Sorry, you need to enable JavaScript to visit this website.

ഉടനടി നിര്‍ത്തേണ്ട ആറു  മോശം സ്വഭാവരീതികള്‍ 

കാണുമ്പോഴും സംസാരിക്കുമ്പോഴും എന്തൊരു മാന്യത! എന്തെങ്കിലും ഒരു ചീത്ത സ്വഭാവമുണ്ടെന്നു പോലും വിശ്വസിക്കാന്‍ പ്രയാസം. പക്ഷേ ആരും കാണുന്നില്ല എന്ന് മനസിലാകുമ്പോഴാണ് ചില മോശം സ്വഭാവരീതികള്‍ ഭൂരിഭാഗം പേരും പുറത്തെടുക്കാറ്. അതൊരു തെറ്റൊന്നുമല്ല, മനുഷ്യ പ്രകൃതിയുടെ ഭാഗം മാത്രമാണ് അത്. പക്ഷേ ചില സ്വഭാവ രീതികള്‍ തുടരുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അവ നിര്‍ത്തുന്നത് തന്നെയാണ് നല്ലത്.


1. ബാത്‌റൂമില്‍ ഭക്ഷണം കഴിക്കല്‍ 

സമയക്കുറവ്, മടി, ഒരു നൂറു കാരണങ്ങള്‍ പറയാനുണ്ടാകും. പക്ഷെ, ബാത്രൂം ഭക്ഷണശാലയാക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉടനെ നിര്‍ത്തുന്നതാണ് നല്ലത്. അണുപ്രസരണം മാത്രമല്ല, വൃത്തിഹീനമായ സാഹചര്യം ഭക്ഷണത്തോട് വെറുപ്പുണ്ടാക്കാനും സാധ്യതയുണ്ട്.

2. മൂക്കില്‍ കയ്യിടല്‍ 

മൂക്കില്‍ കയ്യിടുന്ന ദുഃശീലം ഇല്ലാത്തവര്‍ കുറവാണ്. പക്ഷെ ഇത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പലതാണ്. വൃത്തിഹീനമായ വിരലുകള്‍ കൊണ്ട് മൂക്കില്‍ ഇടുന്നത് അണുബാധയും രക്തസ്രാവവും ഉണ്ടാക്കും, മാത്രമല്ല, മൂക്കില്‍ ഇപ്പോഴും പൊടിപടലങ്ങള്‍ അടിഞ്ഞു കൂടിയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ബാക്ടീരിയകളുടെ വാസകേന്ദ്രവുമാണ് മൂക്കിനുള്ളിലെ ലോമികകള്‍. കയ്യിട്ടത് മറന്നു പോകുകയും അതെ വിരലുകള്‍ കൊണ്ട് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് പ്രതിരോധ ശേഷിയെ പ്രതികൂലമായി  ബാധിച്ചേക്കും.  

3. അടിവസ്ത്രം മാറ്റാതിരിക്കല്‍ 

31% സ്ത്രീകളും 48% പുരുഷന്മാരും ഒരേ അടിവസ്ത്രം തന്നെ  പലദിവസം ഉപയോഗിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്വകാര്യ ഭാഗങ്ങളിലെ അണുബാധ ഉള്‍പ്പടെ പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

4. സ്വകാര്യഭാഗങ്ങളില്‍ തൊടല്‍ 

നിര്‍ത്തേണ്ട ദുശീലനങ്ങളില്‍ പെടുന്നതാണിതും. കൈകള്‍ ശുചിയായിരിക്കില്ലെന്നു മാത്രമല്ല, സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടാകാനും അണുബാധയുണ്ടാകാനും സാധ്യതയേറുന്നു. 

5. കുളിക്കാതിരിക്കല്‍ 

തണുപ്പ്, സമയക്കുറവ് അങ്ങനെ ഒരുപാട് കാരണങ്ങള്‍ ഇതിനും നിരത്താനുണ്ടാകും. എങ്കിലും രണ്ടു ദിവസം അടുപ്പിച്ച് കുളിക്കാതിരിക്കുന്നത് ശരീരത്തില്‍ ബാക്ടീരിയ പെറുക്കാന്‍ സഹായിക്കുന്നു. ഫലം, ചൊറിച്ചിലും ത്വക് രോഗങ്ങളും അടിക്കടിയുണ്ടാകുന്ന ജലദോഷവും.

6. റോഡില്‍ തുപ്പല്‍ 

സ്വന്തം മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യത്തെ കൂടി ബാധിക്കുന്ന ദുഃശീലമാണിത്. തുപ്പലില്‍ കോടിക്കണക്കിന് രോഗാണുക്കളാണുള്ളത്. ആരെങ്കില്‍ അറിയാതെ ചവിട്ടാനും അതുവഴി നിങ്ങളുടെ രോഗം അവരിലേക്ക് പകരനുമുള്ള സാധ്യത കൂടുതലാണ്.
 

Latest News