കൊണ്ടോട്ടി- മൂന്ന് വർഷത്തിനിടെ കൊണ്ടോട്ടി മണ്ഡലത്തിലെ മുസ്‌ലിം ലീഗ്, കോൺഗ്രസ് അനൈക്യം തീർത്തപ്പോൾ യു.ഡി.എഫിന് ലഭിച്ചത് ഒരു നഗരസഭയും ഒരു പഞ്ചായത്തും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കോൺഗ്രസും, മുസ്‌ലിം ലീഗും വേറിട്ട് മൽസരിച്ചതിനെ തുടർന്ന് യു.ഡി.എഫിന് നഷ്ടപ്പെട്ട കൊണ്ടോട്ടി നഗരസഭയും, വാഴക്കാട് പഞ്ചായത്തുമാണ് മുന്നണി ബന്ധം വിളക്കിച്ചേർത്തതോടെ യു.ഡി.എഫ് കോട്ടക്കുളളിലായത്. കൊണ്ടോട്ടി നഗരസഭയിൽ കഴിഞ്ഞ ഫെബ്രുവരിയിലും, വാഴക്കാട് പഞ്ചായത്തിൽ ഇന്നലെയുമാണ് യു.ഡി.എഫ് ഭരണം നിലവിൽ വന്നത്. രണ്ടിടങ്ങളിലും സി.പി.എമ്മും കോൺഗ്രസും തമ്മിലുണ്ടാക്കിയ മുന്നണി സഖ്യം പരാജയപ്പെട്ടതോടെയാണ് ഇരു പാർട്ടികളും ഒന്നിച്ചത്.
കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും, കൊണ്ടോട്ടി നഗരസഭയിലുമുണ്ടായ മുസ്‌ലിം ലീഗ് കോൺഗ്രസ് അനൈക്യം തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് ഏറെ വിവാദമായിരുന്നു. ഇതിൽ കൊണ്ടോട്ടിയും വാഴക്കാടും ഒഴിച്ചുളള സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പരിഹരിക്കാനായിരുന്നു.എന്നാൽ കൊണ്ടോട്ടി നഗരസഭയിലും,വാഴക്കാട് പഞ്ചായത്തിലും സീറ്റ് വിഭജനം കീറാമുട്ടിയായതോടെ ജില്ലാ-സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹരിക്കാനായില്ല.തുടർന്ന് കോൺഗ്രസ് സി.പി.എമ്മുമായി ചേർന്ന് മുന്നണിയുണ്ടാക്കി രണ്ടിടങ്ങളിലും മൽസരിച്ച് അധികാരത്തിലെത്തി.കൊണ്ടോട്ടിയിൽ നഗരസഭ ചെയർമാൻ സ്ഥാനവും,വാഴക്കാട് വൈസ് പ്രസിഡണ്ട് സ്ഥാനവുമായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്.മുസ്ലിംലീഗ് പ്രതിപക്ഷത്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് പിറകെ എത്തിയ നിയമസഭാ,ലോകസഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ആയി ഇരുപാർട്ടികളും ചേർന്ന് വോട്ട് തേടിയെങ്കിലും രണ്ടിടങ്ങളിലും അധികാരം വിടാൻ തയ്യാറായില്ല.ഇതിനിടെ സി.പി.എമ്മുമായി ഭരണം പങ്കിടുന്നതിനോട് കോൺഗ്രസ് ജില്ലാ-സംസ്ഥാന നേതൃത്വം ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.തുടർന്നാണ് ആദ്യം കോൺഗ്രസ് സി.പി.എം ബന്ധം വിട്ട് യു.ഡി.എഫ് പാളയത്തിലേക്ക് കോൺഗ്രസ് കൊണ്ടോട്ടി ഘടകമെത്തുന്നത്.കഴിഞ്ഞ മാസം വനിതാ മതിലിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വാഴക്കാട് കോൺഗ്രസ്-സി.പി.എം സഖ്യം തകരുന്നത്.പ്രതിപക്ഷമായ മുസ്ലിംലീഗ് കൊണ്ടുവന്ന വനിതാ മതിൽ അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യത്തിന് കോൺഗ്രസും അനുകൂലിച്ചതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.ഇന്നലെ വാഴക്കാട് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ മുസ്ലിംലീഗിലെ കെ.എം.ജമീലയെ തെരഞ്ഞെടുക്കുകയായിരുന്നു.
കൊണ്ടോട്ടി നഗരസഭയും വാഴക്കാട് പഞ്ചായത്തും യു.ഡി.എഫിന് ഒപ്പം വന്നതോടെ കൊണ്ടോട്ടി മണ്ഡലത്തിൽ ഇടുത് ഭരണമുളള ഏക പഞ്ചായത്ത് വാഴയൂർ മാത്രമായി.