Sorry, you need to enable JavaScript to visit this website.

പള്ളി പണിയാന്‍ പിരിവിനെത്തി, ബിസിനസ് ഭീമനായ കഥ, ഇത് ഡോ. ആസാദ് മൂപ്പന്‍

ദുബായ്- മലപ്പുറം ജില്ലയിലെ സ്വന്തം നാടായ  കല്‍പകഞ്ചേരിയിലെ പള്ളി പുതുക്കിപ്പണിയാന്‍ പിരിവിനായി 31 വര്‍ഷം മുമ്പ് ദുബായില്‍ കാല്‍കുത്തിയതാണ് ഡോ. ആസാദ് മൂപ്പന്‍. സന്നദ്ധ സേവനവുമായുള്ള ആ വരവ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. ഇന്ന് യു.എ.ഇയിലും കേരളത്തിലും ആതുരശുശ്രൂഷ രംഗത്ത് തലയെടുപ്പുള്ള പേരായി മാറി അദ്ദേഹം. കോടികളുടെ വിറ്റുവരവുള്ള ബിസിനസ് ഭീമന്‍.

1987 ല്‍ ദുബായില്‍ വരുമ്പോള്‍ പള്ളി പണിയാന്‍ 10 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന് വേണ്ടത്. അന്നത്തെ വിനിമയ നിരക്കനുസരിച്ച് 2,50,000 ദിര്‍ഹം. പണം പിരിച്ച് മടങ്ങുക മാത്രമായിരുന്നു ഉദ്ദേശ്യം. ദുബായില്‍ ഒരു പ്രവാസിയാകാന്‍ അദ്ദേഹം കരുതിയതേയില്ല.

http://malayalamnewsdaily.com/sites/default/files/2019/01/16/moopenwiferesources1.jpg

എന്നാല്‍ നിയോഗം മറ്റൊന്നായിരുന്നു. ജനറല്‍ മെഡിസിനില്‍ സ്വര്‍ണ മെഡലോടെ പഠനം പൂര്‍ത്തിയാക്കി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അധ്യാപകനായി ജോലി നോക്കുന്ന കാലമായിരുന്നു അത്. ദുബായില്‍ കാലുകുത്തിയതിന് പിന്നിലെ ആ വലിയ, നന്മ നിറഞ്ഞ ലക്ഷ്യമായിരിക്കാം ദൈവകൃപയുടെ അടിസ്ഥാനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഒരു ഗള്‍ഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. ആസാദ് മൂപ്പന്‍ മനസ്സ് തുറന്നത്.
ഇന്ന് യു.എ.ഇയിലെ ഓരോ മലയാളിക്കും, അല്ല യു.എ.ഇയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും സുപരിചിതമായ നാമമാണ് അദ്ദേഹത്തിന്റേത്. യു.എ.ഇയിലും, ഏഷ്യ-പസഫിക്കിലും നീണ്ടുകിടക്കുന്ന ആശുപത്രി ശൃംഖലകളുടെ ഉടമയാണ് ഇന്ന് അദ്ദേഹം.

ആസ്റ്റര്‍ ഡി.എം ഹെല്‍ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. മൂപ്പന്‍ ഇന്ന്. 2018 സെപ്റ്റംബര്‍ 21 ലെ കണക്കനുസരിച്ച് 21 ഹോസ്പിറ്റലുകള്‍, 113 ക്ലിനിക്കുകള്‍, 216 ഫാര്‍മസികള്‍ എന്നിവ കമ്പനിയുടെ കീഴിലുണ്ട്. ഒമ്പതു രാജ്യങ്ങളിലായി അര ലക്ഷം രോഗികളെയാണ് പ്രതിദിനം ഈ ആശുപത്രികളില്‍ ചികിത്സിക്കുന്നത്. 2018 ല്‍ ആസ്റ്ററിലെത്തിയ രോഗികളുടെ എണ്ണം 17 ദശലക്ഷം. ഇതില്‍ 15 ദശലക്ഷവും യു.എ.ഇയില്‍. ബാക്കി ഇന്ത്യയില്‍. പുതുതായി അഞ്ചു ആശുപത്രികള്‍ ഉടന്‍ തുടങ്ങും.

പള്ളിക്ക് പണം പിരിച്ച് മടങ്ങിപ്പോയ മൂപ്പന്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഉള്‍വിളിയെന്നോണം തിരിച്ചെത്തി. അജ്മാനില്‍ സുഹൃത്തായ ഡോക്ടറുടെ ക്ലിനിക്കില്‍ പ്രാക്ടീസ്. പിന്നീട് ബര്‍ദുബായിലെ രണ്ടുമുറി ഫ്‌ളാറ്റില്‍ സ്വന്തമായി ക്ലിനിക്. അവിടെയാരംഭിക്കുന്നു ആ വിജയഗാഥയുടെ തുടക്കം.

2017 ല്‍ ഫോബ്‌സ് പട്ടികയില്‍ യു.എ.ഇയിലെ 100 ഇന്ത്യന്‍ നേതാക്കളുടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തിയ ഈ മലപ്പുറത്തുകാരന്റെ വിജയഗാഥ ഏതൊരു സംരംഭകനും അനുകരണീയമാണ്.

 

 

 

 

 

Latest News