ഭുവനേശ്വര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനായി ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചതിനു പുറമേ ഒഡീഷയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഹെലിപ്പാടൊരുക്കാനാണ് മരങ്ങള്‍ മുറിച്ചത്. നഗരം ഹരിതവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് നട്ടുപിടിപ്പിച്ച 1200 മരത്തൈകളാണ് ബലംഗീറില്‍ മോഡിയുടെ റാലിക്കു വേണ്ടി വെട്ടി നശിപ്പിച്ചത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പുറമേ വനം വകുപ്പ് ഉദ്യോഗസ്ഥര്ക്കുമിടയിലും പ്രതിഷേധമുണ്ട്. അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചതെന്ന് ബാലംഗീര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സമീര്‍ സത്പതി പറഞ്ഞു. ' മരങ്ങള്‍ മുറിക്കുമ്പോള്‍ ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു. സ്ഥലത്തുളളവര്‍ പറഞ്ഞത് ഉന്നത വൃത്തങ്ങളില്‍ നിന്ന് മരം മുറിച്ച് ഹെലിപാഡുണ്ടാക്കാന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു ലഭിച്ച മറുപടി,' അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
2.25 ഹെക്ടര്‍ ഭൂമിയിലെ മരങ്ങളാണ് മുറിച്ചു മാറ്റിയത്. മരങ്ങള്‍ മുറിച്ച സ്ഥലത്ത് അടുത്ത ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. ബിജെപി റാലിയില്‍ പങ്കെടുക്കുന്നതിന് പുറമേ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അതിനിടെ, വിവാദം അനാവശ്യമാണെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഭയക്കുന്നവരാണ് വിവാദത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ പ്രതികരിച്ചു.






