റിയാദ് - ഹജ്, ഉംറ, മസ്ജിദുന്നബവി സന്ദർശനം എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനങ്ങൾക്കും 'മത ടൂറിസം' എന്ന സാങ്കേതിക സംജ്ഞ ഉപയോഗിക്കരുതെന്ന് ടൂറിസം കമ്പനികൾക്കും മാധ്യമങ്ങൾക്കും ഉന്നതാധികൃതർ നിർദേശം നൽകി.
ഹജ്, ഉംറ, മസ്ജിദുന്നബവി സിയാറത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ മത ടൂറിസം എന്ന് വിളിക്കുന്നത് വിലക്കാൻ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ രാഷ്ട്രീയ, സുരക്ഷാ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു.
മത ടൂറിസം എന്ന വാക്ക് മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ഈ സംജ്ഞ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും നിർദേശമുണ്ട്. ഹജ്, ഉംറ യാത്രകൾ സംഘടിപ്പിക്കുന്ന ടൂറിസം കമ്പനികൾക്കും ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ട്.