ലഖ്‌നൗ- ഉത്തർപ്രദേശിൽ ബി.എസ്.പിയും എസ്.പിയും സഖ്യത്തിലെത്തിയതിന് പിന്നാലെ തന്ത്രങ്ങൾ മെനയാൻ ലഖ്‌നൗവിൽ നാളെ കോൺഗ്രസ് നേതാക്കളുടെ യോഗം. എ.ഐ.സി.സി നേതാവ് ഗുലാം നബി ആസാദ് ഉൾെപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഗുലാം നബി ആസാദ്, ഉത്തർപ്രദേശ് പി.സി.സി അധ്യക്ഷൻ എന്നിവരടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് അൻഷു അശ്വതി പറഞ്ഞു. ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളും എ.ഐ.സി.സി സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന നേതാക്കളുമായി കൂടിയാലോചന നടത്തി കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാമെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. ഉത്തർപ്രദേശിൽ തങ്ങൾ ഒറ്റക്കു തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറാണെന്നാണ് കോൺഗ്രസ് മീഡിയ കോ-ഓർഡിനേറ്റർ രാജീവ് ബക്ഷി കഴിഞ്ഞ ദിവസം പറഞ്ഞത്.
സഖ്യമായാലും മഹാസഖ്യമായാലും അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ വിജയം ആവർത്തിക്കുമെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ബി.ജെ.പിക്കെതിരെ ഏത് സഖ്യം വന്നാലും അത് രാഷ്ട്രീയ അസ്ഥിരതയും അരാജകത്വവും അഴിമതിയും സൃഷ്ടിക്കുന്നതായിരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
എസ്.പി-ബി.എസ്.പി സഖ്യം രാജ്യത്തിനോ ഉത്തർപ്രദേശിനോ വേണ്ടിയല്ല അവരുടെ നിലനിൽപിന് വേണ്ടി മാത്രമാണെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. മോഡിക്കെതിരേ ഒറ്റക്കൊറ്റക്കു പൊരുതാനാകില്ലെന്ന് അവർക്കു നന്നായി അറിയാം. ഇപ്പോഴത്തെ സഖ്യം തെരഞ്ഞെടുപ്പിൽ വലിയ ചലനമുണ്ടാക്കില്ല. തെരഞ്ഞെടുപ്പുകൾ എന്നു പറയുന്നത് കണക്കോ രസതന്ത്രമോ അല്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. എസ്.പി-ബി.എസ്.പി സഖ്യം അഴിമതിയുടെയും ഗുണ്ടായിസത്തിന്റെയും ഒത്തുചേരലാണെന്നാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞത്.






