ദുബായ്- ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇരുഭാഗത്തും ന്യായമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടു ഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ടുവെന്നും കേരളത്തില്‍ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കുമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു ഭാഗത്ത് ആചാരം സംരക്ഷിക്കണമെന്നു പറയുന്നു, മറു ഭാഗത്തു സ്ത്രീസമത്വം വേണമെന്നു പറയുന്നു. സ്ത്രീസമത്വം തീര്‍ച്ചയായും ആവശ്യമാണ്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥിതി സങ്കീര്‍ണമായതിനാല്‍ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കാനാണു സംസ്ഥാന നേതാക്കള്‍ക്കു നല്‍കിയ നിര്‍ദേശമെന്ന് രാഹുല്‍ പറഞ്ഞു. സുപ്രീംകോടതി വിധിയെക്കുറിച്ചു പ്രതികരിക്കാനില്ല, ജനം തീരുമാനിക്കട്ടെ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നു രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.