മഞ്ചേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

മഞ്ചേരി-  മഞ്ചേരിക്കടുത്തു പയ്യനാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു.  ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ആക്രമണമുണ്ടായത്. പയ്യനാട് സ്വദേശി അര്‍ജുന (23)നാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യനാട് പലചരക്കു കട നടത്തുന്ന അര്‍ജുനനോടു കടയടക്കാന്‍ സമരാനുകൂലികള്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നറിയുന്നു. കൈകാലുകള്‍ക്കു വെട്ടേറ്റ യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പിന്നീട് കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു.  
കഴിഞ്ഞ ദിവസം ഇവിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സെയ്തലവിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സംഭവ സ്ഥലത്തു മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐ കെ. അബ്ദുല്‍ ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് കനത്ത കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് വധശ്രമത്തിനു കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

 

Latest News