ദമാം- തമിഴ്നാട് സ്വദേശിനി തമിഴ് ശെൽവിയെ രക്ഷപ്പെടുത്തി റിയാദിലെ ഇന്ത്യൻ എംബസി ഷെൽട്ടറിൽ എത്തിച്ച ദമാമിലെ സാമൂഹ്യ പ്രവർത്തകൻ മണിക്കുട്ടനെതിരെയുള്ള കേസ് ഖുറയാത്ത് പോലീസ് പിൻവലിച്ചു. ശെൽവിയുടെ സ്പോൺസർ ആവശ്യപ്പെട്ട 16,000 റിയാൽ ഇന്നലെ പോലീസ് സ്റ്റേഷനിൽ നൽകിയതോടെയാണ്്് കേസ് ഒഴിവായത്. പത്ത് മാസം മുൻപാണ് ശെൽവി ഖുറയാത്ത് ഒലിയയിൽ വീട്ടുവേലക്കായി എത്തിയത്്. കഠിനമായ ജോലിയും പീഡനവും കാരണം ബുദ്ധിമുട്ടിലായ തമിഴ് ശെൽവി റിയാദിലെ ഇന്ത്യൻ എംബസി ഓൺലൈൻ പോർട്ടലിൽ പരാതി നൽകിയതിനെ തുടർന്ന് ശെൽവിയെ നാട്ടിലെത്തിക്കുന്നതിന് സഹായിക്കാൻ കേസിൽ ഇടപെടുന്നതിന് സാമൂഹ്യ പ്രവർത്തക മഞ്ജുവിന് എംബസി അനുമതി പത്രം നൽകുകയായിരുന്നു. എംബസിയുടെ നിരന്തര ആവശ്യത്തെത്തുടർന്ന് മഞ്ജുവും ഭർത്താവും സാമൂഹ്യ പ്രവർത്തകനുമായ മണിക്കുട്ടനും ദമാമിൽ നിന്നും 350 കിലോമീറ്റർ ദൂരത്തുള്ള ഖുറയാത്തിലെത്തി ഷെൽവിയെ രക്ഷപ്പെടുത്തി റിയാദിലെ എംബസി ഷെൽട്ടറിൽ എത്തിക്കുകയായിരുന്നു. ശെൽവിയെ കാണാത്തതിനെ തുടർന്നുള്ള സപോൺസറുടെ അന്വേഷണത്തിൽ വീടിനു പുറത്തു സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ മണിക്കുട്ടൻ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിയുകയും തുടർന്ന് സ്പോൺസർ പോലീസിൽ പരാതി നൽകി മണിക്കുട്ടനെതിരെ കേസെടുത്ത് സിസ്റ്റം ബ്ലോക്ക് ചെയ്യുകയും ശെൽവിയെ ഹുറൂബാക്കുകയും ചെയ്തിരുന്നു. ഖുറയാത്ത് ഉലയ പോലീസ് മണിക്കുട്ടന്റെ സ്പോൺസറെ ബന്ധപ്പെട്ടു മണിക്കുട്ടനെ ഹാജരാക്കാൻ ആവശ്യപ്പെട്ടു. അതു പ്രകാരം എംബസി ഉദ്യോഗസ്ഥൻ ഖലീൽ, സാമൂഹ്യ പ്രവർത്തകരായ ഷാജി മതിലകം, എബ്രഹാം വലിയകാല, മഞ്ജു മണിക്കുട്ടൻ, സ്പോൺസർ എന്നിവരുടെ സാന്നിധ്യത്തിൽ മണിക്കുട്ടനെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. നിരന്തര അനുരഞ്ജന ചർച്ചക്കൊടുവിൽ വിസക്ക് ചെലവായ 16,000 റിയാൽ ശൽവിയുടെ സ്പോൺസർക്ക് നൽകാമെന്ന് സമ്മതിക്കുകയും മണിക്കുട്ടന്റെ സ്പോൺസർ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തതോടെ ജയിലിലടക്കാതെ തിരിച്ചയക്കുകയായിരുന്നു. ഈ പണം നൽകാൻ കഴിയില്ലെന്ന് എംബസി അറിയിച്ചതോടെ മണിക്കുട്ടൻ പ്രതിസന്ധിയിലായി. എംബസിയുടെ വാക്കു കേട്ട് ഇറങ്ങിപ്പുറപ്പെട്ട മണിക്കുട്ടൻ എങ്ങനെ പണം കണ്ടെത്തും എന്നറിയാതെ നട്ടം തിരിയുമ്പോഴാണ് ചില അഭ്യുദയകാംക്ഷികൾ ചേർന്ന് വായ്പയായി തുക സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ നൽകിയത്. ഇത് സംബന്ധിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ട് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് നവയുഗം നേതാക്കളുടെ അഭ്യർഥനയെ തുടർന്ന് നോർക്കയും മുഖ്യമന്ത്രിയുടെ ഓഫീസും ഇന്ത്യൻ എംബസിക്ക് കത്തയച്ചിട്ടുണ്ട്.






