30 പേർ കഴിഞ്ഞ പതിറ്റാണ്ടിൽ ടെസ്റ്റ് ക്രിക്കറ്റിൽ നാലായിരത്തിലേറെ റൺസെടുത്തിട്ടുണ്ട്. യൂനുസ് ഖാനൊഴികെ ബാക്കി 29 പേരിൽ ക്രിസ് ഗയ്ൽ ഇപ്പോഴും ട്വന്റി20 ക്രിക്കറ്റിൽ സിക്‌സറടിച്ചു നടക്കുന്നുണ്ട്, കുമാർ സംഗക്കാരയും മഹേല ജയവർധനെയും കൗണ്ടി ക്രിക്കറ്റിൽ പോരാട്ടം തുടരുന്നു. ബാക്കിയുള്ളവരെല്ലാം വിരമിച്ച് കോച്ചുമാരോ കമന്റേറ്റർമാരോ ക്രിക്കറ്റ് ഭരണാധികാരികളോ ആയി. 2000 ൽ അരങ്ങേറിയ യൂനുസാണ് അതിൽ ഏറ്റവും അവസാനം ടെസ്റ്റിൽനിന്ന് വിരമിച്ചത്.
യൂനുസ് ഒറ്റക്കല്ല വിരമിച്ചത്, ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖിനൊപ്പമാണ്. വലിയ കൂട്ടുകെട്ടായിരുന്നു അവരുടേത്. അത് തുടങ്ങാൻ അൽപം വൈകി. 2009 ലാണ് മിസ്ബാഹ് പാക്കിസ്ഥാൻ ടെസ്റ്റ് ടീമിൽ സ്ഥിരം സാന്നിധ്യമായത്, തന്റെ മുപ്പത്തിനാലാം വയസ്സിൽ. എന്നിട്ടും യൂനുസും മിസ്ബാഹും ഏറ്റവുമധികം റൺസ് നേടിയ പാക്കിസ്ഥാന്റെ കൂട്ടുകെട്ടായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ രണ്ടു ജോടികളേ അവരെക്കാൾ കൂടുതൽ റൺസെടുത്തിട്ടുള്ളൂ -ജാക്ക് ഹോബ്‌സ്, ഹെർബർട് സറ്റ്ക്ലിഫ് കൂട്ടുകെട്ടും ജസ്റ്റിൻ ലാംഗർ, റിക്കി പോണ്ടിംഗ് സഖ്യവും. 3213 റൺസാണ് മിസ്ബാഹും യൂനുസും ഒരുമിച്ചു നേടിയത്. അതും 68.36 ശരാശരിയിൽ. തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ അല്ലാഹുവിനും ഭാര്യക്കും മക്കൾക്കും ശേഷം മിസ്ബാഹ് നന്ദി പറഞ്ഞത് യൂനുസിനാണ്. 'ക്രീസിൽ യൂനുസിനൊപ്പം ഉജ്വലമായൊരു യാത്രയായിരുന്നു എന്റേത്. എന്റെ പേര് യൂനുസിനൊപ്പം പരാമർശിക്കപ്പെടും, ചരിത്രം രേഖപ്പെടുത്തും'.
പാക്കിസ്ഥാൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ് യൂനുസ്. പാക്കിസ്ഥാൻ കളിക്കാരിൽ ആദ്യം പത്തായിരം റൺസിലെത്തി, ആദ്യം 30 ടെസ്റ്റ് സെഞ്ചുറി നേടി. നിശ്ചയദാർഢ്യമാണ് യൂനുസിന്റെ ബാറ്റിംഗിന്റെ മുഖമുദ്ര. അവസാനം വരെ പൊരുതുകയാണ് അതിന്റെ രീതി. ടീം പ്രതിസന്ധി നേരിടുമ്പോൾ എല്ലാം നെഞ്ചിലേറ്റു വാങ്ങുക -അതാണ് ആ ബാറ്റിംഗിന്റെ അടിസ്ഥാന തത്വം. നാലാം ഇന്നിംഗ്‌സിൽ അഞ്ച് സെഞ്ചുറിയടിച്ചിട്ടുണ്ട് യൂനുസ്, ചരിത്രത്തിൽ മറ്റാർക്കും കഴിയാത്ത നേട്ടം. യൂനുസ് കളി തുടങ്ങിയ ശേഷം പാക്കിസ്ഥാൻ വിദേശത്ത് 28 ടെസ്റ്റ് ജയിച്ചു (ഇപ്പോഴത്തെ ഹോം ഗ്രൗണ്ടായ യു.എ.ഇക്കും പുറത്ത്). അതിൽ ഇരുപത്തിനാലിൽ യൂനുസ് കളിച്ചു. 10 സെഞ്ചുറിയുൾപ്പെടെ 94.20 ശരാശരിയിൽ 2826 റൺസ് നേടി. വിദേശത്ത് ഇതുപോലെ ഉജ്വലമായ ബാറ്റിംഗ് റെക്കോർഡ് സ്റ്റീവ് വോക്കു മാത്രമേയുള്ളൂ.
