ഷരപോവയെ  ആർക്കാണ് പേടി?

ടിം ഡാൽബർഗ്, എ.പി

ചിലപ്പോൾ പോരാട്ടം അപ്രതീക്ഷിത കോണുകളിൽ നിന്നാണ് വരിക. ഫ്രഞ്ച് ഓപൺ ടെന്നിസിൽ കളിക്കാൻ മരിയ ഷരപോവയെ അനുവദിക്കുന്നതിന് സംഘാടകർക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവേണ്ടതായിരുന്നില്ല. 15 മാസത്തെ ഉത്തേജക വിലക്ക് ഷരപോവ പൂർത്തിയാക്കിക്കഴിഞ്ഞ സ്ഥിതിക്ക് അനുവാദം കൊടുത്താലും അധികമാരും പ്രതിഷേധിക്കുമായിരുന്നില്ല. ബോധപൂർവമല്ല ഷരപോവ മരുന്നടിച്ചതെന്ന് ധാരാളം ആരാധകർ കരുതുന്നുണ്ട്. സെറീന വില്യംസ് ഗർഭകാല അവധിയിലായിരിക്കെ വനിതാ ടെന്നിസിലേക്ക് ആരാധകരെ ആകർഷിക്കാൻ ഒരു സൂപ്പർ താരത്തെ അവർക്ക് വേണം താനും. അതിനാൽ ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ പ്രസിഡന്റ് ബെർണാഡ് ഗൂഡിസെല്ലിയുടെ ധീരത അംഗീകരിച്ചേ തീരൂ. മറ്റു സ്‌പോർട്‌സ് ഒഫിഷ്യലുകൾ കണ്ണടക്കുന്ന സാഹചര്യത്തിൽ ഗൂഡിസെല്ലി എഴുന്നേറ്റുനിന്നു. ഫ്രഞ്ച് ഓപണിൽ മുഖ്യ റൗണ്ടിലോ യോഗ്യതാ റൗണ്ടിലോ ഷരപോവക്ക് അവസരം നൽകേണ്ടതില്ലെന്ന് അദ്ദേഹം ധീരമായി പ്രഖ്യാപിച്ചു: 'വളരെ സോറി മരിയ, ആരാധകരോടും മാപ്പ്. അവർക്ക് നിരാശയുണ്ടാവും. ഷരപോവക്കും വല്ലാത്ത നിരാശയുണ്ടാവും. പക്ഷെ ഇതെന്റെ ഉത്തരവാദിത്തമാണ്. എന്റെ ദൗത്യമാണ്. കളിയുടെ ഉന്നത നിലവാരം സംരക്ഷിക്കേണ്ടതുണ്ട്'.
മരുന്നടിക്കെതിരെ നിലപാടെടുക്കാൻ ഒരാൾ ധൈര്യം കാട്ടിയിരിക്കുന്നു. ഫ്രഞ്ച് ഓപണിൽ ഷരപോവക്ക് അവസരം നിഷേധിക്കുക മാത്രമല്ല ഗൂഡിസെല്ലി ചെയ്തത്. ഉത്തേജകമടി അങ്ങനെയങ്ങ് കണ്ണടച്ചുകളയേണ്ട പാപമല്ലെന്ന സന്ദേശം നൽകുക കൂടിയാണ്. മരുന്നടിക്കാരെ യഥേഷ്ടം പൊറുപ്പിക്കുന്ന മറ്റു സ്‌പോർട്‌സുകളിലെ ഒഫീഷ്യലുകൾക്കുള്ള പാഠം കൂടിയായിരുന്നു അത്. ഒളിംപിക്‌സ് അധികൃതരെങ്കിലും ഇത് ശ്രദ്ധിച്ചിരുന്നുവെങ്കിൽ. 
തെക്കൻ കൊറിയയിൽ ശീതകാല ഒളിംപിക്‌സ് ആരംഭിക്കാൻ ഒമ്പത് മാസം മാത്രമേ ബാക്കിയുള്ളൂ. റഷ്യയെ എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. റഷ്യയിൽ ഉത്തേജകം വ്യാപകം മാത്രമല്ല, സർക്കാർ സ്‌പോൺസേഡ് കൂടിയാണ്. മൂന്നു വർഷം മുമ്പ് സോചി ശീതകാല ഒളിംപിക്‌സിൽ വ്‌ലാദിമിർ പുടിനായിരുന്നു എല്ലായിടത്തും. സ്‌കീയിംഗ് സ്ലോപുകളിൽ മുതൽ അരീനകളിൽ വരെ ചുറ്റിക്കറങ്ങി അദ്ദേഹം ആതിഥേയ താരങ്ങൾക്ക് പ്രചോദനം നൽകി. ഉത്തേജക മരുന്നിന്റെ ബലത്തിൽ റഷ്യ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തു. ഓരോ രാത്രിയിലും ഇരുട്ടിന്റെ മറവിൽ റഷ്യൻ ഒഫിഷ്യലുകൾ സ്വന്തം കളിക്കാരുടെ മൂത്രസാമ്പിളുകൾ മാറ്റി. ആ കുറ്റം പിടിക്കപ്പെട്ടതിനെത്തുടർന്നാണ് റിയൊ ഒളിംപിക്‌സിൽ റഷ്യക്ക് തിരിച്ചടിയുണ്ടായത്. പൂർണമായി വിലക്കിയില്ലെങ്കിലും പല കളികളിൽനിന്നും അവരെ മാറ്റിനിർത്തി. തെക്കൻ കൊറിയയിൽ അതിൽ കൂടുതൽ എന്തെങ്കിലും ചെയ്യാൻ ഭയചകിതരായ ഒഫിഷ്യലുകൾക്ക് കഴിയില്ലെന്നു വേണം മനസ്സിലാക്കാൻ. കൈയോടെ പിടിക്കപ്പെട്ടെങ്കിലും റഷ്യൻ താരങ്ങൾ തെക്കൻ കൊറിയയിലും മെഡൽ പട്ടികയിലുണ്ടാവും. എഴുപതുകളിൽ മെഡൽ ജേതാക്കളുടെ പരമ്പര സൃഷ്ടിച്ച കിഴക്കൻ ജർമനിയിലെ ഉത്തേജക ലാബുകളോട് ഉപമിക്കാവുന്നതാണ് റഷ്യയിലെ സംവിധാനം. 
അവിശ്വസനീയമായി തോന്നാം, ഉത്തേജകങ്ങൾക്കെതിരായ പോരാട്ടം അരനൂറ്റാണ്ട് പിന്നിട്ടു. സോൾ ഒളിംപിക്‌സിലെ 100 മീറ്ററിൽ മറ്റാരെക്കാളും വേഗത്തിൽ ഓടിയ ബെൻ ജോൺസൻ പിടിക്കപ്പെട്ട് 29 വർഷത്തിനു ശേഷവും ഉത്തേജകങ്ങൾക്കെതിരായ പോരാട്ടം കായികലോകം ജയിച്ചിട്ടില്ല. ഉത്തേജകങ്ങൾ അത്ര എളുപ്പം ഇപ്പോൾ ഉപയോഗിക്കാനാവില്ലെന്ന് സമ്മതിക്കാം, എങ്കിലും മരുന്നടിക്കാർ ഇപ്പോഴും സംവിധാനങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. 
ഷരപോവക്കും ഒരുപാട് മറ്റു റഷ്യൻ താരങ്ങൾക്കും മെൽഡോണിയമായിരുന്നു ഇഷ്ട ഉത്തേജകം. ദീർഘകാലം അത് നിരോധിത വസ്തുക്കളുടെ പട്ടികയിൽ പോലുമുണ്ടായിരുന്നില്ല. വിവിധ സങ്കരങ്ങൾ ചേർത്തുണ്ടാക്കുന്ന ഉത്തേജകങ്ങളെ കീഴടക്കുന്നതിന്റെ പ്രയാസം ആലോചിച്ചാൽ മതി. പണത്തിന്റെ പ്രചോദനമുള്ള ഏത് സ്‌പോർട്‌സിലും ഉത്തേജക ഉപയോഗം സജീവമാണ്. ഉത്തേജകങ്ങൾക്കെതിരായ പോരാട്ടം പൂർണമായി വിജയിക്കുക എളുപ്പമല്ല, പക്ഷെ ഓരോ ഘട്ടത്തിലും അതിനോട് പൊരുതിയേ പറ്റൂ. ഫ്രഞ്ച് ഓപൺ ആരംഭിക്കുമ്പോൾ കൈയടിക്കാൻ ഷരപോവ ഉണ്ടായിരുന്നില്ല. അതുതന്നെ കൈയടിക്കേണ്ട കാര്യമാണ്.  

Latest News