'അമ്മൂ, ഞാൻ നിന്നെ ഓർത്തു അഭിമാനിക്കുന്നു; എന്ത് ചെയ്യാൻ നീ ആഗ്രഹിച്ചുവോ അത് ചെയ്യുന്നതിൽ..' 'മരക്കാർ:അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പ്രിയദർശൻ മകൾക്കെഴുതിയതാണിത്. മകൾ കല്യാണിയും ഇതിൽ അഭിനയിക്കുന്നുണ്ട്. ആദ്യമായാണ് കല്യാണിയെ ഭാഗമാക്കി പ്രിയദർശൻ ചിത്രമെടുക്കുന്നത്.
'ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കൊക്കെ അവസാനമായി കണ്ടെത്തുന്ന പരിഹാരമാണ് 'വിധി'. മകളെ നായികയാക്കി ഒരു ചിത്രം എന്നെങ്കിലും ചെയ്യുമെന്നത് എന്റെ മനസ്സിൽ ഇല്ലാതിരുന്ന ഒരു കാര്യമാണ്. ഇപ്പോഴിതാ അത് നടന്നിരിക്കുന്നു.ഞാനതിനെ 'വിധി എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം പരിശ്രമത്തിലും ഞാൻ വിശ്വസിക്കുന്നു.' പ്രിയൻ മകൾക്ക് എഴുതി.
ചിത്രത്തിൽ തന്റെ ഭാഗം പൂർത്തിയാക്കി മകളാണ് ആദ്യം അച്ഛനെഴുതിയത്. 'മരക്കാർ പൂർത്തിയായി. രണ്ടു വർഷം മുൻപ് വരെ അച്ഛന്റെ ചിത്രത്തിൽ ഞാൻ അഭിനയിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. 'അമ്മൂ, നീ ചെയ്യുന്നത് ശരിയല്ല' എന്ന് ആദ്യദിവസം അലറിയതു മുതൽ ഒറ്റഷോട്ടിൽ തന്നെ 'ഗംഭീരം' എന്നു പറയുന്നതു വരെയുള്ള അച്ഛനോടൊത്തുള്ള ഓരോ നിമിഷവും എനിക്ക് ഓർമയിൽ സൂക്ഷിക്കാനുള്ളതാണ്.അച്ഛന്റെ മാസ്റ്റർപീസ് ലോകം കാണുന്നത് അക്ഷമയോടെ കാത്തിരിക്കുന്നു. ഇതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലവ് യൂ അച്ഛാ...' കല്യാണി ട്വിറ്ററിൽ കുറിച്ചു.
കാലാപാനി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് 'മരക്കാർ: അറബിക്കടലിന്റെ സിംഹം.' മോഹൻലാൽ ആണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.