മിസ്ബാഹ് .. പാക്കിസ്ഥാന്റെ ക്യാപ്റ്റനാവാനായി ആരെയും കിട്ടാതെ വന്നപ്പോഴാണ് പാക് ബോർഡ് മിസ്ബാഹിലേക്കു തിരിഞ്ഞത്. എന്നിട്ടും ഏറ്റവും കൂടുതൽ, ഏറ്റവും വലിയ, ഒരേയൊരു.. മിസ്ബാഹ് നേടിത്തന്ന വിജയങ്ങളുടെ വിശേഷണങ്ങൾ ഇങ്ങനെയൊക്കെയാണ്. മറ്റേതൊരു പാക്കിസ്ഥാൻ നായകനെക്കാളുമധികം വിജയം ടീമിന് നേടിക്കൊടുത്തു. ഒരു ഹോം ടെസ്റ്റിൽ പോലും പരാജയപ്പെട്ടില്ല. ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും വൈറ്റ്‌വാഷ് ചെയ്ത ഒരേയൊരു ടീം. തന്റെ ടീമിന്റെ ആവശ്യത്തിനനുസരിച്ചാണ് മിസ്ബാഹിന്റെ രൂപപരിണാമം. ഏറ്റവും സാവധാനം ബാറ്റ് ചെയ്ത് ആളുകളെ ബോറടിപ്പിച്ചു, ടക്, ടക് എന്ന കുപ്രസിദ്ധി നേടി. വേണ്ടിവന്നപ്പോൾ ഏറ്റവും വേഗമേറിയ ടെസ്റ്റ് അർധ സെഞ്ചുറിക്കുടമയായി, വേഗമേറിയ ടെസ്റ്റ് സെഞ്ചുറിയിൽ വീവ് റിച്ചാഡ്‌സിന്റെ റെക്കോർഡിനൊപ്പമെത്തി.
യൂനുസ് ഇല്ലായിരുന്നുവെങ്കിൽ മിസ്ബാഹ് ക്യാപ്റ്റനാവുമായിരുന്നില്ല. മിസ്ബാഹ് ഇല്ലായിരുന്നുവെങ്കിൽ യൂനുസ് പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമാകുമായിരുന്നില്ല. യൂനുസിന് കാത്തുവെച്ചതായിരുന്നു പാക്കിസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനം. പാക് ബോർഡ് ചെയർമാൻ ശഹ്‌രിയാർ ഖാൻ അതു പരസ്യമായി സൂചിപ്പിച്ചതാണ്. ശഹ്‌രിയാറാണ് ഇൻസമാമുൽ ഹഖിന്റെ വൈസ് ക്യാപ്റ്റനായി 2005 ൽ യൂനുസിനെ നിയമിച്ചത്. 2006 ലെ ചാമ്പ്യൻസ് ട്രോഫിക്കു മുമ്പ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ യൂനുസിന് അവസരം വന്നു. യൂനുസ് പക്ഷെ വിസമ്മതിച്ചു. ഡമ്മി ക്യാപ്റ്റനാവാൻ താനില്ലെന്നായിരുന്നു യൂനുസിന്റെ പ്രഖ്യാപനം. ടീമിൽ ഫൈസൽ ഇഖ്ബാലിനെ ഉൾപെടുത്തണമെന്ന് സെലക്ടർമാർ ആവശ്യപ്പെട്ടതായിരുന്നു പ്രതിഷേധത്തിന് കാരണം, മിസ്ബാഹിനെ വേണമെന്നായിരുന്നു യൂനുസിന്റെ നിലപാട്. 