊറിയക്കാരനായ ഒരു കളിക്കാരൻ ഇറ്റലിയെ ഫിയറന്റീന ക്ലബ്ബിന്റെ യൂത്ത് ടീമിലുണ്ടായിരുന്നു. ഉപരോധം മറികടന്ന് വിദേശ നാണയം സമ്പാദിക്കാൻ ഈ കളിക്കാരനെ കൊറിയ ഉപയോഗിക്കുമെന്നു പറഞ്ഞ് ഇറ്റാലിയൻ പാർലമെന്റിൽ ചോദ്യമുണ്ടായതോടെ കളിക്കാരന്റെ കരാർ ഫിയറന്റീന റദ്ദാക്കി. 
പ്യോംഗ്‌യാംഗിലെ അക്കാദമിക്ക് നേരത്തെ ഫിഫ സഹായം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവരും സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. അക്കാദമിയിലെ ട്രെയ്‌നികളുടെ ഏറ്റവും വലിയ സ്വപ്നം ദേശീയ ടീമിന്റെ ജഴ്‌സിയിടുകയാണ്. ആ സ്വപ്നം തകർന്നാൽ പകരമൊരു ജീവിത മാർഗം പോലുമില്ലാതാവും ഈ ട്രെയ്‌നികൾക്ക്.
 

Latest News