മനസ്സിന്റെ വാതിലുകൾ വലിച്ചുതുറന്ന് അനുവാദം ചോദിക്കാതെ ചില ഓർമകൾ കടന്നുവരും. അവ നമ്മെ കുറെ നേരത്തേക്ക് നിശ്ശബ്ദരാക്കും. സങ്കടത്തിന്റെ ആ പരുക്കൻ പുതപ്പിനുള്ളിൽ നിന്ന് പുറത്തു കടക്കാൻ പിന്നെ പെട്ടെന്ന് കഴിയാറില്ല. സൈറയെക്കുറിച്ചുള്ള ഓർമകൾ എപ്പോഴും അങ്ങനെയാണ്. പ്രവാസത്തിന്റെ ഒരു വ്യാഴവട്ടത്തിനിപ്പുറവും കഴിഞ്ഞു പോയ ആ ദിനങ്ങൾ ഇടയ്ക്കിടെ ഒരു ചലച്ചിത്രത്തിലെന്ന പോലെ മനസ്സിൽ തെളിയും.
തലേന്നു വീശിയ പൊടിക്കാറ്റിന്റെ അവശേഷിപ്പുകൾ അന്തരീക്ഷത്തിൽ അങ്ങിങ്ങായി പറന്നു നടന്നിരുന്ന ആ പ്രഭാതമായിരുന്നു അത്. സ്‌കൂൾ അങ്കണത്തിൽ പതിവുള്ള അസംബ്ലിക്കായി ഒത്തുകൂടിയ ഞങ്ങൾ അധ്യാപകരും വിദ്യാർഥികളും. എല്ലാവരുടേയും മുഖങ്ങളിൽ ഒരു പ്രതിഷേധത്തിന്റെ നിഴൽ, അന്ന് ആ അസംബ്ലി കുട്ടികളടക്കം ആരും ആഗ്രഹിച്ചിരുന്നില്ലെന്ന് തോന്നി. അസംബ്ലി ചടങ്ങുകൾ മന്ദഗതിയിൽ നീങ്ങവേ സ്‌കൂൾ ഓഫീസ് സെക്രട്ടറി ഫാത്തിമ ഓടിക്കിതച്ചെത്തി വേദനയോടെ ഡയറക്ടറോട് എന്തോ പറയുന്നത് കണ്ടു. അന്ധാളിച്ചു നിന്ന ഞങ്ങളുടെ ഇടയിലേക്ക് ഓടിയെത്തി വിറച്ചുകൊണ്ടവർ പറഞ്ഞു: നമ്മുടെ സൈറ തീപ്പൊള്ളലേറ്റ് ഗുരുതരമായി ആശുപത്രിയിൽ. ഞങ്ങൾ കൂട്ടുകാർ ആകെ വിഷണ്ണരായി. അന്ന് അസംബ്ലിയിൽ അവളുടെ അഭാവം ഞാൻ ശ്രദ്ധിച്ചിരുന്നു. വൈകിയെങ്കിലും എത്താതിരിക്കില്ല എന്നും തോന്നിയിരുന്നു.
സൈറ - ഞങ്ങൾ അധ്യാപകർക്കിടയിലെ ചുറുചുറുക്കും തന്റേടവുമുള്ള സഹപ്രവർത്തക. കുട്ടികളെ നന്നായി പഠിപ്പിക്കുന്നതിലുപരി..ചിത്രം വര, പെയിന്റിങ്, ചിത്രത്തുന്നൽ, പാഴ്‌വസ്തുക്കളിൽനിന്ന് സുന്ദര രൂപങ്ങളുണ്ടാക്കൽ എന്നിവയിലെല്ലാം മിടുക്കി. ഞങ്ങൾക്കൊക്കെ അവളൊരു അത്ഭുതവും പ്രചോദനവും ആയിരുന്നു. വാതോരാതെ സംസാരിക്കും, തമാശകൾ പറഞ്ഞ് ചിരിപ്പിക്കും. എന്തെങ്കിലും ഒരു സഹായം അഭ്യർത്ഥിച്ച് അടുത്തെത്തിയാൽ സ്വയം ഏറ്റെടുത്ത് നടത്തിത്തരും. അവൾ ജനിച്ചതും വളർന്നതുമൊക്കെ തമിഴ്‌നാട്ടിലാണെങ്കിലും വിവാഹം കഴിച്ചത് അകന്ന ബന്ധുവായ ഒരു ഹൈദരാബാദുകാരനെയായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന രണ്ടു മക്കൾ.
