അഞ്ച് ലക്ഷം ദിര്‍ഹം വാങ്ങി മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച അമ്മയ്ക്ക് ഷാര്‍ജയില്‍ തടവു ശിക്ഷ

ഷാര്‍ജ- ഇടപാടുകാരനില്‍ നിന്നും അഞ്ച് ലക്ഷം ദിര്‍ഹവും സ്വര്‍ണ നെക്ലേസും വാങ്ങി പ്രയാപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ലൈംഗിക ബന്ധത്തിനായി വിട്ടു കൊടുത്ത അമ്മയെ ഷാര്‍ജ കോടതി ഒരു വര്‍ഷം തടവിനു ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ നാടുകടത്താനും ഷാര്‍ജ ക്രിമിനല്‍ കോടതി വിധിച്ചു. 17-കാരിയായ മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിനാണ് ശിക്ഷ. പ്രായപൂര്‍ത്തിയെത്താത്ത മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ചതിനാണ് യുവതിയെ പോലീസ് കയ്യോടെ പിടികൂടിയത്. ഇവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയും മകളെ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന് മറ്റു മൂന്ന് സ്ത്രീകളേയും കോടതി ശിക്ഷിച്ചിട്ടുണ്ട്. 

ഷാര്‍ജാ പോലീസ് നടത്തിയ രഹസ്യ ഓപറേഷനിലൂടെയാണ് യുവതിയെ കയ്യോടെ പിടികൂടിയത്. ഇടപാടുകാരെന്ന വ്യാജേന എത്തിയ പോലീസ് ഓഫീസര്‍മാരില്‍ നിന്നും പണം സ്വീകരിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അമ്മ തന്നെ ഒരു ഹോട്ടലിലേക്കു പോകാനും അവിടെ ഒരാളുമായി കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. ഇടപാടുകാരന്‍ ചമഞ്ഞെത്തിയ പോലീസ് ഓഫീസര്‍ പെണ്‍കുട്ടിയെ സ്വീകരിക്കുകയും അമ്മയ്ക്കു പണം കൈമാറുകയും ചെയ്യുന്നതിനിടെയാണ് മറ്റു പോലീസ് ഓഫീസര്‍മാരെത്തി യുവതിയെ പിടികൂടിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തന്റെ കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പണത്തിനു വേണ്ടി ചൂഷണം ചെയ്ത് ലൈംഗിക വൃത്തിക്കും നൃത്തപരിപാടികള്‍ക്കും ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
 

Latest News