കൊച്ചി- ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ 5000 രൂപ ആവശ്യപ്പെട്ട് ഭീഷണി പെടുത്തുകയും ചെയ്ത യുവാവിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഏരൂർ കണിയാമ്പുഴ സ്വദേശി അഖിൽ (23) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരിയിൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുകയും തുടർന്ന് കൂട്ടുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷം എളമക്കരയിൽ ഉള്ള ഒരു സർവീസ് അപ്പാർട്മെന്റിൽ ഒയോ വഴി റൂം ബുക്ക് ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കല്യാണം കഴിക്കാമെന്നു വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തിയത്. പുതുവത്സര തലേന്ന് ഞാറക്കൽ സ്വദേശിനിയായ പെൺകുട്ടി പഠനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന സമയത്ത് പ്രതി പറവൂർതാലൂക്ക് ഓഫീസ് ഭാഗത്ത് വച്ച് പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട താലൂക്ക് ജീവനക്കാർ പറവൂർ പൊലീസിനെ അറിയിക്കുകയും തുടർന്ന് കേസ് എടുത്ത് എളമക്കരക്ക് കൈമാറുകയും ആയിരുന്നു. എസ്ഐ പ്രജീഷ് ശശി, എഎസ്ഐമാരായ രഘുനന്ദൻ, വിനോദ്, പൊലീസുകാരായ സുധീഷ്, ദിപിൻ, അമൽദാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.