കൊണ്ടോട്ടി- എയർഇന്ത്യ സൗദിയിലേക്ക് സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എയർപോർട്ട് അഥോറിറ്റിയും, എയർഇന്ത്യയും നടത്തിയ പഠന റിപ്പോർട്ട് തിങ്കളാഴ്ച ഡി.ജി.സി.എക്ക് കൈമാറും. എയർപോർട്ട് അഥോറിറ്റി ദില്ലി കാര്യാലയമാണ് റിപ്പോർട്ട് തിങ്കളാഴ്ച കൈമാറുന്നത്. ഫെബ്രുവരിയിൽ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് സൂചന. ബോയിങ് 747-400, ബോയിങ് 777-300 ഇ.ആർ, ശ്രേണിയിൽ പെട്ട വലിയ വിമാനങ്ങളാണ് സർവീസിനെത്തിക്കുന്നത്.
കഴിഞ്ഞ മാസം 20ന് എയർഇന്ത്യ അധികൃതർ കരിപ്പൂരിലെത്തി സുരക്ഷാ പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് അഥോറിറ്റിക്ക് കൈമാറിയത്. സർവീസിനെത്തിക്കുന്ന മുഴുവൻ വിമാനങ്ങളുടേയും വിവരങ്ങൾ ഉൾക്കൊളളിച്ചുളള റിപ്പോർട്ടാണ് തിങ്കളാഴ്ച കൈമാറുന്നത്. നേരത്തെ ജിദ്ദയിലേക്ക് കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനങ്ങൾ റൺവേ റീ-കാർപ്പറ്റിങിന്റെ പേരിലാണ് നിർത്തലാക്കിയത്.
ഗൾഫ് നാടുകളിലേക്ക് യാത്രക്കാർ വർധിച്ചതോടെ കൂടുതൽ സർവീസുകളുമായി വിമാന കമ്പനികൾ കരിപ്പൂരിലേക്ക് എത്തുകയാണ്. ഫെബ്രുവരി ഒന്നു മുതൽ ഫ്‌ളൈ ദുബൈ വിമാന കമ്പനി ദുബായിലേക്ക് സർവീസ് ആരംഭിക്കന്നതിന് പിറകെയാണ് ഫെബ്രുവരി അഞ്ചു മുതൽ ജിദ്ദയിലേക്ക് രണ്ടു അധിക സർവീസുകൾ ഷെഡ്യൂൾ ചെയ്തത്.






