ദുബായ്- ദ്വിദിന സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം സുദൃഢമാക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ദുബായ് കിരീടാവകാശി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് സംബന്ധിച്ചു. സഹിഷ്ണുത, പരസ്പര ധാരണ, ക്രിയാത്മകമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുക എന്നിവ വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവാധികം ശക്തമാക്കണമെന്നത് രണ്ടു നേതാക്കളും ഊന്നിപ്പറഞ്ഞു. നിഖില മേഖലകളിലും യു.എ.ഇ കൈവരിച്ച നേട്ടങ്ങളെ രാഹുൽ ശ്ലാഘിച്ചു. ലോക രാജ്യങ്ങൾക്ക് മാതൃകയാകുംവിധം യു.എ.ഇ പുലർത്തുന്ന മത സഹിഷ്ണുത സമാനതകളില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.