2007 ൽ ഇൻസമാം സ്ഥാനമൊഴിഞ്ഞപ്പോൾ യൂനുസ് വീണ്ടും ക്യാപ്റ്റൻസി തിരസ്‌കരിച്ചു. ലോകകപ്പ് പരാജയത്തിന്റെ പേരിലെ പ്രതിഷേധം യൂനുസിനെ അത്രമാത്രം രോഷാകുലനാക്കിയിരുന്നു. കുടുംബങ്ങൾ ആക്രമിക്കപ്പെടുന്ന കാലത്ത്, തങ്ങളുടെ കോലങ്ങൾ കത്തിക്കപ്പെടുന്ന സമയത്ത് ടീമിന്റെ നായകനായിരിക്കാൻ താനില്ലെന്നായിരുന്നു പ്രഖ്യാപനം. ഒടുവിൽ 2009 ൽ യൂനുസ് ക്യാപ്റ്റൻസി ഏറ്റെടുത്തു. ആ വർഷം ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരായി. യൂനുസ് ഒത്തുകളിച്ചുവെന്ന് ഒരു പാക്കിസ്ഥാൻ രാഷ്ട്രീയക്കാരൻ തെറ്റായി ആരോപിക്കുകയും സ്വന്തം കളിക്കാർ എതിരായി തിരിയുകയും ചെയ്തതോടെ യൂനുസ് പദവി രാജിവെച്ചു. ടീമിനെ ശുദ്ധീകരിക്കാനുള്ള പാക് ബോർഡിന്റെ തലതിരിഞ്ഞ നയത്തെത്തുടർന്ന് 2010 ൽ യൂനുസ് വിലക്ക് നേരിട്ടു. ആ വർഷത്തെ ഇംഗ്ലണ്ട് പര്യടനം യൂനുസിന് നഷ്ടപ്പെട്ടു. ആ പര്യടനത്തിലാണ് സ്‌പോട്ഫിക്‌സിംഗ് എന്ന് ലോകം ആദ്യം കേൾക്കുന്നതും മൂന്നു കളിക്കാർ വിലക്കപ്പെടുന്നതും.
ആയുഷ്‌കാല വിലക്ക് 10 മാസമേ നീണ്ടുള്ളൂ. യൂനുസ് തിരിച്ചുവരുമ്പോഴേക്കും മിസ്ബാഹ് ക്യാപ്റ്റനായി അവതരിച്ചിരുന്നു. ആ ചെറിയ കാലയളവിൽ മുഹമ്മദ് യൂസുഫും ശാഹിദ് അഫ്‌രീദിയും സൽമാൻ ഭട്ടും ക്യാപ്റ്റൻ സ്ഥാനം വഹിച്ചു. ഒരാളെ വിലക്കി, രണ്ടാമൻ രാജിവെച്ചു, മൂന്നാമൻ ഒത്തുകളിക്ക് പിടിക്കപ്പെട്ടു. ക്യാപ്റ്റൻസിക്ക് എന്തോ ശനിദശയുണ്ടായിരുന്നു. മിസ്ബാഹ് അതു മാറ്റിയെടുത്തു. ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്കു നയിച്ചു മിസ്ബാഹ് -ഒരിക്കൽപോലും സ്വന്തം കുടുംബത്തിനോ നാട്ടുകാർക്കോ മുന്നിൽ ടെസ്റ്റ് കളിക്കാനാവാതിരുന്നിട്ടും, ടീമിലെ പ്രധാന ബൗളർ തെറ്റായ ആക്ഷന്റെ പേരിൽ വിലക്കപ്പെട്ടിട്ടും.
ക്യാപ്റ്റൻസി ഭാരമൊഴിഞ്ഞ യൂനുസ് എപ്പോഴും കൂട്ടുണ്ടായിരുന്നു, ബാറ്റിംഗിന്റെ നെടുന്തൂണായി. ഇരുവർക്കും പകരം വെക്കാൻ മറ്റൊന്നില്ല. പാക്കിസ്ഥാൻ വലിയ ശൂന്യതയാണ് അനുഭവിക്കുക, മഹേല ജയവർധനെയും കുമാർ സംഗക്കാരയും ബാറ്റിംഗ് സിംഹാസനമൊഴിഞ്ഞ ശ്രീലങ്കയെപ്പോലെ. അവരുടെ റെക്കോർഡുകൾ വെറും അക്കങ്ങൾ കൊണ്ടു മാത്രം രേഖപ്പെടുത്താനാവില്ല. ഏറ്റവും കഠിനവും ഇരുണ്ടതുമായ കാലത്ത് അവർ പാക്കിസ്ഥാൻ ക്രിക്കറ്റിനെ തോളിലേറ്റി. അവർ സേവിച്ചത് പാക്കിസ്ഥാൻ ക്രിക്കറ്റിനെ മാത്രമായിരുന്നില്ല, ക്രിക്കറ്റിനെ സ്‌നേഹിച്ച എല്ലാവരെയുമാണ്.






