സംഘ്പരിവാര്‍ അസഹിഷ്ണുത വീണ്ടും; കവിക്കെതിരെ ആക്രമണം, വേദി തകര്‍ത്തു.

കൊല്‍ക്കത്ത- രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുളള ഹിന്ദുത്വവാദികളുടെ അസഹിഷ്ണുത തുടരുന്നു. വലതുപക്ഷ തീവ്രവാദത്തിന്റെ ഒടുവിലത്തെ ഇരയാണ് ബംഗാളി കവി ശ്രീജാത്തോ ബന്ദ്യോപാധ്യായ്. അസ്സമിലെ സില്‍ച്ചാറില്‍ ഒരു സംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശ്രീജാത്തെക്കെതിരെ ഹിന്ദുത്വര്‍ ശനിയാഴ്ച രാത്രി ഭീഷണി മുഴക്കുകയും അദ്ദേഹം പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
ശ്രീജാത്തോ താമസിച്ചിരുന്ന സില്‍ച്ചാറിലെ പാര്‍ക്ക് റോഡിലുളള ഒരു ഹോട്ടലിലേക്ക് പ്രാദേശിക ബിജെപി നേതാവ് ബസുദേബ് ശര്‍മയുടെ നേതൃത്വത്തിലുളള ഒരു സംഘം എത്തുകയും കവിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ ഹോട്ടലിലായിരുന്നു ശ്രീജാത്തോ പങ്കേടുക്കേണ്ട സാംസ്‌കാരിക പരിപാടി നിശ്ചയിക്കപ്പെട്ടത്. കവി എത്തിയപ്പോള്‍ സംഘത്തിലൊരാള്‍ അഭിഷപ് (ശാപം) എന്ന കവിതയിലെ തൃശൂലത്തെക്കുറിച്ചുളള പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചു. കവിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ സംഘാടകര്‍ ഇടപെടുകയും മാന്യമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രകോപിതരായ ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിനുളളില്‍ ബഹളം വെക്കുകയും പ്രതിഷേധത്തിനിടെ നാശനഷ്ടങ്ങളുണ്ടാക്കുകയും വേദി തകര്‍ക്കുകയും ചെയ്തു. രണ്ട് മണിക്കൂറിന് ശേഷം, പൊലീസെത്തി ശ്രീജാത്തോയെ വേദിക്ക് പുറത്തേക്ക് കൊണ്ടു പോയി. 
ഹൈന്ദവ ചിഹ്നമായ തൃശൂലിനെതിരെ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ച് കവിക്കെതിരെ നേരത്തെ അസ്സമിലെ ഹിന്ദുത്വ സംഘടന പൊലീസിനെ സമീപിച്ചിരുന്നു.
അസ്സമില്‍ താന്‍ കണ്ടത് രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ ഒരു ആവിഷ്‌കാരമാണെന്ന് സില്‍ച്ചാറില്‍ നിന്ന് ഞായറാഴ്ച രാവിലെ കൊല്‍ക്കത്തയിലെത്തിയ ശ്രീജാത്തോ പറഞ്ഞു.
അസ്സമിലെയും ബംഗാളിലെയും കവികളും എഴുത്തുകാരും സംഭവത്തെ അപലപിച്ചിട്ടുണ്ട്.
 

Latest News