Sorry, you need to enable JavaScript to visit this website.

2019 ലെ യുഎഇയിലെ അവധി ദിവസങ്ങള്‍ ഇവയൊക്കെയാണ്

അബുദാബി-പുതിയ വര്‍ഷത്തെ യുഎഇയിലെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. 


ഏപ്രില്‍ 3- ഇസ്‌റാഅ്-മിഅ്‌റാജ്- ഹിജ്‌രി കലണ്ടര്‍ പ്രകാരം റജബ് മാസം 27 നാണ് ഇസ്‌റാഉം മിഅ്‌റാജും. ഈ ദിവസമാണ് ദൈവം പ്രവാചകന്‍ മുഹമ്മദിനെ മക്കയില്‍ നിന്ന് ജറുസലേമിലേക്കും അവിടെ നിന്ന് ഏഴ് ആകാശത്തേക്കും കൊണ്ടു പോയത്. ദീര്‍ഘമായ യാത്ര ഒറ്റ ദിവസം കൊണ്ടാണ് നടത്തിയതെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നു. ഇസ്‌റാഅ്-മിഅ്‌റാജ് അവധിദിനം ഏപ്രില്‍ നാലിലേക്ക് മാറാനും സാധ്യതയുണ്ട്. 

ജൂണ്‍ 4/5- ചെറിയ പെരുന്നാള്‍- ഒരു മാസത്തെ റമദാന്‍ വ്രതത്തിനൊടുവിലാണ് ഈദുല്‍ ഫിത്തര്‍ അഥവാ ചെറിയ പെരുന്നാള്‍. ഹിജ്‌രി കലണ്ടര്‍ പ്രകാരം ശവ്വാല്‍ ഒന്നിനാണ് ഈദുല്‍ ഫിത്തര്‍. ജൂണ്‍ നാലിനോ അഞ്ചിനോ റമദാന്‍ മാസം അവസാനിക്കും. തീയ്യതികള്‍ ഉറപ്പാവുന്നതിനനുസരിച്ച് ഏപ്രില്‍ ആദ്യത്തെ ആഴ്ച്ച രണ്ടു ദിവസം യുഎഇയില്‍ അവധിയായിരിക്കും.

ഓഗസ്റ്റ് 10- അറഫാ ദിനം- ഹജ്ജിന്റെ രണ്ടാമത്തെ ദിവസമാണ് അറഫാ ദിനം. ഈദുല്‍ അദ്ഹാ അഥവാ ബലിപെരുന്നാളിന്റെ മുമ്പുളള ദിവസമാണ് അറഫാ ദിനം.
അറഫാ ദിനത്തിലാണ് ഹാജിമാര്‍ മിനയില്‍ നിന്ന് അറഫാ പര്‍വ്വതത്തിലേക്ക് പോവുന്നത്. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മങ്ങളിലൊന്നാണിത്.

 
ഓഗസ്റ്റ് 11- ഈദുല്‍ അദ്ഹാ- ഈദുല്‍ അദ്ഹാ അഥവാ ബലിപെരുന്നാള്‍ ഇസ്ലാമിക ആഘോഷങ്ങളിലൊന്നാണ്. പ്രവാചകന്‍ ഇബ്രാഹിമിനെയും പ്രവാചകന്റെ ത്യാഗ മനസ്‌കതയെയും സ്മരിക്കാനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അറഫാ ദിവസമടക്കം മൂന്ന് ദിവസം തുടര്‍ച്ചയായി യുഎഇയില്‍ അവധി ദിനങ്ങളായിരിക്കും.

സെപ്തംബര്‍ 1- ഹിജ്‌റ വര്‍ഷാരംഭം- മുഹര്‍റം ഒന്നാണ് ഇസ്ലാമിക്ക് കലണ്ടറിലെ പുതുവര്‍ഷം. മുഹര്‍റം ഒന്ന് ഞായറാഴ്ചയാവുകയാണെങ്കില്‍ ശനിയാഴ്ച്ച ഒഴിവുളളവര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.  

നവംബര്‍ 9- നബിദിനം- നബിദിനവും ഇസ്ലാമിക അവധി ദിനങ്ങളിലൊന്നാണ്. പ്രവാചകന്‍ മുഹമ്മദ് ജനിച്ച ദിവസമാണ് നബിദിനം. അറബിക് കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12 നാണ് നബിദിനം. ഇക്കൊല്ലം, ശനിയാഴചയാവും നബിദിനം എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

നവംബര്‍ 30-രക്തസാക്ഷി ദിനം- യുഎഇക്ക് വേണ്ടി ജീവന്‍ ബലി നല്‍കിയവരെ അനുസ്മരിക്കാനുളള ദിനമാണ് രക്തസാക്ഷി ദിനം. 2015 ല്‍ ശൈഖ് ഖലീഫ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ആണ് രക്തസാക്ഷി ദിനാചരണം തുടങ്ങിയത്.

ഡിസംബര്‍ 2- യുഎഇ ദേശീയ ദിനം- എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആചരിക്കപ്പെടുന്നത്. ഈ വര്‍ഷം യുഎഇയുടെ 48ാ മത്തെ ജന്‍മദിനമാണ്.  

രക്തസാക്ഷി ദിനവും ദേശീയ ദിനവുമല്ലാത്തവ ചന്ദ്രന്റെ പിറവിക്ക് അനുസരിച്ച് മാറാന്‍ സാധ്യതയുണ്ട്.
 

Latest News