ഹൈദരാബാദ്- തനിക്കു നേരെ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ വൈ എസ് ആർ കോണ്ഗ്രസ് പ്രസിഡന്റ് ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരി പൊലീസിനെ സമീപിച്ചു. തന്നെയും തെലുങ്ക് നടൻ പ്രഭാസിനെയും ചേർത്ത് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണതിനെതിരെയാണ് വൈ എസ് ശർമിള ഹൈദരാബാദ് പൊലീസിന് പരാതി നൽകിയത്.
ഭർത്താവ് അനിൽ കുമാറിനൊപ്പം എത്തിയ അവർ കമ്മീഷണർ അഞ്ജനി കുമാറിന് പരാതി നൽകുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതെന്ന് അവർ പറഞ്ഞു. തെലുങ്ക് ദേശം പാർട്ടിയുടെ പ്രവർത്തകരാണ് അപവാദ പ്രചാരണത്തിന് പിന്നിലെന്നാണ് ശർമിളയുടെ ആരോപണം.
താൻ ഒരു അമ്മയാണെന്നും പ്രഭാസിനോട് യാതൊരു വിധത്തിലുള്ള ബന്ധങ്ങളും ഇല്ലെന്നും തെലുങ്ക് സൂപ്പർ സ്റ്റാറിനോട് സംസാരിച്ചിട്ടു പോലുമില്ലെന്നും ശർമിള പറഞ്ഞു.