നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വന്‍ സ്വര്‍ണക്കടത്തിലെ അന്വേഷണം ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരിലേക്ക് നീളുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് സമീപ കാലത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. രണ്ട് കോടിയുടെ എട്ട് കിലോ സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.
ഇതിനിടയില്‍ വിമാനത്തില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന ജീവനക്കാരുടെ തലയില്‍ സംഭവം കെട്ടിവെക്കുന്നതിനു നീക്കം നടക്കുന്നതായും പരാതിയുയര്‍ന്നു. തിങ്കളാഴ്ച രാത്രി ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ജെറ്റ് എയര്‍വേസ് വിമാനത്തിലെ വേസ്റ്റ് ബോക്സിലാണ് രണ്ട് പാക്കറ്റുകളിലായി സ്വര്‍ണം കലര്‍ന്ന മിശ്രിതം കണ്ടെത്തിയത്. ക്ലീനിംഗ് നടത്തുന്നതിനിടെ സ്വര്‍ണം പുറത്തെത്തിക്കാന്‍ വിമാനക്കമ്പനി ജീവനക്കാര്‍ ആരെങ്കിലും സ്വര്‍ണ മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. വിമാനക്കമ്പനി ജീവനക്കാര്‍, ഗ്രൗണ്ട് ഹാന്റ്‌ലിംഗ് തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സഹായമില്ലാതെ സ്വര്‍ണം പുറത്തെത്തിക്കുക എളുപ്പമല്ലെന്ന് കസ്റ്റംസ് കരുതുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്ത് നിന്നും എത്തുന്ന മലയാളികളായ യാത്രക്കാര്‍ വഴിയായിരുന്നു സ്വര്‍ണം കടത്തിയിരുന്നതെങ്കില്‍ പരിശോധന ശക്തമായതിനെ തുടര്‍ന്ന് വിദേശികളൈ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് സജീവമാക്കുവാന്‍ തുടങ്ങി. ഇതും പിടികൂടുവാന്‍ തുടങ്ങിയതോടെ സ്വര്‍ണ കള്ളക്കടത്ത് സംഘം യാത്രക്കാര്‍ വഴി സ്വര്‍ണം പല രൂപത്തിലാക്കി പല തരത്തിലാണ് കടത്തുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ സ്വര്‍ണം കുഴമ്പ് രൂപത്തിലുള്ള മിശ്രിതത്തിലായിരുന്നു. മിശ്രിതത്തില്‍ നിന്നും വേര്‍പ്പെടുത്തിയപ്പോള്‍ 5.7 കിലോ സ്വര്‍ണമാണ് കിട്ടിയത്.
വിമാനത്തിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തില്‍ സ്വര്‍ണ മിശ്രിതം പുറത്തെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും സംശയിക്കുന്നു. ഇത്തരത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ക്കൊപ്പം പുറത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോഗ്രാം സ്വര്‍ണം കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. കോഴിക്കറിയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. നേരിട്ട് സ്വര്‍ണം കടത്തുന്നത് വളരെ പെട്ടെന്ന് പിടികൂടുന്നതിനെ തുടര്‍ന്നാണ് സ്വര്‍ണ മാഫിയ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നത്.