റാണ ദഗ്ഗുബാട്ടി പുതിയ സിനിമാ ചിത്രീകരണത്തിന് കേരളത്തില്‍ 

പത്തനംതിട്ട: ബാഹുബലിയിലെ ഭല്ലാലദേവനെ അവതരിപ്പിച്ച് മലയാളികളുടെയും പ്രിയം നേടിയ താരമാണ് തെലുങ്ക് അഭിനേതാവ് റാണ ദഗ്ഗുബാട്ടി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലുണ്ട് ഇപ്പോള്‍ റാണ. ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.
തമിഴ് സംവിധായകന്‍ പ്രഭു സോളമന്‍ ബഹുഭാഷകളില്‍ ഒരുക്കുന്ന 'ഹാഥി മേരേ സാഥി'യാണ് റാണയുടെ പുതിയ ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. കോഴഞ്ചേരിയിലാണ് കേരളത്തിലെ പ്രധാന ചിത്രീകരണം. കാടിന്റെ ചിത്രം ഉള്‍പ്പെടെയാണ് റാണ കേരളത്തില്‍ ചിത്രീകരണത്തിന് എത്തിയ കാര്യം അറിയിച്ചത്.
വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് ഹാഥി മേരേ സാഥി. കാടന്‍ എന്നാണ് തമിഴില്‍ ചിത്രത്തിന്റെ ടൈറ്റില്‍. ആരണ്യ എന്ന് തെലുങ്കിലും. വിവിധ ഭാഷകളില്‍ പല കഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത താരങ്ങള്‍ എത്തും. പുല്‍കിത് സമ്രാട്ട് ഹിന്ദിയില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ വിഷ്ണു വിശാലും തെലുങ്കില്‍ രഘു ബാബുവുമാണ് അവതരിപ്പിക്കുന്നത്. റാണ ദഗ്ഗുബാട്ടിയ്‌ക്കൊപ്പം സോയ ഹുസെയ്ന്‍, കല്‍കി കേക്‌ലാന്‍ എന്നിവര്‍ മൂന്ന് ഭാഷകളിലും അഭിനയിക്കും.

Latest News