സ്‌കൂൾ ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ ചില കുട്ടികൾക്ക് ട്യൂഷനും എടുത്തിരുന്നു.
ഒഴിവു ദിനങ്ങളിൽ മറ്റു കുടുംബങ്ങളുമായി ഒത്തു ചേർന്ന് സായാഹ്നങ്ങൾ അടിച്ചുപൊളിച്ച് ചെലവഴിക്കുന്നതിനെപ്പറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്. ഇതിനൊക്കെയും വീട്ടിൽ മുൻ കൈയെടുത്തിരുന്നത് അവളായിരുന്നു. വീട്ടിലൊരു ബൾബ് ഫ്യൂസായാൽ, വീഡിയോ, ടി. വി ഇവയൊക്കെ പണിമുടക്കിയാൽ..ഡോർ ലോക്ക് പിണങ്ങിയാൽ ഒക്കെയും നന്നാക്കുന്നത് അവൾ തന്നെയായിരുന്നത്രേ.
മിടുമിടുക്കിയായ ഒരു വീട്ടമ്മയും അധ്യാപികയുമായിരുന്നു സൈറ. ഒഴിവു വേളകളിലെ ചില സ്വകാര്യ സംഭാഷണങ്ങളിൽ വീട്ടുവിശേഷങ്ങൾ പങ്കുവെയ്ക്കുന്ന കൂട്ടത്തിൽ അവൾ പറഞ്ഞതോർക്കുന്നു. അവളുടെ ഭർത്താവ് ജോലി കഴിഞ്ഞെത്തിയാൽ കൈയും കെട്ടി ടി.വി കണ്ട് വെറുതെയിരിക്കും. അധികം സംസാരിക്കുകയോ തമാശകൾ
പറയുകയോ ഒന്നും പതിവില്ല. സൈറയാകട്ടെ നേരെ തിരിച്ചും. എപ്പോഴും സംസാരിക്കാനും ചിരിക്കാനും ഇഷ്ടപ്പെടുന്ന പ്രകൃതം. അയാളുടെ നിഷ്‌ക്രിയത്വം അവളെ വിഷമിപ്പിച്ചിരുന്നുവെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ചില കുഞ്ഞ് പൊട്ടിത്തെറികളും വിഷമങ്ങളും അവൾ ഞങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്.
സൈറക്ക് സംഭവിച്ച ഈ ഗുരുതരമായ തീപ്പൊള്ളലിന് പിന്നിലും അയാളുടെ നിഷ്‌ക്രിയത്വത്തിന് നല്ല പങ്കുണ്ടെന്ന് ഞങ്ങൾ
വിശ്വസിക്കുന്നു, പിന്നെ അവളുടെ എടുത്തുചാട്ടവും.
അന്നും അവർ കുടുംബസമേതം പുറത്തു പോയി രാത്രി 11 മണിയോടെയാണ് തിരിച്ചെത്തിയതെന്ന് അയൽവാസികൾ പറയുന്നു. 11:30 ഓടെയാണ് അവൾക്ക് പൊള്ളലേൽക്കുന്നത്. അതേപ്പറ്റി പല അഭ്യൂഹങ്ങളും കേട്ടു. ഗുരുതരമായി പൊള്ള
ലേറ്റ അവൾ..ആ നിമിഷത്തിന്റെ
പകപ്പിൽ പ്രാണരക്ഷാർഥം
റോഡിലെത്തി ആശുപത്രിയിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ചത് സ്വയമേ ആയിരുന്നുവെന്ന് അവളെ ആശുപത്രിയിലെത്തിച്ച ആ സുമനസ്സ് പറഞ്ഞു. ആ സമയം അവളെ രക്ഷി
ക്കാൻ ശ്രമിച്ച് പൊള്ളലേറ്റ അവളുടെ ഭർത്താവ് ബോധരഹിതനായി വീട്ടിലായിരുന്നു.
