തൃശൂര്‍ - തൊയക്കാവ് കോഴിപ്പറമ്പ് ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തവും പിഴയും ശിക്ഷ. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയേയും മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമബംഗാള്‍ സ്വദേശി സോജി ബുള്‍ അലി മണ്ഡലിനെ(26)യാണ് തൃശൂര്‍ അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വീടു തീവെച്ചതിന് പത്തുവര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
2015 ഏപ്രില്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ വീട്ടിനകത്ത് കയറിയ പ്രതി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വെങ്കിടങ്ങ് പുതുവച്ചോലയില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു, മകള്‍ സീന എന്നിവരെയാണ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകങ്ങൡ കലാശിച്ചത്. ഇവരുടെ അയല്പക്കത്ത് വീടുപണിക്കു വന്ന പ്രതിക്ക് സീനയെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സീനയുടെ വീട്ടുകാര്‍ ഈ ആവശ്യം നിരാകരിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെട്രോളൊഴിച്ച തീകൊളുത്തിയതിനെ തുടര്‍ന്ന് കുഞ്ഞിപ്പാത്തുവിന്റെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ സീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
കേസില്‍ ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രോസിക്യൂഷന് ഭാഗത്തു നിന്ന് 36 സാക്ഷികളുടെ മൊഴികളും ഹാജരാക്കിയ രേഖകളും പരിശോധിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.






