ദേശീയ പണിമുടക്ക് രണ്ടാം ദിവസം; ബംഗാളില്‍ ഹെല്‍മെറ്റ് ധരിച്ച് ഡ്രൈവര്‍മാര്‍

ന്യൂദല്‍ഹി- പത്ത് ദേശീയ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോള്‍ സമ്മിശ്ര പ്രതികരണം. കേരള, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളില്‍ പണിമുടക്ക് രണ്ടാം ദിവസവും ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു. പശ്ചിമ ബംഗാളിലും രാജസ്ഥാനിലും വ്യാപക അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍.എസ്.എസിന്റെ ഭാരതീയ മസ്ദൂര്‍ സംഘ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂനിയനുകളാണ് ബി.ജെ.പി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പണിമുടക്ക് ആഹ്വാനം ചെയ്തത്. മിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പണിമുടക്ക് ഭാഗികമായി ജനജീവിതത്തെ ബാധിച്ചു.

പശ്ചിമ ബംഗാളിലെ ഷാന്‍പുര്‍ മോര്‍ പ്രദേശത്ത് ബസിനു നേരേയുണ്ടായ കല്ലേറില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പ്രതിഷേധം തുടരുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ച് ബസുകള്‍ ഓടിക്കാനാണ് സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

 

Latest News