ഈ ദാരുണമായ അവസ്ഥയ്ക്കു അവളെ പ്രേരിപ്പിച്ചതെന്തെന്ന് ഇപ്പോഴും ശരിക്കറിയില്ല. പിന്നെ ഞങ്ങൾ, അവളുടെ മകൾ പറഞ്ഞ് കേട്ടതിങ്ങനെയാണ് ....പുറത്തു പോയി തിരിച്ചുവന്ന അവർ എന്തോ കാര്യം പറഞ്ഞു പിണങ്ങി. നിയന്ത്രണം വിട്ട അവൾ വാശിയോടെ അയാളെ പേടിപ്പിക്കാനായി വീട്ടിലിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. ലൈറ്റർ കത്തിച്ചു. അവളറിയും മുമ്പെ പെട്രോൾ തീയെ കടന്നു പിടിക്കുകയായിരുന്നു.
അരുതേയെന്നു പറഞ്ഞു ഭർത്താവ് തടയുമെന്ന് അവൾ കരുതിയിരുന്നിരിക്കണം. വെറും ഭീഷണിയെന്ന് കരുതി അയാളും നിസ്സംഗനായിരുന്നിരിക്കണം. അയാൾ ഓടിയെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു.
പൊള്ളിയ ശരീരം പൊതിഞ്ഞുകെട്ടി ബോധരഹിതയായി മൂന്നു ദിവസം ആശുപത്രിയിൽ. അതു ഞങ്ങളുടെ സൈറയല്ലെന്നു പറഞ്ഞു അന്ന് ഞങ്ങൾ വിതുമ്പിക്കരഞ്ഞു. പ്രതീക്ഷയില്ലായിരുന്നെങ്കിലും അവളുടെ ജീവനു വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. പക്ഷേ നാലാം നാൾ അവളുടെ മരണ വാർത്തയെത്തി.
അവളുടെ ദാരുണമായ മുഖം മനസ്സിൽ നിന്ന് മായാൻ ദിവസങ്ങൾ ഒരുപാടെടുത്തു.
ഇപ്പോൾ വർഷങ്ങൾ പലത് കഴിഞ്ഞു. ഇടയ്ക്കിടെ സൈറ ഓർമകളിലോടിയെത്തും. അടുത്ത് വന്നിരിക്കും. പാട്ടുപാടും. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും മാറിമാറി സംസാരിക്കും. തമാശകൾ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കും.
ഞങ്ങളുടെ പാവം സൈറ. ഒരിക്കലും അവൾ ആഗ്രഹിക്കാത്ത രീതിയിലൊരു മരണം. ഒരു നിമിഷത്തിന്റെ അവിവേകം. വല്ലാത്ത ഒരു ആഘാതവും ഒപ്പം ഒരു പാഠവുമായി അവശേഷിക്കുന്നു ഞങ്ങളിൽ.
അവളുടെ ഭർത്താവ് ഒരു വർഷം കഴിഞ്ഞ് വീണ്ടും വിവാഹിതനായി.
പക്ഷേ സൈറാ....നിന്റെ നെഞ്ചിലെ ചൂട് പകർന്നു വളർത്തിയ നിന്റെ
മക്കൾ ... നിനക്കു പകരം വെയ്ക്കാൻ അവർക്ക് മറ്റാരാണ്? നീ സ്വപ്നം കണ്ട ആ ചടുലമായ ജീവിതമെങ്ങു പോയി?
ജീവിതം പലപ്പോഴും അരങ്ങ് തകർത്താടുന്ന ഒരു പാവക്കൂത്ത് പോലെ. ചരടിലെ കയ്യൊന്നയഞ്ഞാൽ കാലിടറി താഴേക്ക്. പരസ്പരം തണലാകേണ്ടവർ ദൂരേക്ക് മുഖം തിരിക്കുന്നു. അരുതെന്ന് പറയാൻ, നെഞ്ചോട് ചേർക്കാൻ അനുവദിക്കാത്ത പൊള്ളയായ അഭിമാനം.
സൈറയെ ഈ ജന്മം എങ്ങനെയാണ് മറക്കുക? അവളുടെ ചൊടിയുള്ള മുഖം, പിന്നെ പൊതിഞ്ഞുകെട്ടിയ പൊള്ളലേറ്റ ആ ശരീരം, വെളുപ്പും കറുപ്പും കലർന്ന
ഒരു ഓർമയായി എന്നുള്ളിൽ എന്നെന്നും.






