കുവൈത്ത് സിറ്റി- രാജ്യത്ത് ഫാമിലി വിസ ഭാര്യക്കും മക്കള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിലെ റസിഡൻഷ്യല്‍–പാസ്പോർട്ട്കാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽ ജർറാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ രക്ഷിതാക്കളും സഹോദരങ്ങളുമായി കുടുംബ വിസയിൽ 11,500 വിദേശികള്‍ കുവൈത്തിലുണ്ട്. ഇവർക്ക് കുടുംബ വിസ പുതുക്കി നല്‍കില്ല. ഇവരെ പ്രത്യേക ബ്ലോക്കായി തിരിച്ച് പാസ്പോർട്ടുകളിൽ അടയാളപ്പെടുത്തും. കുടുംബ വിസയുടെ കാലാവധി തീരാറായവർ റസിഡൻഷ്യൽ ഡിപ്പാർട്ട്മെന്റ് മേധാവിയുടെ ഓഫിസുമായി ബന്ധപ്പെട്ട് തുടർനടപടി കൈക്കൊള്ളണം.
വിസ തീർന്നവർക്ക് നാട്ടിലേക്ക് മടങ്ങാനാവശ്യമായ നടപടികൾക്കായി മൂന്നു മാസത്തെ താൽക്കാലിക ഇഖാമ അനുവദിക്കും. നിയമം പ്രാബല്യത്തിലായതോടെ വിദേശികൾക്ക് ഭാര്യ, മക്കൾ എന്നിവരെ മാത്രമേ കുവൈത്തിലേക്ക് കുടുംബ വിസയിൽ കൊണ്ടുവരാൻ സാധിക്കൂ.