ഐ.എസില്‍ ചേരാന്‍ പോയ സംഘത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സൂചന

കണ്ണൂര്‍- കണ്ണൂരില്‍ നിന്നും ഏറ്റവുമൊടുവില്‍ ഐ.എസില്‍ ചേരാന്‍ പോയ സംഘത്തില്‍പെട്ട യുവാവ് കൊല്ലപ്പെട്ടതായി സൂചന. സംഘാംഗങ്ങളില്‍ ഒരാള്‍ നാട്ടിലേക്കയച്ച ശബ്ദ സന്ദേശത്തിലാണ് സൂചന ലഭിച്ചത്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അഴീക്കോട് പൂതപ്പാറ സ്വദേശിയും കണ്ണൂര്‍ സിറ്റിയില്‍ താമസക്കാരനുമായ അന്‍വര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
കഴിഞ്ഞ നവംബര്‍ 20 നാണ് കണ്ണൂര്‍ അഴീക്കോട് നിന്നുള്ള രണ്ട് കുടുംബങ്ങളും കണ്ണൂര്‍ സിറ്റിയില്‍ നിന്നുള്ള ഒരാളും നാടുവിട്ടത്. അഴീക്കോട് പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, സുഹൃത്ത് പൂതപ്പാറയിലെ അന്‍വര്‍, ഭാര്യ അഫ്‌സീല, മൂന്നു മക്കള്‍, കണ്ണര്‍ സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നാട്ടില്‍ നിന്നും പുറപ്പെട്ടത്. മൈസൂരിലേക്കു വിനോദ യാത്രക്കെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇവര്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരം നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ യു.എ.ഇയിലേക്കു പോയതായും അവിടെ നിന്നും പിന്നീട് മുങ്ങിയെന്നും വ്യക്തമായി. ഇതേക്കുറിച്ച് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം ഇറാനിലെത്തിയതായി കണ്ടെത്തിയത്.
അന്‍വറിന്റെ ഭാര്യ അഫ്‌സീല, ഒരു നവ മാധ്യമം വഴി നാട്ടിലുള്ള ഒരു മാധ്യമ പ്രവര്‍ത്തകനു അയച്ച സന്ദേശത്തിലാണ് അന്‍വര്‍ കൊല്ലപ്പെട്ടുവെന്ന സൂചന ലഭിച്ചത്. ഈ വിവരം പുറത്തു വന്നതിനെത്തുടര്‍ന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തില്‍, കേരളത്തില്‍ ഏറെ പരിചിതമല്ലാത്തതും വിദേശ രാജ്യങ്ങളില്‍ ആശയവിനിമയത്തിനുപയോഗിക്കുകയും ചെയ്യുന്ന ടെലഗ്രാം എന്ന ആപ്ലിക്കേഷനിലൂടെയാണ് ഇവര്‍ സന്ദേശമയച്ചതെന്ന കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടതായി നേരിട്ടു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സമാനമായ രീതിയിലാണ് ഇവര്‍ പ്രതികരിച്ചത്.  പാപ്പിനിശ്ശേരിയില്‍ നിന്നും സിറിയയില്‍ പോയി കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അഫ്‌സീല.
ഷമീറിന്റെ അടുത്ത സുഹൃത്താണ് നാടുവിട്ട സജ്ജാദ്. സജ്ജാദിന്റെ ഭാര്യ കുടക് സ്വദേശിനിയാണ്. മതം മാറിയ ശേഷമാണ് ഇവര്‍ ഷാഹിന എന്ന പേരു സ്വീകരിച്ചത്. ഷമീറിന്റെ മക്കളായ സല്‍മാന്‍, സഫ്‌വാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

 

Latest News