യുഎഇയില്‍ 38 വര്‍ഷം കാറോടിച്ചു; പരാതികളും അപകടങ്ങളുമില്ലാത്ത സേവനത്തിന് മലയാളി ഡ്രൈവര്‍ക്ക് ആദരം

അബുദബി- ഭൂരിപക്ഷം സാധാരണ പ്രവാസി മലയാളികളെ പോലെ 38 വര്‍ഷം മുമ്പ് ഡ്രൈവറായി യുഎഇയിലെത്തിയ കണ്ണൂര്‍ സ്വദേശി അബ്ദുര്‍റഹ്മാന്‍ പൊന്നിച്ച് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ 31-ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിലെ തന്റെ പതിറ്റാണ്ടുകള്‍ നീണ്ട സേവനം പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ അപ്രതീക്ഷിത ആദരം ലഭിച്ചതിന്റെ നിര്‍വൃതിയിലാണ് അബ്ദുര്‍റഹ്മാന്‍ ഇപ്പോള്‍. യുഎഇയിലുടനീളം 38 വര്‍ഷം കാറോടിച്ച ഈ മലയാളി പ്രവാസി ഇതുവരെ അപകടമുണ്ടാക്കുകയോ മോശം ഡ്രൈവിങിന്റെ പേരില്‍ പരാതി കേള്‍ക്കാനിട വരുത്തുകയോ ചെയ്തിട്ടില്ല. കരിയറിലെ മികച്ച ഈ നേട്ടത്തിന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് പ്രത്യേക ആദരം നല്‍കി ബഹുമാനിച്ചത് അബ്ദുര്‍റഹ്മാനെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വലീദ് അല്‍ മുഹൈരി ഉപഹാരം നല്‍കുന്ന ചിത്രം കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു.

യുഎഇ ആരോഗ്യ മന്ത്രാലയത്തില്‍ ഡ്രൈവറായാണ് അബ്ദുര്‍റഹ്മാന്‍ യുഎഇയിലെത്തിയത്. 15 വര്‍ഷം മുമ്പ് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിലേക്കു മാറി. 'ഒന്നോ രണ്ടോ തവണ ട്രാഫിക് പിഴ ലഭിച്ചിട്ടുണ്ടെന്നല്ലാതെ ഇതുവരെ ഒരു അപകടമോ മോശം അഭിപ്രായമോ തനിക്കെതിരെ ഉണ്ടായിട്ടില്ല. എന്റെ ഡ്രൈവിങ്ങിനെ കുറിച്ച് ഇതുവരെ ആരും പരാതി പറഞ്ഞിട്ടുമില്ല.' എങ്കിലും ഇത്തരമൊരും ആദരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു. സേവനം അവസാനിപ്പിച്ച് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്നും വിരമിച്ച അബ്ദുറഹ്മാന്‍ ഈ മാസം അവസാനത്തോടെ നാട്ടിലേക്കു മടങ്ങാനിരിക്കുകയാണ്.
 

Latest News